- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹർജിത് സജ്ജന്റെ പിൻഗാമിക്കും ഇന്ത്യൻ വേരുകൾ; കാനഡയിലെ പുതിയ പ്രതിരോധ മന്ത്രിയായി അനിത ആനന്ദിനെ നിയമിച്ച് ജസ്റ്റിൻ ട്രൂഡോ; കോവിഡ് കാലത്തെ നേതൃപരമായ പ്രവർത്തനങ്ങൾ കരുത്തായി; ബർദിഷ് ഛാഗറും മന്ത്രിസഭയിൽ
ഒട്ടാവ: ഇന്ത്യൻ വംശജയായ അനിത ആനന്ദിനെ കാനഡയുടെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഏറെക്കാലം പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ച ഇന്ത്യൻ വംശജൻ ഹർജിത് സജ്ജന്റെ പിൻഗാമിയായാണ് അനിതയുടെ നിയമനം.
കനേഡിയൻ സൈന്യത്തിന്റെ സംസ്കാരം മാറ്റുന്നതിനും ലൈംഗികചൂഷണ ആരോപണങ്ങൾ തടയുന്നതിനും മികച്ച സംവിധാനങ്ങൾ ഒരുക്കാൻ അനിതയ്ക്ക് സാധിക്കുമെന്നാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്. നിലവിൽ സൈന്യം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമൊരുക്കാൻ അനിതയുടെ നിയമനത്തിലൂടെ സാധിക്കുമെന്നാണ് സർക്കാരിന്റെയും പ്രതീക്ഷ
രാഷ്ട്രീയ നേതാവും അഭിഭാഷകയുമായ അനിതയ്ക്ക് കനേഡിയൻ മന്ത്രിസഭയുടെ പുനഃസംഘടനയിൽ ഉന്നത പദ്ധവിയാണ് ലഭിച്ചത്. പൊതുതെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെയാണ് ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭാ പുനഃസംഘടിപ്പിച്ചത്.
54 കാരിയായ ഇന്ത്യൻ വംശജയ്ക്ക് ഭരണ നിർവഹണത്തിൽ മുൻ പരിചയമുണ്ട്. മുൻ പൊതുസേവന സംഭരണ മന്ത്രി എന്ന നിലയിൽ കോവിഡ് വാക്സിന്റെ കാര്യത്തിൽ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെയ്ക്കാൻ അനിതയ്ക്ക് സാധിച്ചിരുന്നു.
സൈന്യത്തിലെ ലൈംഗികചൂഷണ വിവാദം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെ തുടർന്ന് ഹർജിത്തിന് വൻ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ഇതിനെ തുടർന്നാണ് അനിത ആനന്ദിനെ പുതിയ പ്രതിരോധ മന്ത്രിയായി തെരഞ്ഞെടുത്തത്.
അനിത ആനന്ദിനെ പ്രതിരോധ മന്ത്രിയാക്കിയതിലൂടെ ലൈംഗികാതിക്രമ കേസിൽ ശക്തമായൊരു സന്ദേശം നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജസ്റ്റിൻ ട്രൂഡോ സർക്കാർ. കേസിൽ ഇരകൾക്കൊപ്പമാണ് സർക്കാർ എന്ന സന്ദേശം നൽകുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
കോർപറേറ്റ് സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുള്ള പരിചയം അനിത ആനന്ദിനുണ്ട്. കോവിഡ് കാലത്തെ നേതൃപരമായ പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്താണ് അനിതയെ പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. പ്രതിരോധ മന്ത്രി സ്ഥാനത്ത് നീക്കിയ ഹർജിത് സജ്ജനെ വിദേശകാര്യ വകുപ്പിലേക്കാണ് മാറ്റിയത്. ഇവരെ കൂടാതെ ബർദിഷ് ഛാഗർ എന്ന ഇന്ത്യൻ വംശജൻ കൂടി മന്ത്രിയായി ട്രൂഡോ സർക്കാരിലുണ്ട്.
ന്യൂസ് ഡെസ്ക്