പെരിന്തൽമണ്ണ: സജീവ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ഇന്ത്യനൂർ ഗോപി (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാരതപ്പുഴ സംരക്ഷണസമിതി പ്രവർത്തകൻ എന്ന നിലയ്ക്ക് ശ്രദ്ധേയനായി. പ്ലാച്ചിമടയിൽ കൊക്ക കോള കമ്പനിയുടെ ജലചൂഷണത്തിനെതിരെ നടന്ന ജനകീയ സമരത്തിലും മുൻപന്തിയിൽ നിന്നു.

ഗോവിന്ദ മേനോൻ എന്നാണ് യഥാർത്ഥ പേര്. പാലക്കാട് ചെർപ്പുളശേരി അടയ്ക്കാപുത്തൂർ സ്വദേശിയാണ്. അടയ്ക്കാപുത്തൂർ ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപകനായിരുന്നു. അദ്ധ്യാപക, സർവീസ് സംഘടനകളുടെ ഭാരവാഹി, പ്‌ളാച്ചിമട സംരക്ഷണസമിതി പ്രസിഡന്റ്, കേരളഗ്രന്ഥശാല സംഘം സെക്രട്ടറി, കാൻഫെഡ് ഡയറക്ടർ, സംസ്ഥാന സർക്കാരിന്റെ വൈദ്യപഠനപദ്ധതി ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭാരതപുഴ സംരക്ഷണ പ്രവർത്തനങ്ങളുടെ മുൻനിരക്കാരനായി പ്രവർത്തിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന വിദ്യാർത്ഥി കോൺഗ്രസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ഗോപി കോയമ്പത്തൂർ ഗവൺമെന്റ് ആർട്‌സ് കോളേജിലെ വിദ്യാഭ്യാസത്തിനിടെ എ.കെ.ജിയുടെ പ്രേരണയിലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തുന്നത്. പാർട്ടി പിളർപ്പിന് ശേഷം സിപിഎമ്മിൽ നിന്ന് ഇന്ത്യനൂർ ഗോപി പാലക്കാട് ജില്ലയിലെ അറിയപ്പെടുന്ന നേതാക്കളിലൊരാളായി. 1998ൽ പരിസ്ഥിതി പ്രവർത്തനങ്ങളിൽ മുഴുവൻ സമയ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സജീവ രാഷ്ട്രീയ പ്രവർത്തനം മാറ്റി വച്ചു. പരിസ്ഥിതി രാഷ്ട്രീയം മുറുകെ പിടിക്കാതെ ഇടതുപക്ഷത്തിന് മുന്നോട്ട് പോകാനാവില്ലെന്ന് വിശ്വസിച്ചിരുന്നയാളാണ് ഇന്ത്യനൂർ ഗോപി.