മെൽബൺ: ഓസ്‌ട്രേലിയയിൽ യാത്രക്കാർക്കു മുന്നിലിട്ട് ഇന്ത്യൻ വംശജനായ ബസ് ഡ്രൈവറെ ചുട്ടുകൊന്നു. ക്വീൻസ്ലാൻഡിലാണ് 29കാരനായ മന്മീത് അലീഷറെ ജീവനോടെ തീകൊളുത്തി കൊന്നത്.

കൊലപാതകിയെന്ന് സംശയിക്കുന്നയാളെ തൊട്ടടുത്ത സ്റ്റോപ്പിൽ നിന്നും പൊലീസ് പിടികൂടി. കൊലപാതക കാരണം വ്യക്തമായിട്ടില്ല.

ബ്രിസ്ബെയ്നിൽ നിന്നുള്ള പഞ്ചാബി കുടുംബാംഗമാണ് അലീഷർ. ഓസ്ട്രേലിയയിലെ പഞ്ചാബി സമൂഹത്തിനിടയിൽ അറിയപ്പെടുന്ന ഗായകൻ കൂടിയാണ് അലീഷർ. സർക്കാർ വാഹനമാണ് അലീഷർ ഓടിച്ചിരുന്നത്. പഞ്ചാബിലെ സഗ്രൂരിൽ നിന്ന് ഒമ്പത് വർഷം മുമ്പാണ് മന്മീത് അലീഷർ ഓസ്ട്രേലിയയിലെത്തിയത്.

യാത്രക്കാരെ കയറ്റാനായി വാഹനം നിർത്തിയ സമയത്തായിരുന്നു ആക്രമണം. അക്രമം നടക്കുമ്പോൾ ബസിൽ ആറു യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊലപാതകത്തിനിടെ ബസിലുണ്ടായിരുന്ന യാത്രക്കാരിൽ പുക ശ്വസിച്ചതിനെ തുടർന്ന് ശ്വാസ തടസം നേരിട്ട ഏതാനുംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.