- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിബിസി വീണ്ടും ഇന്ത്യയെ കീറി മുറിച്ചു; പരാതിയുമായി ബ്രിട്ടനിലെ ഇന്ത്യക്കാർ കരുത്തു കാട്ടിയപ്പോൾ കയ്യോടെ നിരുപാധിക ക്ഷമ യാചനവും; ഒരേ അബദ്ധം പല തവണ ആവർത്തിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല; ഒരു വശത്തു ഇന്ത്യയെ ലോകത്തിന്റെ 'ഫാർമസി' എന്ന് വിളിച്ചു സുഖിപ്പിക്കലും മറുവശത്തു അവഹേളനവും
ലണ്ടൻ: ബിബിസി ഇന്ത്യയെ വീണ്ടും വെട്ടിമുറിച്ചിരിക്കുന്നു. നാലു ദിവസം മുൻപ് പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അധികാരം ഏൽക്കുന്നതോടെ ലോക രാജ്യങ്ങളുമായുള്ള ബന്ധത്തിൽ എന്ത് സംഭവിക്കും എന്ന രാഷ്ട്രീയ വിശകലന വാർത്തക്കിടയിലാണ് ഇന്ത്യയെ കശ്മീർ വെട്ടിമുറിച്ച നിലയിൽ ബിബിസി ചിത്രീകരിച്ചത്. ഒറ്റനോട്ടത്തിൽ തികച്ചും മാനുഷികമായ ഒരബദ്ധം. എന്നാൽ തുടർച്ചയായി ഒരേ വിധമുള്ള ഇത്തരം അബദ്ധങ്ങൾ ബിബിസി പോലെ ഉത്തരവാദപ്പെട്ട ഒരു മാധ്യമത്തിൽ നിന്നും സംഭവിക്കുന്നു എന്നതാണ് ഇപ്പോൾ ചർച്ച വിഷയം. അനേകം പേരുടെ കൈകളിൽ കൂടി സഞ്ചരിച്ചു ഒരു വാർത്ത ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തുന്നതിനിടയിലാണ് ഇത്തരം ഒരബദ്ധം സംഭവിച്ചത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. ഏതായാലും വിഡിയോ റിപ്പോർട്ട് ബ്രിട്ടനിലെ ഇന്ത്യക്കാർക്കിടയിൽ വലിയ പ്രതിഷേധം ഉയർത്തിയതോടെ സംഭവത്തിൽ മാപ്പു പറഞ്ഞു തലയൂരാൻ നോക്കുകയാണ് ബിബിസി.
തുടക്കത്തിൽ പ്രതിഷേധങ്ങൾക്കു നേരെ കണ്ണടച്ച ബിബിസി പാർലിമെന്റ് അംഗം വീരേന്ദ്ര ശർമ്മ ഔദ്യോഗികമായി പരാതി നൽകിയതോടെ തെറ്റിൽ മാപ്പു പറയാൻ ബിബിസി നിർബന്ധിതം ആയതു എന്നതും ശ്രദ്ധേയമാണ്. ഇതോടെ എന്തുകൊണ്ട് വീരേന്ദ്ര ശർമ്മ അടക്കമുള്ള ഇന്ത്യൻ വംശജർ എന്തുകൊണ്ട് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പ്രസ്ക്തമാണ് എന്ന ഉത്തരം കൂടിയാണ് ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിനു ലഭിക്കുന്നതും. യുഎസ് ഇലക്ഷൻ 2020 എന്ന ടൈറ്റിലിൽ ലോകരാജ്യങ്ങളെ ബൈഡൻ ഭരണം എപ്രകാരം സ്വാധീനിക്കും എന്ന മൂന്നു മിനിറ്റ് 58 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ന്യൂസിൽ ഒരു മിനിറ്റ് 30 സെക്കൻഡ് എത്തുമ്പോഴാണ് ഇത്യയെക്കുറിച്ചുള്ള പരാമർശവും തലവെട്ടിമാറ്റിയ ഭൂപടം കാണിച്ചു ബിബിസി പൊല്ലാപ്പിലായതു.
വാർത്ത പുറത്തു വന്ന ഉടൻ തന്നെ പ്രതിഷേധവും ആരംഭിച്ചു. എന്നാൽ. പതിവ് പോലെ കണ്ടില്ലെന്നു നടിച്ച ബിബിസിക്ക് പാർലിമെന്റ് അംഗത്തിന്റെ പരാതി കണ്ടില്ലെന്നു നടയ്ക്കാനാവില്ലായിരുന്നു. ഇതോടെയാണ് കയ്യോടെ മാപ്പു പറഞ്ഞു തലയൂരാൻ ശ്രമം ഉണ്ടായതു. ഇത് ആദ്യവട്ടമല്ല ബിബിസി ഇത്തരത്തിൽ അപഹാസ്യരാകുന്നത്. പലപ്പോഴും കാശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം കാണിക്കുമ്പോൾ തന്നെയാണ് വിവാദം ഉണ്ടാകുന്നത് എന്നതും പ്രധാനമാണ്. ഒരേ തെറ്റ് പലവുരു ആവർത്തിക്കുന്നത് എന്ത് കാരണത്താൽ ആണെന്ന് വ്യക്തമാക്കാനും ബിബിസിക്ക് കഴിയുന്നില്ല. ഇന്ത്യ വിരുദ്ധരായ ആളുകളാണോ ബിബിസി തലപ്പത്തു ജോലിക്കിരുത്തിയിരിക്കുന്നത് എന്നും ബ്രിട്ടനിലെ ഇന്ത്യക്കാർ രോക്ഷകുലരാകുന്നത് ഇക്കാരണത്താലാണ്. പരസ്പര ബഹുമാനവും നയതന്ത്രവും മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ദേശ സ്നേഹികളായ ഇന്ത്യക്കാരെ അവഹേളിക്കുന്ന പണി ബിബിസി ചെയ്യുന്നത് എന്തുകൊണ്ടെന്നും പരാതിക്കാർ ചോദിക്കുന്നു.
മുൻപ് പൗരത്വ ബിൽ സമയത്തും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴും പക്ഷപാതപരമായ റിപ്പോർട്ടിങ്ങിനു ബിബിസി ഏറെ പഴി കേട്ടതാണ്. ഇന്ത്യയിൽ പ്രക്ഷോഭം ഉടലെടുത്തപ്പോൾ അതിനു തീ കത്തിക്കും വിധമാണ് ബിബിസി റിപ്പോർട്ടിങ് നടത്തിയതെന്നായിരുന്നു വിമർശക ശബ്ദം. കാശ്മീർ വിഷയത്തിൽ വാർത്തകൾ നൽകുമ്പോൾ പലപ്പോഴും ഇന്ത്യൻ അധീനതയിൽ ഉള്ള കാശ്മീരിനെ പാക്കിസ്ഥാനോടൊപ്പം ചേർത്ത് കാണിക്കുന്ന നിലപാട് ബിബിസി ആവർത്തിക്കുന്നതാണ് ഓരോ തവണയും വിമർശകരെ ചൊടിപ്പിക്കുന്നതും. ഇപ്പോൾ സംഭവിച്ചത് പോലെ തന്നെ പലപ്പോഴും മാപ്പുപറഞ്ഞു തടിയൂരലും ബിബിസി ആവർത്തിക്കുകയാണ്. ലോകത്തെ ആറു പ്രധാന മേഖലകളിലെ റിപോർട്ടർമാരെ ചേർത്തുകൊണ്ടുള്ള ബിബിസി വാർത്തയാണ് ഇപ്പോൾ തലവെട്ടിയ ഇന്ത്യയുടെ പേരിൽ വിവാദമായി മാറിയത് . ഇതിനെതിരെ ബിബിസിയുടെ പരാതി വിഭാഗത്തിൽ കൂട്ടമായി പ്രതിഷേധം അറിയിച്ചാണ് യുകെയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ തങ്ങളുടെ പ്രതിഷേധം വക്തമാക്കിയതും.
ഇത്തവണ സംപ്രേഷണം ചെയ്ത ഭൂപടത്തിൽ ജമ്മു കാശ്മീരിനെ ഏറെക്കുറെ പൂർണമായും അടർത്തി മാറ്റിയതും പ്രതിഷേധത്തിനു ആക്കം കൂട്ടാൻ കാരണമായി. ഇൻഡോ ബ്രിട്ടീഷ് ഓൾ പാർട്ടി പാർലിമെന്ററി ഗ്രൂപ്പ് ചെയർമാൻ കൂടി ആയ വീരേന്ദ്ര ശർമ്മ റിപ്പോർട്ട് തികച്ചും അവഹേളനം ആണെന്ന് ചൂണ്ടിക്കാട്ടി ബിബിസി ഡയറക്ടർ ജനറൽ ടിം ഡെവിയോട് വിശദീകരണം ആവശ്യപ്പെടുക ആയിരുന്നു. റിപ്പോർട്ട് പിൻവലിച്ചു ഇന്ത്യയുടെ പൂർണ ഭൂപടം സംപ്രേഷണം ചെയ്യാനും അദ്ദേഹം കത്തിൽ ആവശ്യപ്പെടുക ആയിരുന്നു. തുടർച്ചയായി ബിബിസി ഇന്ത്യ വിരുദ്ധ നിലപാട് എടുക്കുന്ന കാര്യവും ഇന്റർനാഷണൽ ഡെവലപ്മെന്റ് സെലക്ട് കമ്മിറ്റി അംഗം കൂടിയായ വീരേന്ദ്ര ശർമ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .
ഇന്ത്യയെ കുറിച്ചുള്ള റിപ്പോർട്ട് നൽകുമ്പോൾ ഉപയോഗിക്കുന്ന സാധാരണ മാപ്പല്ല ഇത്തവണ ഉൾപ്പെടുത്തിയതെന്നും തെറ്റ് പറ്റിയതിൽ ഖേദിക്കുന്നതായും ബിബിസി കത്ത് കിട്ടിയ ഉടൻ വെളിപ്പെടുത്തുക ആയിരുന്നു . തെറ്റായ ഭൂപടം പ്രദർശിപ്പിച്ച ഭാഗം വാർത്തയിൽ നിന്നും നീക്കം ചെയ്തെന്നാണ് ബിബിസി വക്തമാക്കുന്നത് . എന്നാൽ കാശ്മീരിന് മുകളിലൂടെ തർക്ക പ്രദേശം എന്ന് വക്തമാകത്തക്ക വിധം കുത്തുകളിട്ടു പ്രദര്ശിപ്പിക്കുകയാണ് മാറ്റം വരുത്തിയ വിഡിയോ റിപ്പോർട്ടിൽ ബിബിസി ചെയ്തിരിക്കുന്നത് . ഒരു ഭാഗത്തു ഇന്ത്യ ലോകത്തിന്റെ ഫാർമസി എന്നൊക്കെ വിളിച്ചു സുഖിപ്പിക്കുന്ന പരിപാടി ബ്രിട്ടൻ ആവർത്തിക്കുമ്പോൾ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമം കൊളോണിയൽ കാലത്തു തന്നെ ചുവടുറപ്പിക്കുന്ന കാഴ്ചയാണ് ഇത്തരം നിലപാടുകൾ വഴി ആവർത്തിക്കുന്നതെന്നും ഇന്ത്യക്കു വേണ്ടി ശബ്ദം ഉയർത്തുന്നവർ വക്തമാക്കുന്നത്.