മുംബൈ: ലോകത്ത് തകർന്നടിഞ്ഞ നാണയങ്ങളേറെയുണ്ട്. അർജന്റീനയുടെയും അടുത്തിടെ തുർക്കിയുടെയും നാണയങ്ങൾ മൂല്യം നഷ്ടപ്പെട്ട് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു. അത്തരമൊരു പ്രതിസന്ധിയുടെ വക്കിലാണ് ഇന്ത്യയുടെ രൂപയുമെന്നാണ് സൂചനകൾ. മൂന്നുവർഷത്തിനിടെ ഏറ്റവും മോശമായ കാലത്തിലൂടെയാണ് ഇന്ത്യൻ രൂപയുടെ സഞ്ചാരം. അയൽരാജ്യങ്ങളായ പാക്കിസ്ഥാന്റെയും നേപ്പാളിന്റെയും ബംഗ്ലാദേശിന്റെയുമൊക്കെ നാണയങ്ങൾ പിടിച്ചുനിൽക്കുമ്പോൾ അനുദിനം താഴേക്ക് പതിക്കകയാണ് ഇന്ത്യൻ രൂപ.

ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക വിലക്കിയതോടെയാണ് രൂപയ്ക്ക് ഡോളറിനുമുന്നിൽ ചുവടിളകി തുടങ്ങിയത്. ട്രംപ് ഭരണകൂടം ഇറാനുമേൽ ഏർപ്പെടുത്തിയ ഏകപക്ഷീയ വിലക്കിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും ഇറാനിൽനിന്നുള്ള ഇറക്കുമതി നിർത്തിവെക്കുകയായിരുന്നു. ഇതോടെ ഡോളറിന് ആവശ്യമേറുകയും ചെയ്തു. ലോകത്തേറ്റവും കൂടുതൽ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരുവർഷം മുമ്പത്തേതിനെക്കാൾ 76 ശതമാനത്തോളം അധികം ക്രൂഡ് ഇന്ത്യ ഇപ്പോൾ ഇറക്കുമതി ചെയ്യുന്നുണ്ട്.

ഏഷ്യയിൽ ഇക്കൊല്ലം ഏറ്റവും മോശം അവസ്ഥയിലുള്ള നാണയമാണ് ഇന്ത്യൻ രൂപ. 11 ശതമാനത്തോളമാണ് ഇക്കൊല്ലം മാത്രം വിലയിടിഞ്ഞത്. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം ഡോളറിനെതിരേ 72.1050 ആയി. ഒമ്പത് പൈസ നേട്ടത്തോടെയാണ് രൂപ വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് മൂല്യമിടിയുകയായിരുന്നു. എക്കാലത്തെയും കുറഞ്ഞ മൂല്യത്തിലാണിപ്പോൾ രൂപ നിൽക്കുന്നത്. എന്നിട്ടും റിസർവ് ബാങ്ക് അടിയന്തര ഇടപെടൽ നടത്താതത്് എന്താണെന്നതും ആശങ്ക ഉയർത്തുന്നുണ്ട്.

രൂപയുടെ മൂല്യമിടിയലിന് പിന്നിൽ ഇന്ത്യയുടേതായ കാരണങ്ങളല്ലാത്തതിനാൽ ഇടപെടില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരുഭാഗത്ത് അമേരിക്കയുമായി വ്യാപാര യുദ്ധം പ്രഖ്യാപിക്കുകയും മറുഭാഗത്ത് അവരുടെ വാക്കുകേട്ട് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുകയും ചെയ്ത നിലപാട് സംശയത്തോടെയാണ് സാമ്പത്തിക വിദഗ്ധരിൽ ഒരുഭാഗം കാണുന്നത്. അമേരിക്ക വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ആഗോളതലത്തിൽ നിക്ഷേപകർക്കിടയിലുണ്ട്. അതും ഇന്ത്യയെപ്പോലുല്‌ള രാജ്യങ്ങളെ ബാധിക്കുന്നു.

പ്രധാന വികസ്വര രാജ്യങ്ങളിലെയൊക്കെ നാണയങ്ങളുടെ മൂല്യമിടിയുകയാണ്. അർജന്റീന, തുർക്കി, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും സമാനപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ, ഏഷ്യയിൽ ഇന്ത്യൻ രൂപയ്ക്കാണ് കടുത്ത തിരിച്ചടി നേരിട്ടതെന്ന് മാത്രം. ക്രൂഡ് ഓയിൽ വില കൂടുന്നതും അതിനേറ്റവും ആവശ്യക്കാർ ഇന്ത്യയാണെന്നതുമാണ് രൂപയുടെ മൂല്യം വൻതോതിൽ ഇടിയുവാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തൽ.

ഡോളർ വിറ്റഴിക്കുന്നതുൾപ്പെടെയുള്ള നടപടികളിലൂടെ രൂപയെ പിടിച്ചുനിർത്തുകയാണ് സാധാരണ റിസർവ് ബാങ്ക് ചെയ്യാറുള്ളത്. ബുധനാഴ്ച ഇത്തരമൊരു ഇടപെടൽ റിസർവ് ബാങ്ക് നടത്തിയിരുന്നു. എന്നാൽ, വ്യാഴാഴ്ച അതുണ്ടായില്ല. തത്കാലം ഇടപെടേണ്ടെന്ന കേന്ദ്ര തീരുമാനം രൂപയുടെ മൂല്യത്തെ ഇനിയും താഴേക്ക് കൊണ്ടുപോകുമോ എന്ന ആശങ്കയും ഉയർത്തിയിട്ടുണ്ട്.

ഡോളറിനെതിരേ രൂപയുടെ വിലയിടിവ് വീണ്ടും തുടരുകയാണ് ഇപ്പോഴും. അസംസ്‌കൃത എണ്ണവില വർധനയെ തുടർന്ന് ഡോളറിനെതിരേ രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വർഷം ജനുവരി ഒന്നിനും സെപ്റ്റംബർ മൂന്നിനും ഇടയിൽ രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനത്തിൽ അധികമാണ് ഇടിഞ്ഞത്.