കൊച്ചി: യുക്രൈൻ- റഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധികൾ വന്നു മൂടികയാണ്. കോവിഡിൽ നിന്നും കരകയറുന്നതിന് മുമ്പായാണ് ഇപ്പോഴത്തെ സാമ്പത്തിക സംഭവ വികാസങ്ങൾ ഉണ്ടായിരിക്കുന്നത്. ഇതെല്ലാം ഇന്ത്യൻ വിപണിയിലും പ്രത്യക്ഷത്തിൽ ബാധിക്കുന്നുണ്ട്. റഷ്യയുമായി ഇന്ത്യക്കുണ്ടായിരുന്ന വ്യവസായ ബന്ധങ്ങൾ അടക്കം ചർച്ചകളിൽ നിറയുകയും ചെയ്യുന്നു. ഇന്ത്യൻ സാമ്പത്തിക രംഗം വീണ്ടും തിരിച്ചു കയറാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കോവിഡ് കഴിഞ്ഞതോടെ സിനിമാ രംഗം കൂടുതൽ ഊർജ്ജിതമായിട്ടുണ്ട്. രാജമൗലി സംവിധാനം ചെയ്ത ആർആർആർ വിജയകരമായി തുടരുന്നത വിനോദ വ്യവസായത്തിന് ഏറെ പ്രതീക്ഷ പകരുന്നു. കൂടാതെ കെജിഎഫ്- രണ്ടും, പത്താനും അടക്കം സൂപ്പർ താരനിരയുടെ മറ്റനേകം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം,കന്നഡ സിനിമകൾ വരാനിരിക്കുന്നതും സിനിമാ രംഗത്തിന് പ്രതീക്ഷ നല്കുന്നു. ഈ ചിത്രങ്ങളുടെ വരവു പ്രതീക്ഷിച്ചു മൾട്ടിപ്ലക്സ്, മാൾ ഓഹരികൾക്ക് കാര്യങ്ങൾ എളുപ്പമാണ്. പിവിആർ, ഐനോക്സ് ലെഷർ, ഫീനിക്‌സ് മിൽസ് മുതലായ ഓഹരികൾ മുന്നോട്ടു പോകുന്നത് ഈ സിനിമകളെ പ്രതീക്ഷ അർപ്പിച്ചു കൊണ്ടാണ് താനും.

അതേസമയം ആഗാള തലത്തിലെ കാര്യങ്ങൾ ഇന്ത്യൻ വിപണിയിൽ ചാഞ്ചാട്ടം വ്യക്തമാക്കുന്നതാണ്. എങ്കിലും രാജ്യാന്തര വിപണികൾക്കൊപ്പം ഇന്ത്യൻ വിപണികളും വീഴാതെ നിന്നെങ്കിലും 'എണ്ണ യുദ്ധം' വീണ്ടും കനക്കുന്നതും ക്രൂഡ് ഓയിൽ വില 120 ഡോളറിന് മുകളിൽ ക്രമപ്പെടുന്നതും ഇന്ത്യൻ വിപണിക്ക് ക്ഷീണിപ്പിക്കുന്നു.

17000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 16800 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത സപ്പോർട്ട്. 17350 പോയിന്റയിലെയും 17480 പോയിന്റിലെയും കടമ്പകളും നിഫ്റ്റിക്ക് അടുത്ത ആഴ്ചയിൽ വളരെ പ്രധാനമാണ്. നാലാംപാദ ഫലങ്ങൾക്കു മുൻപുള്ള അടുത്ത തിരുത്തൽ വിപണിയിൽ അവസരമാണെങ്കിൽ എഫ്&ഓ ക്ലോസിങ്ങിനോട് അനുബന്ധിച്ചുണ്ടായേക്കാവുന്ന ഷോർട്ട് കവറിങ് ഇന്ത്യൻ വിപണിയുടെ പ്രതീക്ഷയാണ്. ഐടി, ബാങ്കിങ്, പൊതു മേഖല, ഇൻഫ്രാ, സിമന്റ്, ക്യാപിറ്റൽ ഗുഡ്‌സ്, ഇൻഫ്രാ, മെറ്റൽ സെക്ടറുകൾ നിക്ഷേപത്തിനായി പരിഗണിക്കാം.

1969 ശേഷമുള്ള ഏറ്റവും മികച്ച ജോബ് ഡേറ്റയ്ക്കു ശേഷം അടുത്ത ആഴ്ച പുറത്തു വരുന്ന ഏഡിപി എംപ്ലോയ്മെന്റ് ഡേറ്റയും, ജോബ് ഡേറ്റയും, നോൺ ഫാം പേ റോൾ കണക്കുകളും ലോക വിപണിക്ക് തന്നെ വളരെ പ്രധാനമാണ്. മാർച്ചിലെ കൺസ്യൂമർ കോൺഫിഡൻസ് ഡേറ്റയും, കൺസ്യൂമർ സ്പെൻഡിങ്, പിസിഇ പ്രൈസ് ഇൻഡക്‌സുകളും അടുത്ത ആഴ്ച അമേരിക്കൻ വിപണിയെ സ്വാധീനിക്കും. അമേരിക്കൻ ജിഡിപി കണക്കുകളും അടുത്ത ആഴ്ച ലോക വിപണിയുടെ ഗതി നിർണയിച്ചേക്കാം.

മുൻ ആഴ്ചയിലെ നേട്ടം കൈവിടാതെ കഴിഞ്ഞ വാരം പിടിച്ചുനിന്ന യുഎസ് വിപണി ബൈഡൻ യൂറോപ്പിൽനിന്നും തിരികെ വന്നതിനു ശേഷം ഏണിങ് വാങ്ങലുകളുടെ പിൻബലത്തിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ക്രൂഡ്, ബോണ്ട് യീൽഡ് മുന്നേറ്റങ്ങൾ എനർജി-ബാങ്കിങ് സെക്ടറുകൾക്ക് നൽകുന്ന 'റിവേഴ്സ് ഇമ്പാക്റ്റും' യുഎസ് സൂചികകളുടെ പ്രതീക്ഷയാണ്.

റഷ്യ ഒരു മാസമായി യുക്രെയ്‌നിൽ തുടരുന്ന അധിനിവേശം എങ്ങോട്ടെന്നില്ലാതെ തുടരുന്നതും, യുഎസ് പ്രസിഡന്റ് യൂറോപ്പിൽ നേരിട്ടു വന്ന് റഷ്യക്കെതിരെ സാമ്പത്തിക യുദ്ധത്തിനു നേതൃത്വം കൊടുക്കുന്നതും ലോക ക്രമത്തെതന്നെ ആശങ്കയിലാക്കുന്നുണ്ട്. പുട്ടിനെ 'യുദ്ധ വീരൻ' എന്ന് കഴിഞ്ഞ ആഴ്‌ച്ച വിശേഷിപ്പിച്ച ശേഷം ഇന്നലെ വീണ്ടും പുട്ടിനെ 'കശാപ്പുകാരൻ' എന്ന് വിശേഷിപ്പിച്ച ബൈഡന്റെ 'നയതന്ത്രജ്ഞത'യിലെ വീഴ്ചയും ലോകത്തിന് ആശങ്കയാണ്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ഒരു മാസം പിന്നിട്ടപ്പോൾ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ചേർന്ന് റഷ്യക്കെതിരായ എണ്ണയുദ്ധം ക്രമീകരിച്ചു കഴിഞ്ഞു. ബൈഡന്റെ സമ്മർദ്ദത്തിൽ ജർമനിയും ജൂൺ മാസത്തോടെ റഷ്യൻ എണ്ണ ഇറക്കുമതി പകുതിയാക്കുമെന്ന് പ്രഖ്യാപിച്ചതും, റഷ്യൻ കൽക്കരി ഇറക്കുമതി നിർത്തിക്കഴിഞ്ഞതും ക്രൂഡ് ഓയിൽ വില മുന്നേറ്റത്തിന് വഴിവെക്കും. യൂറോപ്പിന് ഇനി 40 ദിവസം കൂടി പിന്നിടാനുള്ള ഡീസൽ മാത്രമേ ഉള്ളൂ എന്നതും, യൂറോപ്യൻ രാജ്യങ്ങളോട് എണ്ണയ്ക്കു പകരം റൂബിൾ ആവശ്യപ്പെട്ടു കഴിഞ്ഞതും എണ്ണ യുദ്ധത്തിൽ റഷ്യയ്ക്ക് തൽക്കാലം മേൽകൈ നൽകി. റഷ്യൻ എണ്ണയും, ഗ്യാസും, കൽക്കരിയും വാങ്ങാനാളുണ്ടെന്ന പുട്ടിന്റെ ആത്മവിശ്വാസം ചൈനയ്ക്ക് കുറഞ്ഞ വിലക്ക് ഊർജ്ജം ലഭ്യമാക്കും.

ഇറാൻ അണ്വായുധ വികസനങ്ങളിൽ കുറവ് വരുത്തുന്നതും, റഷ്യയ്ക്കും ഇറാന്റെ എണ്ണ വികാസത്തിൽ പങ്കാളിത്തം ഉറപ്പായതും ഇറാന്റെ മേൽ പാശ്ചാത്യ ശക്തികൾ അടിച്ചേൽപ്പിച്ച ക്രൂഡ് ഓയിൽ ഉപരോധത്തിന് അടുത്തു തന്നെ വിരാമമിട്ടേക്കാവുന്നത് ക്രൂഡ് ഓയിൽ വില വീഴ്ചക്ക് കാരണമാകുമെന്ന് വിപണി പ്രത്യാശിക്കുന്നു.

അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം 2.3 %ൽ അവസാനിച്ചതും, യുദ്ധ രംഗം വീണ്ടും വഷളാകുന്നതും സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി. 1930 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത പിന്തുണ. പൊതുമേഖല ഓഹരികൾ ഇനി മുതൽ ഇന്ത്യൻ വിപണിയിലെ 'സ്വർണ ഖനി'കളാണ്. പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ അടുത്ത പാദം മുതൽ ആരംഭിച്ചേക്കാം. ദീർഘകാല നിക്ഷേപകർ പൊതു മേഖല ഓഹരികളിൽ ക്രമാനുഗതമായി നിക്ഷേപം ഉയർത്തിക്കൊണ്ടു വരണം. പൊതു മേഖല ബാങ്കിങ്, ഇൻഷുറൻസ്, ഖനി, മെറ്റൽ, ക്യാപിറ്റൽ ഗുഡ്‌സ്, പെട്രോളിയം ,വൈദ്യുതി ഓഹരികൾ നിക്ഷേപത്തിന് യോഗ്യമാണ്.

പണപ്പെരുപ്പ വർദ്ധനവ് ഐടി സെക്ടറിന് അത്ര പ്രതികൂലമല്ലെന്നതും എന്നാൽ ഡോളർ വില വർധനവ് അനുകൂലമാണെന്നതും, അടുത്ത രണ്ടാഴ്ചയ്ക്കകം മുൻനിര ഐടി കമ്പനികൾ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നതും ഐടി ഓഹരികളെ ആകർഷകമാക്കുന്നു. ഇൻഫി, വിപ്രോ, ടെക് മഹിന്ദ്ര, മൈൻഡ് ട്രീ, എൽടിടിഎസ്, കെപിഐടി ടെക്ക്, ടാറ്റ എൽ എക്‌സി എന്നിവ പരിഗണിക്കാം. ടിസിഎസ്സിന്റെ ബയ് ബാക്ക് സമയം കഴിഞ്ഞത് ഓഹരിയിലുണ്ടാക്കിയേക്കാവുന്ന വീഴ്ച അവസരമാണ്.

നേവിയുടെ പുതിയ രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകൾ പണിയുന്നതിനുള്ള 887 കോടി രൂപയുടെ കരാർ ലഭിച്ചത് എൽ&ടിക്ക് അനുകൂലമാണ്. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. കൊച്ചിൻ ഷിപ്യാർഡ്, മാസഗോൺ ഡോക്‌സ്, എച്എഎൽ ഓഹരികളും യുദ്ധകാല നിക്ഷേപത്തിന് പരിഗണിക്കാം. ഭാരത് മാല, സാഗര മാല പദ്ധതികൾ ഉൾപ്പെടുന്ന കേന്ദ്ര സർക്കാരിന്റെ ഗതി ശക്തി പ്രോഗ്രാം, ഉദാൻ സ്‌കീം, ഫാർമ-ടെക്‌സ്‌റ്റൈൽ ക്ലസ്റ്ററുകൾ, കാർഗോ ടെർമിനലുകൾ, ഡിഫൻസ് കോറിഡോർ മുതലായ നിർമ്മാണങ്ങളും. ഒപ്പം റിയൽറ്റി ബൂമും ഇന്ത്യൻ ഇൻഫ്രാസ്ട്രക്ച്ചർ മേഖലയ്ക്ക് നൽകുന്ന കുതിപ്പ് ഇൻഫ്രാ, സിമന്റ് , മെറ്റൽ ഓഹരികൾക്കും മുന്നേറ്റം നൽകും.