- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ തിരിച്ചെത്തിയാൽ സർക്കാർ കടം വീട്ടുമോ? പുര നിറഞ്ഞു നിൽക്കാതെ വേറെ പണി കണ്ടെത്തിത്തരുമോ? പ്രതീക്ഷയില്ലാതെ അനേകം മലയാളി നഴ്‌സുമാർ ഇപ്പോഴും യുദ്ധഭൂമിയിൽത്തന്നെ തുടരുന്നുവെന്ന് റിപ്പോർട്ട്
യെമനിലെ യുദ്ധഭൂമിയിൽനിന്ന് സ്വന്തം പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ കിണഞ്ഞു പരിശ്രമിക്കുമ്പോഴും, ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ് അവിടുത്തെ മലയാളി നഴ്‌സുമാരിൽ വലിയൊരു ഭാഗവും. യുദ്ധവും അക്രമങ്ങളും അവസാനിക്കുമെന്നും വീണ്ടും പഴയതുപോലെ ജോലി ചെയ്ത് ജീവിക്കാമെന്നുമുള്ള വിശ്വാസം കൊ
യെമനിലെ യുദ്ധഭൂമിയിൽനിന്ന് സ്വന്തം പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ കിണഞ്ഞു പരിശ്രമിക്കുമ്പോഴും, ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ് അവിടുത്തെ മലയാളി നഴ്‌സുമാരിൽ വലിയൊരു ഭാഗവും. യുദ്ധവും അക്രമങ്ങളും അവസാനിക്കുമെന്നും വീണ്ടും പഴയതുപോലെ ജോലി ചെയ്ത് ജീവിക്കാമെന്നുമുള്ള വിശ്വാസം കൊണ്ടല്ല, മറിച്ച് നാട്ടിലെത്തിയാൽ എന്താകും ഭാവിയെന്നറിയാത്തതുകൊണ്ടുള്ള അനിശ്ചിതത്വമാണ് യുദ്ധഭൂമിയിൽത്തന്നെ തുടരാൻ ഇവരെ നിർബന്ധിതരാക്കുന്നത്.
ലക്ഷങ്ങൾ കടം വാങ്ങിയാണ് പലരും ഇവിടെ ജോലിക്കെത്തിയിട്ടുള്ളത്. നാട്ടിൽ തിരിച്ചെത്തിയാൽ ഈ കടം ആരുവീട്ടുമെന്ന ചോദ്യം ശേഷിക്കുന്നു. തിരിച്ചെത്തിയാൽ കുടുംബത്തെ പോറ്റാനുള്ള ജോലി കിട്ടുമോ എന്ന പ്രശ്‌നവും ബാക്കി. മുമ്പ് ഇറാഖിൽനിന്നും സിറിയയിൽനിന്നും മടങ്ങിയെത്തിയ നഴ്‌സുമാർക്കുണ്ടായ അനുഭവങ്ങൾ ഇവരെ യെമനിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുകയാണ്.
ഇതിനകം നാലായിരത്തോളം ഇന്ത്യക്കാരെ യെമനിൽനിന്ന് പല മാർഗങ്ങളിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, ഇനിയും ആയിരത്തിലേറെ നഴ്‌സുമാർ അവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. ജീവിതമെന്ന വലിയ പ്രതിസന്ധി മുന്നിൽ വാ പിളർന്നുനിൽക്കുമ്പോൾ, ഹൂതികളുടെയും സർക്കാർ സേനയുടെയും സഖ്യകക്ഷി സൈന്യത്തിന്റെയും ആക്രമണം അവരെ ഭയപ്പെടുത്തുന്നതേയില്ല.
രൂക്ഷമായ പോരാട്ടം നടക്കുന്ന ഏദനിലെ അൽ നഖീബ് ആശുപത്രിയിലാണ് മലയാളിയായ മെലിജോ ജോയ് ജോലി ചെയ്യുന്നത്. ഇവിടെത്തന്നെ തുടരാനാണ് തന്റെ തീരുമാനമെന്ന് മെലിജോ പറയുന്നു. വേണമെങ്കിൽ, 349 പേരെ ഏദനിൽ നിന്ന് ഒഴിപ്പിച്ച യുദ്ധക്കപ്പലിൽ കയറി മെലിജോയ്ക്കും ഇന്ത്യയിലെത്താമായിരുന്നു. പക്ഷേ, ജീവിക്കാനൊരു സമ്പാദ്യമെന്ന സ്വപ്‌നം കണ്ടെത്തിയ മെലിജോയ്ക്ക് അതിനായില്ല.
ഡൽഹിയിൽ എത്ര വലിയ ആശുപത്രിയായാലും 25,000 രൂപയിൽ കൂടുതൽ ശമ്പളം കിട്ടില്ല. ജീവിക്കാൻ അതുതന്നെ മതിയാകില്ല. എന്നാൽ, യെമനിൽ എനിക്ക് ജീവിക്കാനും സമ്പാദിക്കാനുമുള്ള വക കിട്ടുന്നുണ്ട്. വീട്ടിലേക്ക് നല്ലൊരു സംഖ്യ അയക്കാനും പറ്റുന്നു. റിക്രൂട്ടിങ് ഏജന്റിന് ഒന്നരലക്ഷത്തോളം രൂപ കൊടുത്തിട്ടാണ് മെലിജോയ്ക്ക് യെമനിൽ ജോലി കിട്ടിയത്. ആ കടമൊക്കെ വീട്ടാതെ നാട്ടിലേക്ക് മടങ്ങാനാവില്ലെന്ന് ഈ യുവാവ് പറയുന്നു.
ഓരോ വർഷവും പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് നഴ്‌സിങ് വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും വിദേശത്ത് ജോലി തേടിപ്പോവുകയാണ് ചെയ്യുന്നത്. റിക്രൂട്ടിങ് ഏജന്റുമാർക്ക് ലക്ഷങ്ങൾ കൊടുത്താണ് ജോലി തരപ്പെടുത്തുന്നത്. പഠിക്കാൻ വേണ്ടിയെടുത്ത വായ്പയും റിക്രൂട്ടിങ് ഏജന്റിന് കൊടുത്ത തുകയും വീട്ടാൻ തന്നെ വർഷങ്ങൾ വേണ്ടിവരും.
സനയിൽനിന്ന് എയർ ഇന്ത്യയുടെ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിവരികയാണ് സിനി ജോസഫ് എന്ന മലയാളി നഴ്‌സ്. എന്നാൽ, മകൾ തിരിച്ചെത്തിയാൽ എങ്ങനെ ജീവിക്കുമെന്ന് അറിയില്ലെന്ന് സിനിയുടെ അച്ഛൻ പറയുന്നു. കുടുംബത്തെ പോറ്റാനായി കടൽ കടന്നുപോയ മകൾ വെറുംകൈയോടെ തിരിച്ചുവരുമ്പോൾ, ഭാവിയിലേക്ക് നോക്കി തരിച്ചിരിക്കുകയാണ് കുടുംബമൊന്നാകെ.
ഈ അനിശ്ചിതാവസ്ഥയാണ് മെലിജോയെപ്പോലെ ആയിരത്തോളം മലയാളി നഴ്‌സുമാരെ യുദ്ധഭൂമിയിൽ തുടരാൻ പ്രേരിപ്പിക്കുന്നത്. നാട്ടിൽനിന്നുള്ള തേങ്ങിക്കരച്ചിലുകളോടെയുള്ള ഫോൺ വിളികൾ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. ഓരോ പോർവിമാനവും മൂളിപ്പറക്കുമ്പോൾ ജീവിതം തീർന്നുവെന്ന ആശങ്ക അവരെ പൊതിയാറുമുണ്ട്. എന്നാൽ, അതിനൊക്കെയപ്പുറത്താണ് ജീവിതമെന്ന് അവർ കരുതുന്നു. ഈ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ സർക്കാർ ഉറച്ചൊരു കൈ നീട്ടുന്നതുവരെ അവർക്കവിടെ തുടർന്നേ പറ്റൂ.