ന്യൂയോർക്ക് : സൈബർ ബ്രില്യൻസ് അതിരു വിട്ടപ്പോൾ കുറ്റകൃത്യം ചെയ്യുന്നതിൽ ചെന്നെത്തി. ഇന്ത്യൻ വംശജനായ യുവാവിന് അമേരിക്കയിൽ ശിക്ഷ ലഭിച്ചത് 86 ലക്ഷം ഡോളർ പിഴയും ആറ് മാസം വീട്ടു തടങ്കലും. ഈ തുക ഏകദേശം 63 കോടി ഇന്ത്യൻ രൂപ വരും. ഇതിന് പുറമേ ഇയാൾക്ക് അഞ്ച് വർഷം നല്ല നടപ്പും 2500 മണിക്കൂർ സാമൂഹിക സേവനവും 'ശിക്ഷയായി' വിധിച്ചിട്ടുണ്ട്. അമേരിക്കയിലെ ന്യുജഴ്‌സിയിൽ സ്ഥിതി ചെയ്യുന്ന സർവകലാശാലയ്ക്ക് നേരെ സൈബർ ആക്രമണ പരമ്പര അഴിച്ചു വിട്ടതിനാണ് പരസ് ഝാ എന്നയാൾക്ക് അമേരിക്ക ശിക്ഷ വിധിച്ചത്.

2014 നവുംബർ മുതൽ 2016 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് സംഭവം. ന്യൂജഴ്‌സിയിലെ റട്‌ഗേഴ്‌സ് സർവകലാശാലയുടെ കംപ്യൂട്ടർ ശൃംഗലയിലാണ് പരസും സംഘവും ആക്രമണം അഴിച്ച് വിട്ടത്. അന്ന് വെറും 22 വയസായിരുന്നു ഇയാളുടെ പ്രായം. ആക്രണത്തിൽ സർവകലാശാലയുടെ സെർവറിന്റെ പ്രവർത്തനം പലവട്ടം നിലച്ചു. ജോസയ്യ വൈറ്റ്, ഡാൾട്ടൻ നോർമൻ എന്നിവരുടെ സഹായത്തോടെയാണു ഝാ സൈബർ ആക്രമണങ്ങൾ നടത്തിയത്.

വയർലെസ് ക്യാമറകളുടെയും ഡിജിറ്റൽ വിഡിയോ റെക്കോർഡറുകളുടെയും ഗാർഹിക ഇന്റർനെറ്റ് ഉപകരണങ്ങളുടെയും പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ കഴിയുന്ന മിറായ് ബോട്ട്‌നെറ്റുകൾ ഇവർ മൂവരും ചേർന്നാണു സൃഷ്ടിച്ചെടുത്തത്.

തുടർന്ന് ഇതിന്റെ സഹായത്തോടെ ഒരു ലക്ഷത്തോളം ഇന്റർനെറ്റ് ബന്ധിത ഉപകരണങ്ങളെ ബാധിച്ച മാരക ശേഷിയുള്ള മറ്റു ചില സൈബർ ആക്രമണങ്ങളും ഝായും കൂട്ടാളികളും നടത്തിയിരുന്നു. റട്‌ഗേഴ്‌സ് സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയാണു ഝാ.