ഫ്രാങ്ക്ഫർട്ട്: കുഞ്ഞിനു മുലയൂട്ടുന്നുണ്ടെന്നു തെളിയിക്കാൻ ഇന്ത്യൻ വംശജയായ അമ്മയോട് മുല പിഴിഞ്ഞു കാണിക്കാൻ ആവശ്യപ്പെട്ട് ജർമൻ അധികൃതർ. സിങ്കപ്പൂരിൽ താമസിക്കുന്ന ഗായത്രി ബോസ് എന്ന 33കാരിക്കാണ് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ അപമാനം നേരിടേണ്ടിവന്നത്.

ട്രാൻസ്‌പോർട്ട് കമ്പനിയിൽ മാനേജരായ ഗായത്രിക്ക് മൂന്നു വർഷവും ഏഴു മാസവും പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പാരീസിലേക്കു പോകാനാണ് ഇവർ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയത്. മുലപ്പാൽ ശേഖരിക്കുന്ന ഉപകരണമായ ബ്രെസ്റ്റ് പമ്പ് കയ്യിൽ കരുതിയതാണ് ഗായത്രിക്കു വിനയായത്.

ഗായത്രിയുടെ ബാഗിലുള്ള ബ്രെസ്റ്റ് പമ്പ് സ്‌കാനറിൽ കണ്ട സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി അവരെ പ്രത്യേക മുറിയിലേക്ക് വിളിപ്പിച്ചു. താൻ പാലൂട്ടുന്ന അമ്മയാണെന്ന് പറഞ്ഞപ്പോൾ കുട്ടിയെവിടെയെന്നും കുട്ടിയെ നിങ്ങൾ സിങ്കപ്പൂരിൽ വച്ച് പോന്നോ എന്നും വളരെ മോശമായ സ്വരത്തോടെയാണ് ഉദ്യോഗസ്ഥർ സംസാരിച്ചു.

പാൽ ശേഖരിക്കുന്ന ഉപകരണമാണിതെന്ന് പറഞ്ഞപ്പോൾ ഉദ്യോഗസ്ഥർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. പാസ്പോർട്ട് വാങ്ങി യുവതിയെ ഗായത്രിയെ തടഞ്ഞു വച്ചു. വനിതാ പൊലീസിന്റെ അകമ്പടിയോടെ മറ്റൊരു മുറിയിലേക്ക് തുടർ ചോദ്യംചെയ്യലിനായി കൊണ്ടു പോയി. എന്നാൽ മുറിയിൽ വച്ച് പാലൂട്ടുന്ന അമ്മയാണെന്ന സ്വയം തെളിയിക്കണമെന്ന് ഗായത്രിയോട് വനിതാ പൊലീസ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. ആവശ്യം ഗായത്രി അനുസരിച്ചു.

മേൽ വസ്ത്രം അഴിച്ച് മാറിടം കാട്ടാൻ തന്നോട് ആവശ്യപ്പെട്ടെന്ന് നിറകണ്ണുകളോടെയാണ് യുവതി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. എന്നിട്ടും ബോധ്യപ്പെട്ടില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥ യുവതിയോട് പാൽ പിഴിഞ്ഞ് കാണിക്കാൻ നിർബന്ധിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ബ്രെസ്റ്റ് പമ്പ് പരിശോധിച്ച് കുഴപ്പമില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് 45 മിനിട്ട് നീണ്ട അപമാനം അവസാനിപ്പിച്ച് ഗായത്രിയെ വിമാനത്തിൽ കയറാൻ അനുവദിച്ചത്.

മുറിക്ക് പുറത്തിറങ്ങിയ താൻ പൊട്ടിക്കരഞ്ഞെന്നും വലിയ മാനസിക ആഘാതമാണ് സംഭവം തന്നിലുണ്ടാക്കിയതെന്നും ഗായത്രി പറഞ്ഞു. സുരക്ഷാ പരിശോധനയുടെ പേരിൽ സ്ത്രീത്വത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. ഗായത്രി വിമാനത്താവള അധികൃതർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്.