ഒമാനിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ പ്രവാസികൾ ആശങ്കയിലാണ്. എന്തൊക്കെ മാനദണ്ഡങ്ങളാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ പാലിക്കേണ്ടതെന്നാണ് ഇതിൽ പ്രധാനം. ഇതിനായി എംബസി തന്നെ ഇതിന്റെ നടപടി ക്രമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇപ്പോൾ. എംബസി വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ നേരിട്ട് മസ്‌കത്ത് ഇന്ത്യൻ എംബസിയിലെത്തിയാണ് അപേക്ഷ നൽകേണ്ടത്. ഏഴ് പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ട് കോപ്പി, ലേബർകാർഡ് കോപ്പി എന്നിവ അപേക്ഷക്കൊപ്പം നൽകണം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുവരെയാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷാ ഫോറം വൈബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

എംബസിയിലെ രജിസ്‌ട്രേഷന് ശേഷം നീലനിറത്തിലുള്ള ഒരു കാർഡ് നൽകും. ഒമാൻ ലേബർ വകുപ്പിലേക്കുള്ള രജിസ്‌ട്രേഷൻ ഫോമാണിത്. ലേബർ ഓഫീസിൽ എത്തേണ്ട ദിവസം എംബസി അറിയിക്കും. ഞായറാഴ്ചകളിലാണ് റൂവിയിലെ ലേബർ ഓഫീസിൽ നീല കാർഡുമായി ഇന്ത്യക്കാർ എത്തേണ്ടത്. അറബിയിൽ ടൈപ്പ് ചെയ്ത നീലകാർഡും നാല് പാസ്‌പോർട്ട് സൈസ് ഫോട്ടോയും പാസ്‌പോർട്ട് ലേബർകാർഡ് പകർപ്പുകളും ഒപ്പം കരുതണം. രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് മുതലാണ് ലേബർ ഓഫീസിലെ രജിസ്‌ട്രേഷൻ നടക്കുക. ഇവിടെ സഹായത്തിനായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമുണ്ടാകും.

ഇവിടെ നിന്ന് ലഭിക്കുന്ന രശീതുമായി അന്ന് തന്നെ സീബിൽ വിമാനത്താവളത്തിന് എതിർവശത്തെ റോയൽ ഒമാൻ പൊലീസ് ഓഫീസിൽ എത്തണം. ഉച്ചക്ക് രണ്ടിനും രാത്രി എട്ടിനുമിടക്കാണ് ഇവിടെ എത്തേണ്ടത്. ഒരാഴ്‌ച്ചക്ക് ശേഷം കൈയിൽ പാസ്‌പോർട്ട് ഉള്ളവർ പൊലീസ് നിർദേശിക്കുന്ന ദിവസം വിമാനടിക്കറ്റുമായി എത്തണം. പാസ്‌പോർട്ട് ഇല്ലാത്തവരുടെ ഔട്ട്പാസ് എംബസി ലേബർ ഓഫിസിന് കൈമാറും. ഇതിനകം രണ്ടായിരത്തോളം എംബസിയിൽ ഔട്ട്പാസിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.