ബുദ്ധിവൈഭവത്തിന്റെയും പ്രതിഭയുടെയും പേരിൽ ഇന്ത്യൻ കുരുന്നുകൾ ലോകത്ത് എവിടെയും അംഗീകരിക്കപ്പെടാറുണ്ട്. അമേരിക്കയിലെ പ്രശസ്തമായ സ്‌പെല്ലിങ് ബീ മത്സരത്തിൽ വിജയിക്കുന്നവരിലേറെയും ഇന്ത്യൻ വംശജരായ കുട്ടികളാണെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകമല്ലോ. അത്തരം രണ്ട് നല്ലവാർത്തകൾ ഇതാ ബ്രിട്ടനിൽനിന്നും. ചാനൽ 4 ഷോയിൽ ബ്രിട്ടനിലെ ഏറ്റവും ബുദ്ധിയുള്ള കുട്ടിയായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യക്കാരിയായ റിയ. മറ്റൊരു കുരുന്ന്, അതും വെറും രണ്ടുവയസ്സിൽ മനപ്പാഠമാക്കിയിരിക്കുന്നത് 196 ലോക തലസ്ഥാനങ്ങൾ! രക്ഷിത കുമാർ എന്ന രണ്ടുവയസ്സുകാരിക്ക് ഇത്രയും തലസ്ഥാനങ്ങൾ ഉച്ചരിക്കാൻ അഞ്ചുമിനിറ്റ് പോലും വേണ്ട.

ചൈൽഡ് ജീനിയസ് 

മുതിർന്ന ഭാഷാപണ്ഡിതർ പോലും കേൾക്കാത്ത വാക്കുകളുടെ സ്‌പെല്ലിങ് കൃത്യമായി ഉച്ചരിച്ചാണ് റിയ ചാനൽ 4-ലെ ചൈൽഡ് ജീനിയസ് ഷോയിൽ ഒന്നാമതെത്തിയത്. 'thelytokous', 'eleemosynary' എന്നീ വാക്കുകളുടെ സ്‌പെല്ലിങ്ങായിരുന്നു ഫൈനൽ റൗണ്ടിൽ കൃത്യമായി ഉച്ചരിക്കേണ്ടിയിരുന്നത്.

ലണ്ടനിലെ സ്വകാര്യ സ്്കൂളിൽ പഠിക്കുന്ന റിയയുടെ വിജയം രാജ്യമൊന്നാകെ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ, മത്സരത്തിനിടെ ഓരോ പോയന്റും നഷ്ടപ്പെടുമ്പോൾ വൈകാരികമായി ക്ഷോഭിക്കുകയും ഇടയ്ക്കിടെ ക്വിസ് മാസ്റ്ററെപ്പോലും ചോദ്യം ചെയ്യുകയും ചെയ്ത റിയയുടെ അമ്മ സോണലിന്റെ ബഹളം വിവാദമാവുകയും ചെയ്തു.


ഓക്‌സ്ഫഡിലോ കേംബ്രിഡ്ജിലോ ചേർന്ന് പഠിക്കണമെന്നും ഡോക്ടറാകണമെന്നും ആഗ്രഹിക്കുന്ന റിയ ഒട്ടേറെ റൗണ്ടുകളുണ്ടായിരുന്ന ഷോയിലെ ഓരോ ഘട്ടത്തിലും മിടുക്ക് പ്രദർശിപ്പിച്ചുതന്നെയാണ് മുന്നേറിയത്. ഫ്‌ളോറൻസ് നൈറ്റിംഗേലിനെ ഇഷ്ടപ്പെടുന്ന റിയയ്ക്ക് അവരുടെ ജീവിതത്തിൽനിന്നുള്ള സംഭവങ്ങൾ ഉൾപ്പെടുത്തിയ ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകേണ്ടിവന്നു. 12 വയസ്സുള്ള സ്റ്റീഫനും ഒമ്പതുവയസ്സുകാരിയായ സാഫിയുമായിരുന്നു ഫൈനലിലെ മറ്റു രണ്ടുപേർ.

എന്നാൽ, റിയയുടെ അമ്മ സോണലിന്റെ പ്രകടനം പല കാണികളുടെയും കടുത്ത എതിർപ്പിന് ഇടയാക്കി. ഇതൊരു കളിയാണെന്ന് ഉൾക്കൊള്ളാതെ ഭ്രാന്ത് കാണിക്കുകയാണ് സോണലെന്നാണ് കാണികൾ കുറ്റപ്പെടുത്തിയത്. ഡോക്ടറായിരുന്ന സോണൽ മകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ജോലി പോലും തൽക്കാലം വേണ്ടെന്നുവച്ചിരിക്കുകയാണ്.

രണ്ടുവയസ്സിലെ വിസ്മയം

ഡിൻബറോയിൽനിന്നുള്ള രക്ഷിത കുമാറിനോട് ലോകത്തെ ഏതുരാജ്യത്തിന്റെ തലസ്ഥാനവും ചോദിച്ചോളൂ. ഒരു നിമിഷം പോലും ആലോചിക്കേണ്ട കാര്യമില്ല. ഉത്തരം റെഡി. ഇത്തരത്തിൽ ലോകത്തെ 196 രാജ്യങ്ങളുടെയും തലസ്ഥാനം ഈ രണ്ടുവയസ്സുകാരിയുടെ മനസ്സിലുണ്ട്. മാത്രമല്ല, ഈ രാജ്യങ്ങളെയൊക്കെ അക്ഷരമാലാ ക്രമത്തിൽ അടുക്കി പറയാനും രക്ഷിതയ്ക്കാവും.

ഇന്ത്യയിൽനിന്നുള്ള വിമാനയാത്രയ്ക്കിടെ മകളെ അടക്കിയിരുത്താൻ വേണ്ടിയാണ് അച്ഛൻ രമേഷ് കുമാറും അമ്മ കവിതയും രാജ്യ തലസ്ഥാനങ്ങൾ മകൾക്ക് പറഞ്ഞുകൊടുത്തത്. ഇന്ത്യയുടെയും ബ്രിട്ടന്റെയും അമേരിക്കയുടെയുമൊക്കെ തലസ്ഥാനങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. എ്ന്നാൽ, അതിലൊരു രസം കണ്ടെത്തിയ രക്ഷിത ഓരോരോ രാജ്യങ്ങളായി പഠിച്ചുതുടങ്ങി.

കളിപ്പാട്ടങ്ങളെക്കാൾ തലസ്ഥാനങ്ങളെ സ്‌നേഹിച്ചുതുടങ്ങിയ രക്ഷിതകുമാർ അതിവേഗത്തിലാണ് ഓരോ രാജ്യങ്ങളെയും തലസ്ഥാനങ്ങളെയും മനപ്പാഠമാക്കാൻ തുടങ്ങിയത്. ലോകത്തെ 30 തലസ്ഥാനങ്ങളെക്കുറിച്ചുള്ള പുസ്തകമാണ് ആദ്യം വാങ്ങി നൽകിയത്. ഒരാഴ്ചകൊണ്ട് അത് 30-ഉം രക്ഷിത പഠിച്ചു. പിന്നീട് മറ്റു രാജ്യങ്ങളും രക്ഷിതയ്ക്ക് വഴങ്ങി.