ലണ്ടൻ: ഇന്ത്യയിൽ വീട്ടുവേലക്കാരിയോട് മോശമായി പെരുമാറിയാൽ ഒരു പൊലീസ് കേസ് എന്നതിൽ അപ്പുറത്തേക്ക് ശിക്ഷ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. എന്നാൽ, തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമങ്ങൾ കർക്കശമാക്കിയ യുകെ പോലൊരു രാജ്യത്ത് പോയാൽ നിയമങ്ങളിലെ അജ്ഞത പോലും വലിയ പുലിവാലാകും. ഇതിന്റെ തെളിവു കൂടിയാണ് കഴിഞ്ഞ ദിവസം ബ്രിട്ടനിലെ തൊഴിൽ ട്രിബ്യൂണൽ ഉത്തരവിട്ട വിധി.

വർഗവിവേചനക്കേസിൽ ബ്രിട്ടനിലെ ഇന്ത്യൻ-വംശജരായ ദമ്പതിമാർ ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിക്ക് നഷ്ടപരിഹാരം നൽകണമെവന്നാണ് ഉത്തരവ്. ബിഹാറിൽ നിന്നും ബ്രിട്ടനിൽ എത്തിച്ച് ജോലി ചെയ്യിച്ച വേലക്കാരിയുടെ പരാതിയിലാണ് ഈ ഉത്തരവ്. അജയ്പൂജ ചന്ദ്‌ഹോക്ക് ദമ്പതിമാർക്കെതിരെയാണ് വിധി.

ജോലിക്കാരി പെർമിള ടിർക്കി(39)യോട് മോശമായി പെരുമാറിയതിന് 1.84 ലക്ഷം പൗണ്ട്(1.86 കോടിരൂപ) നഷ്ടപരിഹാരം നൽകാനാണ് തൊഴിൽ ട്രിബ്യൂണൽ ഉത്തരവ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസിൽ നഷ്ടപരിഹാരം വിധിക്കുന്നത്. മണിക്കൂറിന് 11 പെൻസ് കൂലി എന്ന വ്യവസ്ഥയിലാണ് ദമ്പതിമാർ ഇവരെ നിയമിച്ചത്. ദിവസം 18 മണിക്കൂർവരെ ജോലിചെയ്യിച്ചിരുന്നതായി ട്രിബ്യൂണൽ കണ്ടെത്തി.

സേവനം നൽകുന്നയാൾ എന്ന പരിഗണനയ്ക്കു പകരം വീട്ടുകാർ അടിമയായാണ് ജോലിക്കാരിയെ കണക്കാക്കിയത്. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ഇവർക്ക് ബോധ്യമുണ്ടായിരുന്നില്ല എന്നീ അഭിപ്രായങ്ങൾ ട്രിബ്യൂണൽ രേഖപ്പെടുത്തി.
പൂജയുടെ അച്ഛൻ ഇന്ത്യയിൽ വേലക്കാരോട് പെരുമാറിയതുപോലെയാണ് ഇവിടെ ഇവർ ജോലിക്കാരിയോട് പെരുമാറിയതെന്ന് ട്രിബ്യൂണൽ കുറ്റപ്പെടുത്തി. അവധി നൽകാതെ തുടർച്ചയായാണ് തന്നെ ജോലി ചെയ്യിച്ചതെന്നും ട്രിബ്യൂണൽ വിധിയിൽ വ്യക്കമാക്കി.

2008ൽ ബിഹാറിൽനിന്നാണ് ഇവരെ ജോലിക്ക് കൊണ്ടുവന്നത്. പിരിച്ചുവിടുമെന്ന സാഹചര്യത്തിൽ 2013ൽ പെർമിള രാജിവച്ചിരുന്നു.
കേസിൽ കൂടുതൽ വാദം പിന്നീട് കേൾക്കും. വിധിയിലൂടെ നഷ്ടപ്പെട്ട ജിവിതം തിരിച്ചു കിട്ടിയതായും ഇത് മാതൃകയാണെന്നും ടിർക്കി പറഞ്ഞു. താൻ അനുഭവിച്ച പീഡനങ്ങൾക്ക് അറുതിയായെന്നും അവർ പറഞ്ഞു.

ബ്രിട്ടനിലെ നിർണ്ണായകമായ ഉത്തവരാണ് ഈ കേസിൽ ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ആധുനിക അടിമത്ത സമ്പ്രദായത്തിന് എതിരാണ് കോടതി വിധിയെന്നും സോളിസിറ്റർ വിക്ടോറിയ മാർക്ക്‌സ് പറഞ്ഞു.