സിഡ്‌നി: എംപ്ലോയറുടെ മകളെ നിരന്തരം ശല്യം ചെയ്തുവെന്ന കാരണത്താൽ ഇന്ത്യൻ വംശജനായ യുവാവിനെ നാടുകടത്തലിനും പിഴ ശിക്ഷയ്ക്കും വിധിച്ച് ഓസ്‌ട്രേലിയൻ കോടതി. കാനേഡിയൻ പാസ്‌പോർട്ട് ഹോൾഡറായ ഇന്ത്യൻ വംശജൻ അഭിനവ് സിംഗിനാണ് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തതിന് നാടുകടത്തൽ നേരിടേണ്ടി വന്നിരിക്കുന്നത്. നാടുകടത്തലിന് പുറമേ 2000 ഡോളർ പിഴയും ഇയാൾ അടയ്‌ക്കേണ്ടതായുണ്ട്.

എംപ്ലോയറുടെ മകളെ ഫോണിലും മറ്റും നിരന്തരം ശല്യം ചെയ്യുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നുവെങ്കിലും അത് അവഗണിച്ച് മുപ്പത്തിമൂന്നുകാരനായ അഭിനവ് വീണ്ടും പെൺകുട്ടിയെ ശല്യം ചെയ്തുകൊണ്ടിരുന്നുവെന്നാണ് ഗ്ലാഡ്സ്റ്റൺ സിറ്റി പൊലീസ് വ്യക്തമാക്കുന്നത്. നൂറുകണക്കിന് മെസ്സേജുകളും വോയ്‌സ് മെസ്സേജുകളും കോളുകളും ചെയ്ത് പെൺകുട്ടിയെ ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് എംപ്ലോയറുടെ പരാതി.
എന്നാൽ പെൺകുട്ടി ഇയാളോട് ഇത്തരത്തിലുള്ള താത്പര്യമൊന്നും കാണിച്ചിരുന്നില്ലെന്നും ഓഫീസ് റെക്കോർഡുകളിൽ നിന്നും പെൺകുട്ടിയുടെ നമ്പർ കൈക്കലാക്കുകയായിരുന്നുവെന്നുമാണ് പ്രോസിക്യൂട്ടർ വ്യക്തമാക്കിയത്. പെൺകുട്ടിയുടെ വീട്ടിൽ ഇയാൾ രണ്ടു തവണ ചെല്ലുകയും പിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പെൺകുട്ടിയെ ശല്യപ്പെടുത്തുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അധികൃതർ ഇയാൾക്ക് ഇ-മെയിൽ അയച്ചിരുന്നു. തനിക്ക് സ്‌നേഹിക്കാൻ അവകാശമുണ്ടെന്നും തന്നെ പ്രണയിക്കുന്നുവെന്ന് പെൺകുട്ടി മറുപടി നൽകുന്നതുവരെ ശല്ല്യപ്പെടുത്തുന്നത് തുടരുമെന്നുമാണ് ഇയാൾ മറുപടി കൊടുത്തത്. എന്നാൽ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ക്യൂൻസ് ലാൻഡ് ഡിറ്റെൻഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ് അഭിനവിനെ ഇപ്പോൾ.

ടെംപററി റസിഡൻസ് വിസയിലാണ് ഇയാൾ രാജ്യത്ത് താമസിച്ചിരുന്നത്. ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ഭാര്യ ഡോക്ടറാണ്.