ന്യൂഡൽഹി: എൺപതുകളുടെ അവസാനം ഇറങ്ങിയ 'മിലേ സുർ മേര തുമാര' എന്ന ഗാനം പലരുടേയും ഗൃഹാതുര ഓർമകളിൽ ഒന്നാണ്. ഇന്ത്യയുടെ ഐക്യവും വൈവിധ്യവും നാനാത്വത്തിൽ ഏകത്വമെന്ന സങ്കൽപ്പമടക്കമുള്ളവയും പ്രതിപാദിക്കുന്ന ഗാനം ദൂരദർശനിലൂടെ നിരന്തരം സംപ്രേഷണം ചെയ്യാറുണ്ടായിരുന്നു. വിഖ്യാത സംഗീതജ്ഞരായ പണ്ഡിറ്റ് ഭീംസെൻ ജോഷി, ബാലമുരളീകൃഷ്ണ, കായിക, സിനിമാ ലോകത്ത് നിന്നുള്ള പ്രമുഖരടക്കമുള്ളവരാണ് വീഡിയോയിൽ അണിനിരന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിലാണ് പാട്ടിന്റെ വരികൾ.

ഗാനം ഇറങ്ങി 33 വർഷങ്ങൾ പിന്നിടുമ്പോൾ അതേ പാട്ട് പുനരാവിഷ്‌കരിച്ചിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. കഴിഞ്ഞ ദിവസം ഇറക്കിയ ഗാനത്തിന്റെ പുനരാവിഷ്‌കാര വീഡിയോ ഇപ്പോൾ വൈറലായി മാറി. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷമായ ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയുടെ ഭാഗമായാണ് ഗാനം പുനരാവിഷ്‌കരിച്ചത്. പുനരവിഷ്‌കാര വീഡിയോ ഇന്ത്യയിലെ മുഴുവൻ റെയിൽവേ ജീവനക്കാർക്കുമായാണ് സമർപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകൾ, വിവിധ ഗ്രാമ- നഗര പ്രദേശങ്ങളിലൂടെയുള്ള ട്രെയിനിന്റെ സഞ്ചാരം ടോക്യോ ഒളിംപ്കിസിലെ ഇന്ത്യയുടെ മെഡൽ നേട്ട നിമിഷങ്ങൾ എന്നിവയെല്ലാം സമ്മിശ്രമായി ചേർത്താണ് പുതിയ വീഡിയോ. നീരജ് ചോപ്ര, മീരാ ബായ് ചാനു, പിവി സിന്ധു തുടങ്ങി നിരവധി പ്രമുഖരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. ആറ് മിനിറ്റും 43 സെക്കൻഡുമാണ് വീഡിയോ.