ന്യൂഡൽഹി: ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ കനത്ത മൂല്യത്തകർച്ച. ഡോളറിനെതിരായ വിനിമയത്തിൽ കഴിഞ്ഞ 21 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് രൂപ കൂപ്പുകുത്തിയത്.

വ്യാപാരം ഇന്നലെ പൂർത്തിയായപ്പോൾ 64.25 എന്ന നിലയിലായിരുന്നു ഇന്ത്യൻ രൂപ. ഇന്ന് ഡോളറിന് 64.07 എന്ന നിലയിലേക്കായിട്ടുണ്ട്. പൗണ്ടുമായി തട്ടിച്ചുനോക്കുമ്പോൾ 99.62 ആണ് ഇന്ത്യൻ രൂപയ്ക്ക്.

തുടർച്ചയായ നാലാം ദിനമാണ് രൂപയുടെ മൂല്യം ഡോളറുമായി തട്ടിച്ചുനോക്കുമ്പോൾ ഇടിയുന്നത്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക ധന അവലോകന യോഗം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഈ സാഹചര്യത്തിൽ ആഗോള തലത്തിൽ ഡോളർ വൻ ഡിമാൻഡാണു നേടുന്നത്. ഇതാണ് ഇന്ത്യൻ രൂപയ്ക്ക് കനത്ത തിരിച്ചടിയായത്.

അമേരിക്ക പലിശ ഉയർത്തുമെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്. ഇതു ഡോളറിന്റെ ഡിമാൻഡ് കൂട്ടും. ഇന്ത്യയിൽ ബാങ്കുകളും ഇറക്കുമതിക്കാരും വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ, രൂപ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

വിദേശ നിക്ഷേപം വൻതോതിൽ ഓഹരി വിപണിയിൽ നിന്ന് പിൻവലിക്കപ്പെടുന്നതും രൂപയെ തളർത്തുന്നുണ്ട്. വരും ദിവസങ്ങളിലും മൂല്യത്തകർച്ചയുണ്ടാകുമെന്നാണ് ധനകാര്യമേഖലയിലെ പ്രമുഖർ പറയുന്നത്. യൂറോ (71.99), ജാപ്പനീസ് യെൻ (0.52), പൗണ്ട് സ്‌റ്റെർലിങ് (99.62) എന്നിവയ്‌ക്കെതിരെയും കനത്ത തകർച്ചയാണ് രൂപ നേരിടുന്നത്.

രൂപയുടെ മൂല്യത്തകർച്ച ആഭ്യന്തര വിപണിയെയും സാരമായി ബാധിക്കും. അവശ്യ സാധനങ്ങളുടെ വില രൂക്ഷമായി കുതിച്ചുയരാൻ ഇതു വഴിയൊരുക്കും. എന്നാൽ, പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിലും കയറ്റുമതി വരുമാനത്തിലും വൻ വർദ്ധന ഉണ്ടാകുമെന്നതിനാൽ റിസർവ് ബാങ്ക് ഇക്കാര്യത്തിൽ ഇനിയും ഇടപെട്ടിട്ടില്ല. എന്നാൽ, രൂപയുടെ മൂല്യം 65ലേക്ക് ഇടിഞ്ഞാൽ അടിയന്തര രക്ഷാ നടപടികൾ സ്വീകരിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.