തിരുവനന്തപുരം: ഇന്ത്യാവിഷൻ, ടിവി ന്യൂ ചാനലുകളിലെ ജീവനക്കാരുടെ പ്രശ്‌നം നിയമസഭയിലുമെത്തി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്. ജീവനക്കാർക്ക് ശമ്പളം നൽകാത്തത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. എന്നാൽ വിഷയത്തിൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ചില ടെലിവിഷൻ ചാനലുകളിലെ ജീവനക്കാർ ശമ്പളം കിട്ടാതെ വലയുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ ആവശ്യപ്പെട്ടു. നിയമസഭയിൽ സബ്മിഷനിലൂടെ വിഷയം ഉന്നയിച്ച വി എസ്. മന്ത്രിസഭയിലെ ഒരംഗത്തിന്റെ ഭാര്യയുടെയും അദ്ദേഹത്തിന്റെ തന്നെയും ഉടമസ്ഥതയിലുള്ള ഇന്ത്യാവിഷൻ ചാനലാണ് ഇക്കാര്യത്തിൽ തൊഴിലാളികളെ ഏറ്റവും വിഷമിപ്പിക്കുന്നതെന്ന് ആരോപിച്ചു.

ടി.വി. ന്യൂ ചാനൽ, ജീവൻ ടി.വി എന്നിവയിലും സമാനമായ സ്ഥിതിയാണുള്ളത്. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ശമ്പളം കിട്ടാതെ ദുരിതം അനുഭവിക്കുന്ന സ്ഥിതിയിലാണ്. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടോ എന്നും അങ്ങനെയെങ്കിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. തൊഴിൽ മന്ത്രി ഷിബു ബേബി ജോണിന്റെ ആഭാവത്തിൽ മന്ത്രി കെ.സി ജോസഫാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടി നൽകിയത്. എഴുതി നൽകിയ ചോദ്യത്തിലില്ലാത്ത കാര്യങ്ങളാണ് വി എസ് ഉന്നയിച്ചതെന്ന് കെ.സി ജോസഫ് പറഞ്ഞു. നേരത്തേ നൽകിയ കുറിപ്പിൽ ചാനലുകളുടെ പേരുകൾ പറഞ്ഞിരുന്നില്ല. എന്തായാലും സർക്കാർ ഇക്കാര്യം ഗൗരവമായാണ് കാണുന്നത്. സ്വാകാര്യ സ്ഥാപനങ്ങൾ ആയതിനാൽ നടപടികൾ സ്വീകരിക്കുന്നതിന് പരിമിതികളുണ്ടെന്നും കെ.സി.ജോസഫ് പറഞ്ഞു.

ശമ്പള വിതരണം, നടത്തിപ്പ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് കേരളത്തിലെ രണ്ട് വാർത്താ ചാനലുകളിലെ ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യാവിഷനിൽ ഈ മാസം ഒന്നിനും, ടിവി ന്യൂവിൽ ഈ മാസം ഏഴിനുമാണ് സമരം ആരംഭിച്ചത്. ഇരു ചാനലുകളിലും വാർത്താ സംപ്രേഷണം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. അതിനിടെ ശമ്പളം ഉൾപ്പെടെയുള്ള വിഷയത്തിൽ പരിഹാരമാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അവർ. ടിവി ന്യൂ ചാനലിൽ കേരളാ പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. ചാനൽ ചെയർമാൻ മർസൂക്കുമായി അനൗദ്യോഗിക ചർച്ചകളും നടത്തി. ഈ മാസം 12 ഓടെ എല്ലാ തൊഴിലാളികൾക്കും ഒരുമാസത്തെ ശമ്പളം നൽകാമെന്നാണ് നൽകിയിരിക്കുന്ന ഉറപ്പ്. എല്ലാ ബ്യൂറോകളും പ്രവർത്തന സജ്ജമാക്കും.

ഈ വാഗ്ദാനം പാലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് ടിവി ന്യൂ ജീവനക്കാരുടെ തീരുമാനം. അതിനിടെ നിലവിലെ മാനേജ്‌മെന്റ് മാറിയാൽ ചാനൽ ഏറ്റെടുക്കാമെന്ന് പ്രമുഖ പ്രവാസി വ്യവസായിയായ യൂസഫലി അറിയിച്ചതായും സൂചനയുണ്ട്. ചാനലിൽ ആറ് കോടി രൂപയാണ് യൂസഫലി നിക്ഷേപിച്ചത്. എന്നാൽ ഒരു ഘട്ടത്തിലും പരസ്യമായ ഇടപെടലിന് തയ്യാറായുമില്ല. പൂർണ്ണാധികാരം ഏൽപ്പിച്ചാൽ കൂടുതൽ പണം മുടക്കി ചാനലിനെ രക്ഷിക്കാമെന്നാണേ്രത യൂസഫലിയുടെ നിലപാട്. ഈ മാസം അവസനോത്തോടെ നിക്ഷേപകരുടെ യോഗം ചേരുന്നുണ്ട്. അതിൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

ഇന്ത്യാവിഷനിൽ ഒരുതരത്തിലുള്ള പുരോഗതിയും ചർച്ചകളിൽ ഇല്ല. മറ്റെന്നാൾ ജീവനക്കാരുടെ യോഗം തിരുവനന്തപുരത്ത് ചേരും. അതിന് ശേഷം മന്ത്രി എം കെ മുനീറിന്റെ വീട്ടിലേക്ക് മാർച്ച് നടത്താനാണ് നീക്കം. അതിനിടെ മുത്തൂറ്റിന്റെ നേതൃത്വത്തിൽ ചാനൽ ഏറ്റെടുക്കാൻ ശ്രമം ഉണ്ട്. ഭൂരിപക്ഷ ഓഹരികൾ വിട്ടുകൊടുക്കാൻ മുനീർ തയ്യാറാകാത്തത് എന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വീട്ടിലേക്ക് സമരത്തിന് ജീവനക്കാർ ശ്രമിക്കുന്നത്.