ന്യൂയോർക്ക്: സാനിയ മിർസയും മാർട്ടിന ഹിഞ്ജിസുമടങ്ങിയ ഒന്നാം സീഡ് സഖ്യം യുഎസ് ഓപ്പൺ ഡബിൾസ് ഫൈനലിലെത്തി. ഇന്ത്യൻ താരം ലിയാൻഡർ പേസുമൊത്ത് മിക്‌സഡ് ഡബിൾസിലും ഹിഞ്ജിസ് ഫൈനലിൽ എത്തിയിട്ടുണ്ട്.

വിംബിൾഡൺ ചാംപ്യന്മാരായ സാനിയ-ഹിഞ്ജിസ് സഖ്യത്തിന്റെ തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം ഡബിൾസ് ഫൈനലാണിത്. ടൂർണമെന്റിലെ അഞ്ച് മത്സരങ്ങളിൽ ഒരു സെറ്റ് പോലും ഇന്തോ-സ്വിസ് സഖ്യം എതിരാളികൾക്ക് വിട്ടുകൊടുത്തില്ല.

സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് സഖ്യം സാറ ഇറാനി- ഫ്‌ളാവിയ പെനെറ്റ സഖ്യത്തെ തകർത്താണ് ടോപ് സീഡ് സാനിയ-ഹിഞ്ജിസ് സഖ്യം ഫൈനലിൽ കടന്നത്. സ്‌കോർ: 6-4, 6-1. ഒരു മണിക്കൂറും 17 മിനിറ്റുമാണ് പോരാട്ടം നീണ്ടുനിന്നത്. ആദ്യ സെറ്റിൽ സാനിയ സഖ്യം കുറച്ച് പരീക്ഷണം നേരിട്ടെങ്കിലും രണ്ട് സെറ്റും നേരിട്ട് നേടി മത്സരം ജയിക്കുകയായിരുന്നു.

ജൂലൈയിലാണ് സാനിയ -ഹിഞ്ജിസ് സഖ്യം വിംബിൾഡൺ കിരീടം നേടിയത്. റഷ്യൻ സഖ്യമായ എകറ്റെറിന മകറോവ-എലേന വെസ്‌നിന സഖ്യത്തെ തോൽപ്പിച്ചായിരുന്നു കിരീടനേട്ടം. ഈ വർഷം മാർച്ചിലാണ് ഡബിൾസിൽ ഒരുമിക്കാൻ സാനിയയും ഹിഞ്ജിസും തീരുമാനിച്ചത്.

ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- ചൈനീസ് തായ് പേയിയുടെ യുങ് ജാൻ ചാൻ സഖ്യത്തെയാണ് പേസ്-ഹിഞ്ജിസ് സഖ്യം സെമിയിൽ തറപറ്റിച്ചത്. ബൊപ്പണ്ണ-യുങ് ജാൻ ചാൻ സഖ്യം 6-2, 7-5 എന്ന സ്‌കോറിനാണ് പേസ് സഖ്യത്തോട് അടിയറവ് പറഞ്ഞത്. അറുപത്തി ഒന്ന് മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്.