- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിന്റെ ഫാർമസിയെന്ന പെരുമ നിലനിർത്തി ഇന്ത്യ; 17 രാജ്യങ്ങൾക്ക് നൽകിയത് 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ; ആഫ്രിക്കയിലും കിഴക്കൻ അമേരിക്കയിലും ഇന്ത്യയുടെ പ്രതിരോധ മരുന്നെത്തി; ഒരുകോടി ഡോസ് വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പിൽ; വാക്‌സിൻ നയതന്ത്രത്തിൽ ചൈനയെ പിന്നിലാക്കി ഇന്ത്യ കുതിക്കുന്നു
ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്‌സിൻ ഉത്പാദനത്തിലും വിതരണത്തിലും ഇന്ത്യയുടെ വൻ മുന്നേറ്റം. ലോകത്തിന്റെ ഫാർമസിയെന്ന പെരുമ സ്വന്തമാക്കിയ ഇന്ത്യയുടെ വാക്‌സിൻ നയതന്ത്രം കൂടുതൽ രാജ്യങ്ങളിലേക്ക്. 17 രാജ്യങ്ങൾക്കാണ് ഇന്ത്യ നിലവിൽ കോവിഡ് വാക്‌സിൻ കൈമാറിയത്.
ആദ്യം വാക്‌സിൻ നൽകി പേരും സമ്പത്തുമുണ്ടാക്കാമെന്ന ചൈനയുടെ പദ്ധതിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് ഇന്ത്യയുടെ മുന്നേറ്റം. ആഫ്രിക്കയിലും കിഴക്കൻ അമേരിക്കയിലും വരെ ഇന്ത്യയുടെ വാക്‌സിൻ എത്തി. 56 ലക്ഷം ഡോസുകളാണ് ഇന്ത്യ നൽകിയത്. ഒരുകോടി ഡോസുകൾ കൂടി അയയ്ക്കാനുള്ള അനുമതി ലഭിച്ചതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
കരീബിയൻ ദ്വീപുകൾക്ക് അഞ്ച് ലക്ഷം ഡോസ് വാക്‌സിനും നിക്വാരഗ്വയ്ക്കും പസഫിക് ദ്വീപ രാഷ്ട്രങ്ങൾക്ക് രണ്ട് ലക്ഷം ഡോസുകൾ നൽകാൻ കേന്ദ്രം തീരുമാനിച്ചതായും അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.ഭൂട്ടാൻ, മാലിദ്വീപ്,ബംഗ്ലാദേശ്, നേപ്പാൾ, മ്യാന്മർ, മൗറീഷ്യസ്, ശ്രീലങ്ക, യു.എ.ഇ, ബ്രസീൽ, മൊറോക്കോ, ബഹറിൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഇന്ത്യ കോവിഡ് വാക്‌സിൻ സൗജ്യമായാണ് നൽകിയത്.
സൗദി, കാനഡ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ വാക്‌സിൻ വാങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആവശ്യത്തിന് ഡോസുകൾ രാജ്യത്തുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് കയറ്റി അയയ്ക്കുന്നത്.ഇന്ത്യയുടെ വാക്‌സിൻ നയതന്ത്രം ചൈനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
ശ്രീലങ്ക ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകാമെന്ന് ചൈന നേരത്തേ അറയിച്ചിരുന്നു. എന്നാൽ അതിന് ഒരുപടിമുമ്പേ ഇന്ത്യ ശ്രീലങ്കയ്ക്ക് സൗജന്യമായി വാക്‌സിൻ നൽകുകയായിരുന്നു. ചൈനയുടെ സുഹൃത് രാജ്യമാണ് ശ്രീലങ്ക. ശ്രീലങ്കയ്ക്ക് പുറമേ ബംഗ്ലാദേശിലും ഇന്ത്യൻ വാക്‌സിൻ നയതന്ത്രം ചൈനയ്ക്ക് മേൽ ജയം നേടിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ 'വാക്‌സിൻ മൈത്രി' (വാക്‌സിൻ ഫ്രണ്ട്ഷിപ്പ്) സംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യ പ്രകാരം രണ്ട് ദശലക്ഷം വാക്‌സിനുകൾ സമ്മാനമായി ബംഗ്ലാദേശിന് നൽകിയിരുന്നു.ഇപ്പോൾ ലോകത്ത് പാക്കിസ്ഥാനടക്കം വളരെ കുറച്ചുരാജ്യങ്ങൾ മാത്രമാണ് ചൈനയുടെ വാക്‌സിൻ ഉപയോഗിക്കുന്നത്.
വേണ്ടത്ര പരീക്ഷണങ്ങൾ നടത്താത്തതിനാൽ ചൈനീസ് വാക്‌സിനുകളെ ഭീതിയാേടെയാണ് പലരും നോക്കിക്കാണുന്നത്. ചൈന നൽകിയ വാക്‌സിൻ സ്വീകരിക്കാൻ ഭയമാണെന്ന് പാക്കിസ്ഥാനിലെ ആരോഗ്യപ്രവർത്തകർ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. ആവശ്യപ്പെട്ട അത്രയും ഡോസുകൾ പാക്കിസ്ഥാന് കൊടുക്കാൻ ചൈന താത്പര്യം കാണിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
ന്യൂസ് ഡെസ്ക്