ലണ്ടൻ: യുകെയിൽ വച്ച് എട്ട് മാസമുള്ള കുഞ്ഞിനെ മോഷ്ടിച്ചുവെന്ന പേരിൽ പ്രതി ചേർക്കപ്പെട്ട റുക്കിബായ് ലക്ഷ്മൻ കരവാദ്ര (62) എന്ന ലെസ്റ്ററിലെ ഇന്ത്യൻ സ്ത്രീയുടെ രക്ഷയ്ക്ക് അവസാനം ജൂറിയെത്തുകയും അവരെ വെറുതെ വിടുകയും ചെയ്തു. തനിക്ക് പരിചയമുള്ള കുഞ്ഞാണെന്ന് ധരിച്ചാണ് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ എടുത്തതെന്നായിരുന്നു റുക്കിബായ് വിശദീകരണം നൽകിയിരുന്നത്. എന്നാൽ അതല്ല ഈ സ്ത്രീ മനഃപൂർവം കുഞ്ഞിനെ മോഷ്ടിക്കാൻ ശ്രമിച്ചതാണെന്നായിരുന്നു മറുഭാഗം കുറ്റാരോപണം നടത്തിയിരുന്നത്. ഗുജറാത്തി മാത്രമേ ഈ സ്ത്രീക്ക് അറിയുമായിരുന്നുള്ളൂവെന്നും റിപ്പോർട്ടുണ്ട്.

ഇന്നലെ ലെയ്സെസ്റ്റർ ക്രൗൺ കോടതിയിൽ വച്ച് നടന്ന വിചാരണയിലാണ് സ്ത്രീയെ വെറുതെ വിട്ടിരിക്കുന്നത്. അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളുമടങ്ങിയ ജൂറിയാണ് 57 മിനുറ്റ് നീണ്ടു നിന്ന വിചാരണക്കൊടുവിൽ സ്ത്രീയെ കുറ്റവിമുക്തയാക്കിയിരിക്കുന്നത്. തന്നെ മോചിപ്പിച്ച് കൊണ്ടുള്ള വിധി ഒരു ഇന്റർപ്രെട്ടർ അറിയിക്കുമ്പോൾ റുക്കിബായ് തലതാഴ്‌ത്തി നിൽക്കുന്നത് കാണാമായിരുന്നു. തന്റെ കുട്ടിയെ പുഷ് ചെയർ സഹിതം ഈ സ്ത്രീ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് 28കാരിയായ സാറാ ഹണ്ട് ഈ ആഴ്ച ആദ്യം ജൂറർമാരുടെ മുന്നിൽ ബോധിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24നായിരുന്നു സംഭവം അരങ്ങേറിയത്.

എന്നാൽ താൻ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചില്ലെന്നായിരുന്നു വിചാരണയിലുടനീളം റുക്കിബായ് ബോധിപ്പിച്ചിരുന്നത്. ഒമ്പത് വർഷം മുമ്പ് യുകെയിൽ എത്തിയ റുക്കിബായ് തന്റെ സഹോദരന്റെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലുമാണ് കഴിയുന്നത്. എന്നാൽ ചിലപ്പോൾ ഇവർ പാർക്ക് ബെഞ്ചുകളിൽ ഉറങ്ങാറുണ്ടെന്നും ജൂറർ മാരുടെ മുമ്പിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ തന്റെ വീടിന്റെവാതിൽ മുട്ടി വിളിച്ച് തനിക്ക് കുട്ടിയെ വേണമെന്നാവശ്യപ്പെട്ട റുക്കിബായ് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് ഹണ്ട് പരാതിപ്പെട്ടിരുന്നത്. താൻ വാതിൽ അടയ്ക്കാൻ ശ്രമിച്ചുവെങ്കിലും റുക്കിബായ് കാൽ വച്ച് അത് തടഞ്ഞുവെന്നും കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും ഹണ്ട് ആരോപിച്ചിരുന്നു. തുടർന്ന് താൻ എങ്ങനെയോ വാതിൽ അടച്ചിട്ടും റുക്കിബായ് വാതിലിൽ തുടർച്ചയായി മുട്ടിയിരുന്നുവെന്നും ഹണ്ട് വെളിപ്പെടുത്തിയിരുന്നു.

താൻ ഈ ഫ്ലാറ്റിലെ മറ്റൊരു ഫ്ലോറിലെ താമസക്കാർക്കായി ക്ലീനിംഗിനായി എത്തിയതായിരുന്നുവെന്നും പരിചയത്തിലുള്ള കുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് എടുക്കാൻ ശ്രമിച്ചതായിരുന്നുവെന്നുമാണ് റുക്കിബായ് വിസദീകരണം നൽകിയിരുന്നത്. തനിക്ക് പരിചയമുള്ളവരുടെ ഫ്ലാറ്റാണെന്ന് തെറ്റിദ്ധരിച്ച് ഹണ്ടിന്റെ ഫ്ലാറ്റിലെത്തുകയായിരുന്നുവെന്നും കുട്ടിയെ കാണണമെന്നാവശ്യപ്പെടുകയായിരുന്നുവെന്നുമാണ് റുക്കിബായ് പൊലീസിനോട് പറഞ്ഞത്. താൻ പുഷ് ചെയർ തട്ടിപ്പറിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും അവർ നിഷേധിച്ചിരുന്നു.