ലണ്ടൻ: ജീവിതം തേടി ഗൾഫിൽ പോകാൻ മലയാളികൾ മടിക്കുന്നത് പോലെ ഇൻഫർമേഷൻ ടെക്‌നോളജി രംഗത്തെ അവസരം തേടി ബ്രിട്ടനിൽ എത്താൻ ഇന്ത്യൻ ടെക്കികളും മടിക്കുന്നു. ബ്രിട്ടനോട് മാത്രമല്ല, അമേരിക്കയോടും ഓസ്‌ട്രേലിയയോടും ഒക്കെ ഈ വിമുഖത ഇന്ത്യൻ പ്രൊഫഷണൽസ് കാണിക്കുന്നതായി കണക്കുകൾ തെളിയിക്കുന്നു. ഒരു പക്ഷെ ഒരു ദശകത്തിനുള്ളിൽ തന്നെ തൊഴിൽ തേടി രാജ്യം വിടാനുള്ള പ്രവണത ഇന്ത്യക്കാർ അവസാനിപ്പിച്ചേക്കും എന്നാണ് പുത്തൻ ട്രെന്റുകൾ വ്യക്തമാക്കുന്നതും.

ഏതാനും വർഷമായി ഇന്ത്യൻ സർക്കാർ ഈ ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ ഫലം കണ്ടു തുടങ്ങി എന്നതും ഈ കണക്കുകൾക്കു ഒപ്പം ചേർത്ത് വയ്ക്കാം. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പ്രൊഫാഷനലുകളുടെ ഒഴുക്ക് കുറയാൻ അതാത് രാജ്യങ്ങളിലെ പ്രശനങ്ങളും കരണമാകുന്നുണ്ടെങ്കിലും സ്വരാജ്യത്തു ലഭ്യമായ ഉയർന്ന തൊഴിൽ ലഭ്യത വിദഗ്ധരെ രാജ്യം വിടാൻ മടുപ്പിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ്.

ഐടി രംഗത്തെ ഉയർന്ന ശമ്പളം ഉള്ള രണ്ടു രാജ്യങ്ങളായ ബ്രിട്ടനും അമേരിക്കയും തന്നെ ആയിരുന്നു ഇന്ത്യൻ ടെക്കികളുടെയും സ്വപ്ന ലോകം. എന്നാൽ ഒരു വർഷത്തിനിടയിൽ ഈ രണ്ടു രാജ്യങ്ങളിലേക്കുമുള്ള ഒഴുക്കിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും കൂടുതൽ പേരെത്തിയിരുന്ന യുകെയിലേക്കു 42 ശതമാനം പേരും അമേരിക്കയിലേക്ക് 38 ശതമാനം പേരുടെ കുറവുമാണ് കണക്കുകളിൽ കാണുന്നത്. ആനുപാതികമായ കുറവ് ഓസ്‌ട്രേലിയയിലേക്കും പ്രകടമാണ്.

കഴിഞ്ഞ വർഷം അടിക്കടി റിപ്പോർട്ട് ചെയ്യപ്പെട്ട വംശീയ ആക്രമണമാണ് ഓസ്‌ട്രേലിയയ്ക്ക് പ്രധാനമായും പാരയായി മാറിയത്. ലോകത്തെ ഏറ്റവും അധികം സേർച്ച് ചെയ്യപ്പെടുന്ന തൊഴിൽ വെബ്‌സൈറ്റ് ഇൻഡീഡ് നടത്തിയ പഠനത്തിലാണ് ഈ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം തൊഴിൽ അന്വേഷിച്ചു ദുബൈയിൽ പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 21 ശതമാനം കുറവ് വന്നതായും വെബ്‌സൈറ്റ് ഇന്നലെ മുംബൈയിൽ പുറത്തു വിട്ട കണക്കുകൾ തെളിയിക്കുന്നു.

അതിനിടെ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വൻകുതിപ്പാണ് രേഖപ്പെടുത്തുന്നത്. മൾട്ടി നാഷണൽ കമ്പനികളുടെ അധികമായ സാന്നിധ്യവും ഇന്ത്യൻ ജീവിത രീതികളിൽ അടുത്ത കാലത്തുണ്ടായ മാറ്റവും വിദേശികളെ ഇന്ത്യയിൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. വൻകിട ഇന്ത്യൻ നഗരങ്ങളിൽ പാശ്ചാത്യ ജീവിത അനുബന്ധ സൗകര്യങ്ങൾ യഥേഷ്ടം ലഭ്യമാണെന്നത് വിദേശികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. ബ്രിട്ടനിൽ നിന്ന് മാത്രം കഴിഞ്ഞ വർഷം 25 ശതമാനം അധികം ഉദ്യോഗാർത്ഥികളാണ് ഇന്ത്യയിൽ ജോലി ചെയ്യാൻ എത്തിയത്. കൂടാതെ ഏഷ്യ, പസിഫിക് രാജ്യങ്ങളായ ജപ്പാൻ, ഓസ്‌ട്രേലിയ, മലേഷ്യ, കാനഡ, റഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നൊക്കെയായി 170 ശതമാനം പേരാണ് അധികമായി ഇന്ത്യൻ ജോലി തേടി എത്തിയിരിക്കുന്നത്.

ഇന്ത്യൻ ഐടി രംഗത്ത് വൻശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ ഒട്ടേറെ പേർ വിദേശ അവസരങ്ങൾ പരീക്ഷിച്ചിരുന്നു. എന്നാൽ വിദേശത്തു ലഭിക്കുന്ന ജീവിത സാഹചര്യങ്ങൾ ഇന്ത്യയിലും ലഭ്യമായി തുടങ്ങിയതോടെ അൽപ്പം അധിക പണത്തിനായി രാജ്യം വിടുന്നതിൽ നേട്ടമില്ല എന്ന ചിന്ത യുവ പ്രൊഫഷനലുകളിൽ വളരുകയാണ്. മുൻപേ എത്തിയവർ പങ്കു വയ്ക്കുന്ന കയ്‌പ്പേറിയ അനുഭവങ്ങളും തൊഴിൽ തേടിയുള്ള വിദേശ യാത്രയെ നിരുത്സാഹപ്പെടുത്താൻ കാരണമാകുന്നുണ്ട്. ബ്രിട്ടനിൽ ഐടി രംഗത്ത് ഏതാനും വർഷമായി തുടരുന്ന അനിശ്ചിതാവസ്ഥയും കമ്പനികളും വളർച്ച മുരടിപ്പും ബ്രക്‌സിറ്റ് ഉണ്ടാകുന്നതോടെ കമ്പനികളെ പ്രതികൂലമായി ബാധിക്കാൻ ഇടയുള്ളതും ഒക്കെ പ്രൊഫഷണലുകളെ പിന്നോട്ട് വലിക്കുന്ന കാരണമാണ്. സാധാരണക്കാരെ അപേക്ഷിച്ചു ഇത്തരം കാര്യങ്ങൾ വിശദമായി പഠിച്ചേ യുവ പ്രൊഫഷണലുകൾ വിദേശ ജോലികൾ സ്വീകരിക്കൂ.

ഒന്നര വർഷത്തിനകം ബ്രക്‌സിറ്റ് സംഭവിക്കും എന്ന് ഉറപ്പുള്ളതിനാൽ അനേകം ബ്രിട്ടീഷ് കമ്പനികൾക്ക് വിദേശ ഓർഡറുകൾ നഷ്ടപ്പെടാൻ ഇടയുണ്ട്. ഇത് പ്രത്യക്ഷമായും ബാധിക്കുക ജീവനക്കാരെ ആയിരിക്കും, അതും ഏറ്റവും പുതുതായി ജോലിക്കെത്തിയവരെ തന്നെയാകും അധികമായും ബാധിക്കുക. അതിനാൽ ബ്രക്‌സിറ്റ് അടുത്തെത്തി നിൽക്കുന്ന അവസരത്തിൽ ബ്രിട്ടീഷ് കമ്പനികൾ ആവശ്യത്തിന് പ്രൊഫഷനാലുകൾ ഇല്ലാതെ വലയുന്ന കാഴ്ചക്കും ഇട ഒരുങ്ങിയേക്കാം. ഇത് കമ്പനികളുടെ പ്രവർത്തനത്തെയും മികവിനെയും ലാഭത്തെയും ബാധിക്കും. ഇതോടെ തൊഴിൽ രംഗത്തെ അവസരങ്ങൾ തന്നെയാണ് നഷ്ടപ്പെടുന്നതും. ഈ തിരിച്ചറിവും മുന്നിൽ ഉള്ളപ്പോൾ പ്രതിസന്ധി നേരിടുന്ന ഒരു രാജ്യത്ത് എത്തി സ്വയം തല വച്ച് കൊടുക്കാൻ ഇന്ത്യൻ ടെക്കികൾ തയ്യാറല്ല എന്നതാണ് ബ്രിട്ടീഷ് ജോലികളോടുള്ള വിമുഖത വ്യക്തമാക്കുന്നത്.

ബ്രിട്ടനിലേക്കുള്ള വരവിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് ബ്രെക്‌സിറ്റ് തന്നെ ആണെന്നതിനു ജർമ്മനിയിലേക്കും അയർലന്റിലേക്കും കൂടുതൽ ഇന്ത്യൻ ടെക്കികൾകാണിക്കുന്ന താൽപ്പര്യം തന്നെ പ്രധാന തെളിവ്. ഭീകര ആക്രമണവും മറ്റും സംഭവിക്കുന്ന ജർമ്മനിയിലേക്ക് പത്തു ശതമാനം പേർ അധികമായി ജോലിക്കു എത്തിയപ്പോൾ സ്വതവേ ശാന്തമായ അയർലണ്ടിലേക്ക് 20 ശതമാനം പേരാണ് അധികമായി താൽപ്പര്യം കാട്ടിയത്. അയർലന്റ് ബ്രക്‌സിറ്റ് നയത്തിൽ ബ്രിട്ടന് എതിരായ നിലപാടാണ് സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ഇന്ത്യൻ ടെക്കികളെ മടുപ്പിക്കുന്നതായി ജോലിക്കുള്ള അഭിമുഖ സമയത്തു വ്യക്തമാകുന്നതായി ഇൻഡീഡ് ഇന്ത്യൻ മാനേജിങ് ഡയറക്ടർ ശശി കുമാർ വ്യക്തമാക്കുന്നു.

ഇതിനു സമാനം തന്നെയാണ് അമേരിക്കയോട് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഉള്ള സമീപനവും. ട്രംപ് അധികാരമേറ്റത് മുതൽ തൊഴിൽ രംഗത്ത് നിലനിൽക്കുന്ന അനിശിചിതത്വം മുന്നിൽ ഉള്ളപ്പോൾ വയ്യാവേലി തലയിൽ ഏറ്റാൻ ഇന്ത്യൻ പ്രൊഫഷണലുകൾ തയ്യാറല്ല. വിസ അനുവദിക്കുന്നതിലെ ആശയക്കുഴപ്പവും നിലവിൽ ജോലി ചെയ്യുന്നവരെ മടക്കി അയക്കുമെന്ന പ്രഖ്യാപനവും ഒക്കെ അമേരിക്കൻ തൊഴിൽ മേഖലയിൽ അനിശ്ചിതത്വം വളർത്തുന്നുണ്ട്. ലോകത്തിനു ഏറ്റവും കൂടുതൽ ഐടി വിദഗ്ധരെ സംഭാവന നൽകുന്ന ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണലുകളുടെ വരവ് ഇല്ലാതാകുന്നത് അമേരിക്കൻ ബിസിനസ് സംരംഭങ്ങളെയും തളർത്താൻ പര്യാപ്തമായ ഘടകമാണ്. ഇത് മുൻകൂട്ടി കണ്ടു ട്രംപിന്റെ നയങ്ങളിൽ അമേരിക്കൻ കമ്പനികൾ തന്നെ അതൃപ്ത്തി അറിയിച്ചിട്ടുണ്ട്.