അബുദാബി: സ്വന്തം നാടുവിട്ട് അറബ് രാഷ്ട്രങ്ങളിൽ മലയാളികൾ ജോലി ചെയ്യാൻ പോകുന്നത് പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. സ്വന്തക്കാർക്കൊപ്പം നല്ല ജീവിതം ലക്ഷ്യം കാണുമ്പോൾ തന്നെ ചിലർ വഴിവിട്ട മാർഗ്ഗങ്ങളും ഇതിനായി ചെയ്യും. പിടിക്കപ്പെട്ടാൽ പിന്നെ ജയിൽ തന്നെയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, ഇന്ത്യൻ സർക്കാറിന് വേണ്ടി ചാരപ്പണി നടത്തിയ മലയാളിയെ രക്ഷിക്കാൻ യാതൊരു ശ്രമവും നടത്താതെ എംബസിയും കൈയൊഴിഞ്ഞ സംഭവവും പുറത്തുവന്നു.

ചാരപ്പണി നടത്തിയെന്ന കുറ്റത്തിനാണ് മലയാളിക്ക് പത്ത് വർഷം തടവും അഞ്ച് ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചത്. യുഎഇലെ അബുദാബിയിലാണ് സംഭവം. തടവു ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. സായിദ് തുറമുഖത്ത് ജോലി ചെയ്തിരുന്ന മുഹമ്മദ് ഇബ്രാഹിം എന്ന വ്യക്തിക്കാണ് ശിക്ഷ വിധിച്ചത്. അബുദാബിയിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകളുടെ വിവരങ്ങൾ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥന് കൈമാറിയെന്ന കേസിലാണ് മുഹമ്മദ് ഇബ്രാഹിമിനെ ഫെഡറൽ സുപ്രീം കോടതി ശിക്ഷിച്ചത്.

മകളുടെ പാസ്‌പോർട്ട് അപേക്ഷ വേഗത്തിലാക്കുന്നതിനായി വിവരങ്ങൾ നൽകുവാൻ നിർബന്ധിതനാകുകയായിരുന്നു താനെന്ന് മുഹമ്മദ് ഇബ്രാഹിം കോടതിയിൽ പറഞ്ഞു. തുറമുഖത്തെ ഇലക്ട്രോണിക് സംവിധാനം അനുമതിയില്ലാതെ ഉപയോഗിച്ച് വിവരങ്ങൾ കൈവശമാക്കിയെന്ന് കോടതിയിൽ വ്യക്തമായിരുന്നു. തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

തന്റെ കക്ഷി ചെറിയ കുറ്റം മാത്രമാണ് ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുറമുഖം വഴി ആയിരക്കണക്കിന് തൊഴിലാളികളും ജീവനക്കാരും ദിനേന കടന്നുപോകുന്നതാണ്. ഏതെങ്കിലും കപ്പലുകൾ വരുന്നു, പോകുന്നു എന്നീ വിവരങ്ങളെല്ലാം വാർത്താ ഏജൻസികൾക്ക് അറിയാമെന്നും അഭിഭാഷകൻ വാദിച്ചിരുന്നു.

എന്തായാലും പ്രവാസികൾക്ക് എന്ത് പ്രശ്‌നമുണ്ടായാലും ഓടിയെത്തേണ്ട് ഇന്ത്യൻ എംബസിയുടെ വാക്കുകൾ കേട്ടതാണ് മലയാളിയായ യുവാവിന് വിനയായത് എന്നാണ് പൊതുവിലയിരുത്തൽ. ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരമായിരുന്നു ഇബ്രാഹിം ചാരപ്പണി നടത്തിയതും. എന്നാൽ പ്രശ്‌നം കോടതിയിൽ എത്തിയതോടെ എംബസി ഉദ്യോഗസ്ഥർ കൈയൊഴിയുകയായിരുന്നു.