മുംബൈ: രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഭീതിയിലാഴ്‌ത്തി ഡോളറിനെതിരെ രൂപയുടെ മൂല്യം സർവ്വകാല റെക്കോർഡ് ഇടിവിൽ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി രൂപ ഡോളറിന് 73.34 എന്ന നിരക്കിലെത്തി. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 73.26 ആയിരുന്നു മൂല്യം. ചരിത്രത്തിൽ ആദ്യമായാണ് രൂപയുടെ മൂല്യം 73 കടക്കുന്നത്.

മുൻപ് 72.93 എന്ന തുക വരെ എത്തിയതാണ് രൂപയുടെ റെക്കോർഡ് തകർച്ച. രൂപ മൂല്യത്തകർച്ച നേരിടുന്ന അവസരത്തിൽ മികച്ച പ്രകടനമാണ് ഗൾഫ് കറൻസികൾ കാഴ്‌ച്ച വയ്ക്കുന്നത്. യുഎഇ ദിർഹം നിരക്ക് 20 കടന്നു. രാജ്യാന്ത വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ക്രമാതീതമായി ഉയരുന്നതാണ് രൂപയുടെ വില ഗണ്യമായി ഇടിയുന്നതിന് കാരണം.

ശരവേഗത്തിൽ കുതിച്ച് എണ്ണ വില

രൂപയുടെ മൂല്യം ഇടിയുന്നതിന്റെ പതിന്മടങ്ങ് വേഗതിലാണ് ക്രൂഡ് ഓയിലിന്റെ വില കുതിച്ചു കയറുന്നത്. ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യത ഗണ്യമായി ഇടിഞ്ഞതോടെ രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 85 ഡോളർ കടന്നു. ബ്രെന്റ് ക്രൂഡ് വില 85.45 ഡോളർ വരെയാണ് ഉയർന്നത്. ഇറാനിൽനിന്നുള്ള എണ്ണ ഉൽപാദനം രണ്ടര വർഷത്തെ താഴ്ന്ന നിലയിലെത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്.

എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ ഉൽപാദനത്തിൽ പ്രതിദിനം 90,000 ബാരലിന്റെ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ, ഇറാൻ എണ്ണയിലെ കുറവ് ഇതിനു നികത്താനായിട്ടില്ല. ഇറാനെതിരെയുള്ള യുഎസ് ഉപരോധം നവംബർ നാലിനാണു പൂർണമായി പ്രാബല്യത്തിൽ വരിക. അതോടെ, എണ്ണ വില ഇനിയും കൂടാനാണു സാധ്യത.

ഉൽപാദനം വർധിപ്പിക്കാൻ ഒപെകിനു മേൽ യുഎസ് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വിപണിയിൽ എണ്ണ ലഭ്യതയിൽ കുറവില്ലെന്ന നിലപാടിലാണ് ഒപെകും റഷ്യയും. ഒപെക് രാജ്യങ്ങളിൽ സൗദിക്കും, ഒപെക് ഇതര രാജ്യങ്ങളിൽ റഷ്യയ്ക്കും മാത്രമാണ് നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ഉൽപാദനം ഉയർത്താൻ കഴിയുക.

ക്രെഡിറ്റ് സ്യൂസിയുടെ പ്രവചനം 'വള്ളി പുള്ളി ' തെറ്റിയില്ല... രൂപയ്ക്ക് ഇടിവ് തന്നെ

വിദേശ വിനിമയ വിപണിയിൽ ജി10 കറൻസികൾക്കെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുമെന്ന ക്രെഡിറ്റ് സ്യൂസിയുടെ പ്രവചനം അച്ചട്ടായി. വ്യാപാര ലോകത്ത് തുടരുന്ന പ്രതിസന്ധികളാണ് ഇന്ത്യൻ രൂപയ്ക്ക് ഏറ്റവും വലിയ ഭീഷണി. സ്വിറ്റ്‌സർലാന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സാമ്പത്തിക സേവന കമ്പനിയാണ് ക്രെഡിറ്റ് സ്യൂസി.

യുഎസ് ഡോളർ, ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിങ്, യൂറോ, ജാപ്പനീസ് കറൻസിയായ യെൻ, ഓസ്‌ട്രേലിയൻ ഡോളർ, സ്വിസ് ഫ്രാങ്ക്, ന്യൂസിലാൻഡ് ഡോളർ, സ്വീഡിഷ് ക്രോണ, കനേഡിയൻ ഡോളർ, നോർവീജിയൻ ക്രോൺ എന്നീ ജി 10 കറൻസികൾക്ക് മുന്നിൽ രൂപയുടെ മൂല്യമിടിയുമെന്നാണ് സ്യൂസി പ്രവചിച്ചത്. ക്രൂഡ് ഓയിൽ വില വർദ്ധന തുടരുകയാണെങ്കിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 70 എത്തുമെന്നാണ് ക്രെഡിറ്റ് സ്യൂസിയുടെ പ്രവചനം.

അടുത്ത കാലത്ത് ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ വർഷം 69 എന്ന സർവ്വകാല താഴ്‌ച്ചയിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു. ഈ വർഷം ഇനിയൊരു പലിശ വർദ്ധന ഇന്ത്യൻ കേന്ദ്ര ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടാവാനുള്ള സാധ്യത അവർ തള്ളിക്കളയുന്നു. എന്നാൽ, രൂപയുടെ മൂല്യം 70 ന് മുകളിലേക്ക് പോവുകയാണെങ്കിൽ റിസർവ് ബാങ്കിന്റെ ഇടപെടൽ ഉണ്ടാവാനിടയുണ്ടെന്നാണ് സ്യൂസി നിരീക്ഷണം.

കേന്ദ്ര ബാങ്ക് തുടർച്ചയായി പലിശ നിരക്കുകൾ ഉയർത്തുന്നത് വിദേശ വിപണിയിൽ രൂപയ്ക്ക് മികച്ച പിന്തുണ നൽകിയിട്ടുണ്ടെന്നും സ്യൂസി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ആഭ്യന്തര വിപണിയിൽ നിന്ന് കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുന്നത് രൂപയെ ദുർബലപ്പെടുത്തുന്നതായും അവർ അഭിപ്രായപ്പെട്ടു.

ആർബിഐ ഇടപെടൽ ഫലം കാണുമോ ?

രൂപയുടെ മൂല്യം അന്താരാഷ്ട്ര വിപണിയിൽ തകർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുമെന്ന അറിയിപ്പുണ്ടായിട്ടും നടപടികൾ ഇപ്പോഴും മന്ദഗതിയിലാണ്. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ സമ്മർദത്തിലായതിനാൽ നേരിട്ട് ഇടപെടാൻ ആർബിഐയോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. രൂപയുടെ തകർച്ച കുറയ്ക്കാനായി കടുത്ത ഇടപെടലാണ് ആർബിഐയിൽ നിന്നുണ്ടാവുകയെന്നായിരുന്നു വിവരം.

 

ഇതിലൂടെ എൻആർഐ ഡെപ്പോസിറ്റ് സ്‌കീം പ്രോത്സാഹിപ്പിക്കാനാണ് നീക്കം. ഇതുവഴി പ്രവാസികൾക്ക് ഇന്ത്യൻ വിപണിയിൽ നിക്ഷേപം നടത്താനുള്ള സൗകര്യമൊരുക്കും. ഇതുവഴി രൂപയുടെ മൂല്യം പിടിച്ചുനിർത്താനാവുമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിൽ ഡോളറിന്റെ മൂല്യം കരുത്താർജിക്കുന്നതാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നത്.

അതേസമയം പെട്രോളിനും ഡീസലിനുമുള്ള വർധനവും അന്താരാഷ്ട്ര കടമായി ഇന്ത്യ അടയ്ക്കേണ്ടി വരുന്ന അധിക തുകയും ആർബിഐയെ ആശങ്കപ്പെടുത്തുന്നുണ്ട്. കറന്റ് അക്കൗണ്ട് കമ്മി 15.8 മില്യണായി ഉയർന്നിട്ടുണ്ട്. 2013ൽ ഇത്തരമൊരു പ്രശ്നമുണ്ടായപ്പോൾ ഫോറിൻ കറൻസി നോൺ റെസിഡെന്റ് ബാങ്ക് അക്കൗണ്ട്(എഫ്സിഎൻആർബി) വഴിയാണ് ഇന്ത്യ പ്രശ്നം പരിഹരിച്ചത്.

 ഇതുവഴി വന്ന നിക്ഷേപങ്ങൾ ഇന്ത്യൻ വിപണിയെയും രൂപയെയും വീഴാതെ പിടിച്ചുനിർത്തിയിരുന്നു. ഇതിന് സമാനമായ രീതിയാണ് ഇന്ത്യ ഇപ്പോൾ പിന്തുടരുന്നത്. അതേസമയം ഡോളറുകൾ വിറ്റഴിക്കാനുള്ള നീക്കങ്ങളും ആർബിഐ നടത്തുന്നുണ്ട്.