- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയർലൻഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഹാർദ്ദിക് പാണ്ഡ്യ നായകൻ; സഞ്ജുവും സൂര്യകുമാറും ടീമിൽ തിരിച്ചെത്തി; രാഹുൽ ത്രിപാഠി പുതുമുഖ താരം
ന്യൂഡൽഹി: അയർലൻഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ച ഹാർദ്ദിക് പാണ്ഡ്യയാണ് നായകൻ. ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ നിന്ന് പരിക്കുമൂലം വിട്ടു നിൽക്കുന്ന സൂര്യകുമാർ യാദവും മലയാളി താരം സഞ്ജു സാംസണും ടീമിൽ തിരിച്ചെത്തി. ഐപിഎല്ലിൽ തിളങ്ങിയ രാഹുൽ ത്രിപാഠിയാണ് ഇന്ത്യൻ നിരയിലെ പുതുമുഖ താരം. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഋഷഭ് പന്തിന് പകരമാണ് സഞ്ജു സാംസൺ ടീമിലെത്തുന്നത്. പന്ത് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിലിടം നേടിയതോടെയാണ് സഞ്ജുവിന് വഴിതുറന്നുകിട്ടിയത്. സീനിയർ താരങ്ങളുടെ അഭാവത്തിൽ ദക്ഷണിഫ്രിക്കക്കെതിരായ പരമ്പരയിൽ റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്.
അയർലൻഡിനെതിരെ ഈ മാസം അവസാനം രണ്ട് ട്വന്റി 20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ദക്ഷിണാഫ്രിക്കക്കെതിാരയ പരമ്പരയിൽ ടീമിലുള്ള ഉംറാൻ മാലിക്കും അർഷദീപ് സിംഗും ദിനേശ് കാർത്തിക്കും വെങ്കടേഷ് അയ്യരും അയർലൻഡിനെതിരായ പരമ്പരയിലും സ്ഥാനം നിലനിർത്തി. റുതുരാജ് ഗെയ്ക്വാദും ഇഷാൻ കിഷനും തന്നെയാണ് ഓപ്പണർമാർ.
സഞ്ജുവിന് പുറമേ ഇഷാൻ കിഷൻ, ദിനേശ് കാർത്തിക്ക് എന്നീ വിക്കറ്റ് കീപ്പർ ബാറ്റർമാരും ടീമിലുണ്ട്. ജൂൺ 26, 28 തീയ്യതികളിലായാണ് ഇന്ത്യ-അയർലൻഡ് മത്സരം നടക്കുന്നത്. അയർലൻഡ് മത്സരത്തിന് വേദിയാകും.
ഐ.പി.എല്ലിൽ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ഫൈനലിലെത്തിയതോടെ താരം ഇന്ത്യൻ ടീമിലെത്തുമെന്ന പ്രതീക്ഷ സജീവമായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇടം നേടാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ അയർലൻഡിലേക്ക് പറക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ഏകദിന, ട്വന്റി 20 പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ പരമ്പരക്കുശേഷം റിഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരും.
ടീം ഇന്ത്യ: ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക്ക്, യൂസ്വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയി, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉംറാൻ മാലിക്.
സ്പോർട്സ് ഡെസ്ക്