2016-17 അധ്യയന വർഷത്തേക്കുള്ള ഇന്ത്യൻ സ്‌കൂൾ ഓഫ് ഒമാന്റെ ഓൺലൈൻ പ്രവേശനം 10ന് ആരംഭിക്കും. കിൻഡൻ ഗാർഡനുകളിലേക്കും ഒമ്പത് വരെയുള്ള ക്ലാസുകളിലേക്കുമാണ് ഇപ്പോൾ പ്രവേശനം ആരംഭിക്കുന്നത്.

ഓൺലൈൻ വഴി നടപ്പിലാക്കുന്ന കേന്ദ്രീകൃത പ്രവേശന സംവിധാനത്തിന്റെ അന്തിമ നടപടിക്രമങ്ങൾ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് തീരുമാനിച്ചുവരികയാണ്. അഡ്മഷൻ സമയത്തുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ കൂടുതൽ സൗകര്യപ്രദമായ അഡ്‌മിഷൻ രീതിയും അധികൃതർ ആലോചിക്കുന്നുണ്ട്.

മാർച്ച് പകുതിയോടെയാവും ആദ്യഘട്ട പ്രവേശനം ഉണ്ടാവുക. പ്രവേശനത്തിനായി എത്തേണ്ട സ്‌കൂളും തീയതിയും രക്ഷിതാക്കളെ അധികൃതർ അറിയിക്കും. ആദ്യഘട്ടപ്രവേശനത്തിന് ശേഷം ഒഴിവുള്ള സീറ്റുകൾ റിപ്പോർട്ട് ചെയ്യും. രണ്ടാം ഘട്ടത്തിലാവും ബാക്കിയുള്ള കുട്ടികളെ പരിഗണിക്കുക. ഏപ്രിൽ ആദ്യവാരത്തോടെയാകും രണ്ടാംഘട്ട പ്രവേശനം ഉണ്ടാവുക.

www.indianschoolsoman.com എന്ന വെബ്‌സൈറ്റ് വഴി പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാവും. 5000 അപേക്ഷകൾ വരെ ഇന്ത്യൻ സ്‌കൂൾ പ്രവേശനത്തിന് ലഭിക്കാറുണ്ട്. 40,000ത്തോളം വിദ്യാർത്ഥികളാണ് ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്നത്.

വടക്കൻ ഗുബ്രായിൽ ആരംഭിക്കുന്ന പുതിയ ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൽ കിൻഡർഗാർഡനിലേക്ക് മാത്രമേ പ്രവേശനം നൽകുന്നുള്ളൂ. ഈ കുട്ടികളുടെ പഠനം പൂർത്തിയാവുമ്പോൾ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നടത്തും.
കൂടാതെ അൽ അമരാത്, അൽ അൻസാബ്, ബർകാ മേഖലയിൽ പുതിയ സ്‌കൂളിനുള്ള ശ്രമവും അൽ മാബെലായിൽ മൂന്നാം ഘട്ട കെട്ടിടനിർമ്മാണത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞിട്ടുണ്ട്.