- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുദാപെസ്റ്റിലെ ലോക കേഡറ്റ് റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം; ഗുസ്തി താരം പ്രിയ മാലിക്കിന്റെ മെഡൽ നേട്ടം ആഘോഷമാക്കി സമൂഹമാധ്യമങ്ങൾ; ഒളിമ്പിക്സിലെന്ന് തെറ്റിദ്ധരിച്ച് പ്രമുഖർ; ചാനുവിന് പിന്നാലെ പ്രിയ വാർത്തകളിൽ നിറഞ്ഞത് വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിലെ മിന്നും ജയത്തിലൂടെ
ബുദാപെസ്റ്റ്: ഇന്ത്യ ഒരു സ്വർണ മെഡൽ സ്വന്തമാക്കിയിരിക്കുന്നു. പക്ഷേ ഏവരും കാത്തിരുന്നത് പോലെ അത് ടോക്യോ ഒളിമ്പിക്സിൽ അല്ല. ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് റെസ്ലിങ് ചാമ്പ്യൻഷിപ്പിലാണ് ഈ സ്വർണനേട്ടം. വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിൽ ഗുസ്തി താരം പ്രിയ മാലിക്കാണ് ഇന്ത്യക്ക് സ്വർണമെഡൽ സമ്മാനിച്ചത്.
ലോക കേഡറ്റ് റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 73 കിലോഗ്രാം വിഭാഗത്തിലാണ് പ്രിയ ഒന്നാമതെത്തിയത്. ഫൈനലിൽ ബെലാറസിന്റെ ക്സെനിയ പാറ്റപോവിച്ചിനെ 5-0 ന് പരാജയപ്പെടുത്തിയാണ് പ്രിയ കിരീടം നേടിയത്. ഈ വിജയത്തിലൂടെ, ലോക റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണ്ണമെഡൽ നേടുന്ന ആദ്യ അത്‌ലറ്റായ് പ്രിയ മാലിക് ചരിത്രമെഴുതിയിരിക്കുകയാണ്.
2019-ൽ പുണെയിൽ നടന്ന ഖേലോ ഇന്ത്യയുടെ എഡിഷനിലും അതേ വർഷം ഡൽഹിയിൽ നടന്ന ദേശീയ സ്‌കൂൾ ഗെയിംസിലും പ്രിയ സ്വർണം നേടിയിരുന്നു. പാറ്റ്നയിൽ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യൻഷിപ്പിലും താരം ഒന്നാമതെത്തി.
വ്യാഴാഴ്ച നടന്ന ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനു വേണ്ടി 43 കിലോഗ്രാം വിഭാഗത്തിൽ മറ്റൊരു യുവ ഇന്ത്യൻ ഗുസ്തി താരം തനു കിരീടം സ്വന്തമാക്കിയിരുന്നു. പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ മത്സരത്തിൽ അമാൻ ഗുലിയ 48 കിലോഗ്രാം വിഭാഗത്തിലും സാഗർ ജഗ്ലാനും 80 കിലോഗ്രാം വിഭാഗത്തിലും കിരീടങ്ങൾ നേടി ചരിത്രത്തിൽ ആദ്യമായി ടീം ചാമ്പ്യൻഷിപ്പ് നേടി ഇന്ത്യയെ മുന്നിലെത്തിച്ചിരുന്നു.
കൂടാതെ 65 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടി വർഷ മറ്റൊരു നേട്ടം കൈവരിച്ചിരുന്നു. ഇതിനു ശേഷമാണു പ്രിയ മാലിക്ക് സ്വർണ മെഡൽ നേടിയത്. ഇന്ത്യയുടെ മറ്റു താരങ്ങളായ ജസ്‌കരൻ സിങ്ങ് വെള്ളിയും വർഷ വെങ്കലവും നേടി. പഞ്ചാബിൽ നിന്നുള്ള ജസ്‌കരന്റെ പ്രായം 16 വയസ്സാണ്. 65 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ ദുയ്ഗു ജെന്നിനെ കീഴടക്കിയാണ് വർഷ വെങ്കലം കഴുത്തിലണിഞ്ഞത്.
Another champion making us all proud ????????
- Abhishek Bachchan (@juniorbachchan) July 25, 2021
Heartiest congratulations to #PriyaMalik on winning the Gold medal in the World Cadet Wrestling Championship! pic.twitter.com/QV0G1yCYgc
അതേ സമയം ഒളിമ്പിക്സിൽ 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ മീരഭായ് ചാനു വെള്ളിമെഡൽ നേടിയതിന് തൊട്ടുപിന്നാലെയാണ് പ്രിയ മാലിക്കിന്റെ ഈ ചരിത്രനേട്ടം എന്നതിനാൽ സമൂഹ്യമാധ്യമങ്ങൾ ആഘോഷമാക്കുകയാണ്. എന്നാൽ പ്രമുഖർ നേട്ടം ഒളിമ്പിക്‌സിലാണെന്ന് തെറ്റിദ്ധരിച്ച് അഭിനന്ദനങ്ങൾ നേരുകയും ചെയ്തു.
ജൂലൈ 19 മുതൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന കേഡറ്റ് വേൾഡ് ചാമ്പ്യൻഷിപ്പിലാണ് പ്രിയ നേട്ടം സ്വന്തമാക്കിയത്. ഈ സംഭവം ഞായറാഴ്ച സമൂഹമാധ്യമങ്ങളും മന്ത്രിമാരും അടക്കമുള്ളവർ വൻതോതിൽ ആഘോഷമാക്കുകയായിരുന്നു. എന്നാൽ പ്രസ്തുത ചാമ്പ്യൻഷിപ്പിൽ തന്നെ 43 കിലോ വിഭാഗത്തിൽ തന്നുവും 46 കിലോ വിഭാഗത്തിൽ കോമളും സ്വർണ മെഡൽ നേടിയിട്ടുണ്ട്. ഇതാരും പരാമർശിച്ചതുമില്ല.
പുരുഷ വിഭാഗം ഫ്രീ സ്‌റ്റൈലിൽ ചരിത്രത്തിലാദ്യമായി ടീം ഇനത്തിലും ഇന്ത്യ ചാമ്പ്യന്മാരായിരുന്നു. ചാമ്പ്യൻഷിപ്പ് അവസാനിച്ചപ്പോൾ ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ ഇന്ത്യയാണ് 147 പോയന്റുമായി ജേതാക്കളായത്. യു.എസ്.എ 143ഉം റഷ്യ 140ഉം പോയന്റുകൾ നേടി. വനിത വിഭാഗത്തിൽ യു.എസ്.എ 149 പോയന്റുമായി ജേതാക്കളായപ്പോൾ 139 പോയന്റുമായി ഇന്ത്യ രണ്ടാമതെത്തി.
ഗ്രീക്കോ റോമൻ വിഭാഗത്തിൽ 85 പോയന്റുമായി ജോർജിയ ജേതാക്കളായപ്പോൾ 29 പോയന്റമായി ഇന്ത്യ എട്ടാമതാണ്.
സ്പോർട്സ് ഡെസ്ക്