മെൽബൺ: ന്യൂ സൗത്ത് വേൽസിലെ ഈ വർഷത്തെ വുമൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം ഇന്ത്യൻ ഗവേഷക മിനോതി ആപ്‌തെയ്ക്ക്. പാൻക്രിയാറ്റിക് കാൻസർ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് മിനോതി ആപ്‌തെയ്ക്ക് വുമൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം നൽകുന്നതെന്ന് പ്രീമിയർ മൈക്ക് ബിയേർഡും മന്ത്രി പ്രൂ ഗവാർഡും വെളിപ്പെടുത്തി.

പാൻക്രിയാസ് ഗ്രന്ഥിയെ സംബന്ധിച്ച് യൂണിവേഴ്‌സിറ്റി ഓഫ് ദ ന്യൂ സൗത്ത് വേൽസിൽ ഗവേഷണം നടത്തിവരികയാണ് ആപ്തം. പാൻക്രിയാറ്റിക് കാൻസർ ചികിത്സയിൽ അതിനൂതന മാർഗങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പ്രീ ക്ലിനിക്കൽ പഠനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തി കൂടിയാണ് പ്രഫ. മിനോതിയെന്ന് അവാർഡ് ദാന ചടങ്ങിൽ പ്രീമിയർ മൈക്ക് ബിയേർഡ് ചൂണ്ടിക്കാട്ടി.

മെഡിക്കൽ റിസർച്ചിലേക്കുള്ള സംഭാവനകൾ പരിഗണിച്ച് കഴിഞ്ഞ വർഷം ഓർഡർ ഓഫ് ഓസ്‌ട്രേലിയ മെഡലിനും മിനോതി അർഹയായിരുന്നു. മറാത്തി അസോസിയേഷൻ ഓഫ് സിഡ്‌നിയിലെ അംഗവുമാണ് ഇവർ. തൊഴിൽ മേഖലയിൽ ലിംഗ അസമത്വം നിലനിൽക്കുമ്പോഴും മിനോതിയുടെ നേട്ടങ്ങൾ വനിതകൾക്ക് പ്രചോദനമാകട്ടെയെന്ന് പ്രീമിയർ ആശംസിച്ചു.

1987-മുതൽ മിനോതി പാൻക്രിയാറ്റിക് കാൻസർ സംബന്ധിച്ച് ഗവേഷണം നടത്തിവരികയാണ്. ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ ഡിസീസ്, സെൽ ബയോളജി, ജീൻ റെഗുലേഷൻ, കാൻസർ തുടങ്ങിയവ മിനോതിയുടെ ഗവേഷണ വിഷയങ്ങളിൽ പെടുന്നവയാണ്. മെഡിക്കൽ റിസർച്ചിന്റെ അടിസ്ഥാനത്തിൽ തന്നെ വുമൺ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തതിൽ അഭിമാനിക്കുന്നുവെന്നും ഇത് തന്റെയും സഹപ്രവർത്തകരുടേയും അധ്വാനത്തിനുള്ള അംഗീകാരമാണെന്നും പ്രഫ. മിനോതി പ്രതികരിച്ചു. പൊതുജനങ്ങൾക്കിടയിൽ മെഡിക്കൽ റിസർച്ചിനെക്കുറിച്ച് കൂടുതൽ ബോധവത്ക്കരണം ഉണ്ടാകാൻ ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മിനോതി പ്രത്യാശ പ്രകടിപ്പിച്ചു.