കുവൈറ്റ്:ഇന്ത്യയിൽ നിന്നുള്ള നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യമന്ത്രിയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ്. റിക്രൂട്ട്‌മെന്റ് ക്രമക്കേടുകളിൽ കൂട്ടുനിന്നുവെന്നാണ് മന്ത്രിയ്‌ക്കെതിരെയുള്ള ആരോപണം.

രണ്ട് എംപിമാർ ചേർന്ന് അദ്ദേഹത്തിനെതിരെ കുറ്റവിചാരണാ നോട്ടീസ് നൽകി. റിക്രൂട്ട്‌മെന്റ് ഏജൻസികൾ ഏഴായിരം ദിനാർ വരെ കൈക്കൂലി വാങ്ങിയെന്ന ആരോപണമുണ്ടായിട്ടും അവർക്കെതിരെ മന്ത്രി അലി അൽഉബൈദി നടപടിയെടുത്തില്ലെന്നാണ് ആരോപണം.

മന്ത്രിയുമായി ബന്ധമുള്ള ഏജൻസിയെയാണ് അദ്ദേഹം സഹായിച്ചതെന്നും ആരോപിക്കപ്പെടുന്നു. മന്ത്രിയായി ചുമതലയേൽക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ഈ സ്ഥാപനത്തിൽ നിന്ന് പിന്മാറിയത്.

ആരോപണം സംബന്ധിച്ച മന്ത്രിമാരുടെ ചോദ്യത്തിന് ആരോഗ്യമന്ത്രി ഉത്തരം നൽകിയില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. എംപിമാരായ ഹംദാൻ അൽ അസ്മി,റകാൻ അൽ നസീഫ് എന്നിവരാണ് കുറ്റവിചാരണാ നോട്ടീസ് നൽകിയത്.