- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ഇന്ത്യൻ വംശജ; മത്സരിക്കുന്നത് പുരോഗതിയിലേക്ക് നയിക്കാൻ പ്രാപ്തമായ ഐക്യരാഷ്ട്രസഭക്കായി എന്ന് ആകാംക്ഷ അറോറ; 34കാരിയായ യുവതി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് ഇക്കുറി ഒരു വനിതയെന്ന ആവശ്യം ശക്തമാകുന്നതിനിടെ
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഒരു വനിത എന്ന ആവശ്യം ശക്തമാകുന്നതിനിടെ മത്സരത്തിനുണ്ടാകും എന്ന് വ്യക്തമാക്കി ഇന്ത്യൻ വംശജയും രംഗത്തെത്തി. ആകാംക്ഷ അറോറയാണ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് നേൻഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം(UNDP) ഓഡിറ്റ് കോഓഡിനേറ്ററായി പ്രവർത്തിക്കുകയാണ് നിലവിൽ ഈ 34കാരി. അതേസമയം, ആകാക്ഷയുടെ സ്ഥാനാർത്ഥിത്വം എത്രകണ്ട് യാഥാർത്ഥ്യമാകും എന്ന ചർച്ചയും സജീവമാണ്.
ഇന്ത്യയിൽ ജനിച്ച അറോറയ്ക്ക് ഇന്ത്യയിൽ ഒസിഐ കാർഡും കനേഡിയൻ പാസ്പോർട്ടുമുള്ളതായി പാസ്സ്ബ്ലൂ ന്യൂസ് സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനൊപ്പം പ്രചാരണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു ആകാംക്ഷ അറോറ. അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസിൽ ബിരുദം നേടിയ അറോറ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടിയതായി വെബ്സൈറ്റിലെ വ്യക്തി വിവരണത്തിൽ ചേർത്തിരിക്കുന്നു.
'എന്നെപ്പോലെയുള്ള ജീവനക്കാർക്ക് പ്രവർത്തിക്കാനുള്ള ഊഴം കാത്ത് നിൽക്കേണ്ട അവസ്ഥയാണ് നിലവിൽ, ലോകം ഏതു വിധത്തിലാണോ അതിനെ അതേ രീതിയിൽ സ്വീകരിച്ച് തലകുനിച്ച് നീങ്ങേണ്ട അവസ്ഥ'-തന്നെ പിന്തുണയ്ക്കണമെന്നഭ്യർഥിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അറോറ ആകാംക്ഷ പറയുന്നു. 'പ്രവർത്തനമാരംഭിച്ച് 75 കൊല്ലമായിട്ടും ലോകത്തോടുള്ള വാഗ്ദാനം പൂർത്തീകരിക്കാൻ ഐക്യരാഷ്ട്രസഭയ്ക്ക് കഴിഞ്ഞിട്ടില്ല, അഭയാർഥികൾക്ക് സംരക്ഷണമൊരുക്കാൻ സാധിച്ചിട്ടില്ല, മനുഷ്യത്വപരമായ സഹായം വേണ്ട വിധത്തിലെത്തിക്കുന്ന കാര്യത്തിൽ സംഘടന പരാജയപ്പെട്ടിരിക്കുന്നു. നൂതനസാങ്കേതികവിദ്യയും പുതിയ മാറ്റങ്ങളും ഇപ്പോഴും സംഘടനാപ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നില്ല. പുരോഗതിയിലേക്ക് നയിക്കാൻ പ്രാപ്തമായ ഐക്യരാഷ്ട്രസഭയാണ് നമുക്കാവശ്യം'- അറോറ തുടരുന്നു.
സംഘടനയുടെ ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാനാണ് താൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് പറയുന്ന അറോറ യുഎൻ ഇപ്പോൾ ചെയ്യുന്നത് ഏറ്റവും മികച്ച കാര്യങ്ങളാണെന്ന് അംഗീകരിക്കാൻ താനൊരുക്കമല്ലെന്നും വ്യക്തമാക്കുന്നുണ്ട്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഐക്യരാഷ്ട്രസഭ ആസ്ഥാനത്താണ് ചിത്രീകരിച്ചിരിക്കുന്നത്. 'നിലവിലെ പ്രവർത്തനങ്ങളിലുള്ള അപാകത ചൂണ്ടിക്കാട്ടാൻ, അതിനെതിരെ പ്രവർത്തിക്കാൻ, ഒരു മാറ്റം വരുത്താൻ ആദ്യമായി ആരെങ്കിലും ധൈര്യത്തോടെ തയ്യാറാവണം, അതിനാലാണ് മത്സരിക്കുന്നത്. യോഗ്യതയില്ലാത്ത ഒരാളിലേക്ക് അധികാരമെത്തിച്ചേരാൻ അനുവദിക്കരുത്, അനിവാര്യമായ മാറ്റത്തെ പ്രതിനിധീകരിക്കുന്ന തലമുറയിലെ അംഗമാണ് ഞാനും. മാറ്റത്തെ കുറിച്ച് വെറുതെ പറയുകയല്ല, മാറ്റം ഉണ്ടാക്കിയെടുക്കാനാണ് നാം ശ്രമിക്കേണ്ടത്'- അറോറ കൂട്ടിച്ചേർക്കുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ തന്നെ പിന്തുണയ്ക്കുന്ന എല്ലാവർക്കും അറോറ നന്ദിയും അറിയിക്കുന്നതിനൊപ്പം തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു.
ഒരു വനിതയെ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ആകാംക്ഷ അറോറയുടെ രംഗപ്രവേശം. സംഘടനയുടെ ചരിത്രത്തിലിതു വരെ ഒരു സ്ത്രീ ജനറൽ സെക്രട്ടറി സ്ഥാനം അലങ്കരിച്ചിട്ടില്ല. സുരക്ഷാസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പൊതുസഭയാണ് ജനറൽ സെക്രട്ടറിയെ നിയമിക്കുന്നത്. അഞ്ച് സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരം ഇതിൽ നിർണായകമാണ്.
ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഇക്കുറി ഒരു വനിതയെന്ന ആവശ്യം ഉയരുന്നത്. 1945ൽ യു.എൻ സ്ഥാപിതമായത് മുതൽ പുരുഷന്മാരെ മാത്രമാണ് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. 75 വർഷത്തിനുശേഷം ഒരു സ്ത്രീ യുഎന്നിനെ നയിക്കേണ്ട സമയമാണിതെന്നാണ് സ്ത്രീ വാദികൾ ആവശ്യപ്പെടുന്നത്. ഇത്തവണ യു.എൻ മേധാവി സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിക്കമെന്ന് ആവശ്യപ്പെട്ട് ഹോണ്ടൂറാസ് അംബാസഡർ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ഒരു വനിത എന്ന നിലയിൽ ഉയർന്ന് വരുന്ന പേര് ജർമ്മൻ ചാൻസിലറായ ഏഞ്ചല മെർക്കൽ ആണ്.15 വർഷത്തിലേറെയായി ജർമ്മനിയുടെ ചാൻസലറായി തുടരുന്ന ഏഞ്ചല മെർക്കൽ വീണ്ടും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2016 മുതൽ സെക്രട്ടറി ജനറൽ സ്ഥാനാർത്ഥിയായി മെർക്കലിന്റെ പേര് പ്രചരിക്കുന്നുണ്ട്.
നിലവിലെ യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ പോർച്ചുഗീസ് പ്രധാനമന്ത്രി കൂടിയായ അന്റോണിയോ ഗുട്ടെറസിന് യു.എൻ ജനറൽ അസംബ്ലിയിലും സെക്യൂരിറ്റി കൗൺസിലും വിപുലമായ പിന്തുണയുണ്ട്. യു.എൻ സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൺ എന്നീ രാജ്യങ്ങളുടെ നിർണായക പിന്തുണയും ഗുട്ടെറസിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി മെയ്, ജൂൺ മാസത്തോടെ അന്തിമ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും.
ആഗോളതലത്തിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ട രീതിയിൽ ഇടപെട്ടിട്ടില്ലെന്ന് നിരവധി സർക്കാർ ഇതര ഗ്രൂപ്പുകളിൽ നിന്ന് ഗുട്ടെറസ് വിമർശനങ്ങൾ നേരിടുന്നുണ്ട്. നേരത്തെ യു.എൻ അഭയാർഥി വിഭാഗത്തിന്റെ അധ്യക്ഷനായി മികച്ച രീതിയിൽ സേവനമുഷ്ഠിച്ച ഗുട്ടെറസിന് സിറിയ, യെമൻ ഉൾപ്പെടെയുള്ള തർക്ക വിഷയങ്ങൾ പരിഹാരിക്കുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡുകളില്ലെന്നും വിമർശനമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ