മെൽബൺ: കാൻബറ സ്വദേശിയായ സ്ത്രീയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതിനും ഇന്ത്യക്കാരായ രണ്ടു യുവാക്കൾക്കെതിരേയുള്ള വിചാരണ ഓസ്‌ട്രേലിയൻ ടെറിട്ടറി സുപ്രീം കോടതിയിൽ ആരംഭിച്ചു. മൊബൈൽ ഡേറ്റിങ് ആപ്ലിക്കേഷനിലൂടെയാണ് ഇവർ സ്ത്രീയെ പരിചയപ്പെടുന്നതും പിന്നീട് പീഡനത്തിന് ഇരയാക്കുന്നതും. ഇന്ത്യൻ വംശജരായ അജിത്പാൽ സിങ് (31), രൺധീർ സിങ്(30) എന്നിവരാണ് വിചാരണ നടപടികൾ നേരിടുന്നത്. കേസിലെ മറ്റൊരു പ്രതിയായ ജാഷറൾ സന്ധുവിനെ പിടികൂടാൻ പൊലീസിനായിട്ടില്ല. ഇയാൾ രാജ്യം വിട്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

അപരിചിതരായ പുരുഷന്മാരോട് ഡേറ്റിങ് ആപ്ലിക്കേഷനിലൂടെയാണ് 39കാരിയായ സ്ത്രീ ബന്ധം സ്ഥാപിക്കുന്നത്. രൺധീർ സിംഗുമായിട്ടായിരുന്നു യുവതി ആദ്യം സൗഹൃദം സ്ഥാപിച്ചത്. ഒരു ദിവസം തമ്മിൽ കണ്ടുമുട്ടാമെന്നും ലൈംഗിക ബന്ധത്തിലേർപ്പെടാമെന്നും സ്ത്രീ രൺധീർ സിംഗിനോട് സമ്മതിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ രൺധീർ ഒറ്റയ്ക്കു വരുന്നതിനു പകരം മറ്റു രണ്ടു സുഹൃത്തുക്കളേയും ഇയാൾ കൂടെ കൂട്ടി. എന്നാൽ മൂന്നു പേർ ഒരുമിച്ചെത്തിയപ്പോഴാണ് സ്ത്രീക്ക് താൻ ചതിയില്പെട്ടതെന്ന് ബോധ്യമായത്. ഇതേത്തുടർന്ന് താൻ ഈ ബന്ധത്തിൽ നിന്നു പിന്മാറുകയാണെന്നും ഇതിൽ രൺധീർ സിംഗിനോട് മാപ്പു ചോദിക്കുകയും ചെയ്തു. എന്നാൽ രൺധീറിനൊപ്പം വന്ന അജിത് പാൽ സ്ത്രീയുടെ ഭർത്താവിനേയും കുട്ടി പഠിക്കുന്ന സ്‌കൂളും അറിയാമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും യുവതിയെ ബലമായി അജിത്പാലിന്റെ അപ്പാർട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.

അപ്പാർട്ട്‌മെന്റിന്റെ കാർ പാർക്കിങ് ഏരിയയിൽ വച്ച് ആദ്യം പീഡനത്തിന് ഇരയായ യുവതിയെ വീണ്ടും അപ്പാർട്ട്‌മെന്റിൽ കൊണ്ടുപോയി മൂവരും തുടർന്നു പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ നഗ്ന ഫോട്ടോകൾ ഇവർക്കൊപ്പമുണ്ടായിരുന്ന ജാൻഷർ സന്ധു എടുക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

രണ്ടു വയസുള്ള കുഞ്ഞിന്റെ അമ്മയായ യുവതി ഭർത്താവുമായി വേർപിരിഞ്ഞാണ് താമസമെങ്കിലും വിവാഹബന്ധം നഷ്ടപ്പെടാതിരിക്കാനായി അടുത്ത കാലത്ത് കാൻബറയിലേക്ക് താമസം മാറ്റുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർ മാർഗരറ്റ് ജോൺ കോടതിയിൽ വ്യക്തമാക്കി.