കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി മന്ത്രി എം കെ മുനീൻ ഇത്തവണ കടുത്ത മത്സരമാണ് നേരിടുന്നത്. ശക്തനായ ഇടതു സ്ഥാനാർത്ഥിക്ക് പുറമേ ഇന്ത്യാവിഷനിൽ ശമ്പളം ലഭിക്കാത്ത തൊഴിലാളികൾക്കിടയിൽ നിന്നും ഒരാൾ കൂടി മത്സര രംഗത്തെത്തുന്നതാണ് മുനീറിനെ കൂടുതൽ കുഴപ്പത്തിലാക്കുന്നത്. ചാനൽ പൂട്ടിയതോടെ വഴിയാധാരമായ ജീവനക്കാരനാണ് മന്ത്രിക്കെതിരെ മത്സരരംഗത്തുള്ളത്. മുനീർ മത്സരിക്കുന്ന കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ ഇന്ത്യാവിഷൻ ഡ്രൈവറായിരുന്ന എ കെ സാജനാണ് സ്ഥാനാർത്ഥിയാകുന്നത്. 'ഞങ്ങളുടെ ശമ്പളമെടവിടെ' യെന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സാജൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തുള്ളത്.

2003 നൽ ഇന്ത്യാവിഷന്റെ തുടക്കകാലം മുതൽ സാജൻ ചാനലിലൊപ്പമുണ്ട്. ആറ് വർഷം മുമ്പ് സാജൻ ഇന്ത്യാവിഷന്റെ സ്ഥിരം ജീവനക്കാരനായി. ഐസ്‌ക്രീം പാർലർ കേസിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് ഇന്ത്യാവിഷൻ പുറത്തവിട്ടപ്പോൾ സ്ഥാപനത്തിനെതിരെ നിരവധി തവണ ആക്രമണങ്ങളുണ്ടായിരുന്നു. സാജനുൾപ്പെടെയുള്ളവരെ മുസ്ലിംലീഗ് പ്രവർത്തകർ പല തവണ ആക്രമിച്ചിരുന്നു. കൂടാതെ രാഷ്ട്രീയ സംഘർഷങ്ങളിലുൾപ്പെടെ മർദ്ധനമേറ്റ സാജൻ ആശുപത്രിയിലായ സംഭവവും ഇന്ത്യാവിഷന്റെ പ്രതാപകാലത്തിന്റെ ഓർമ്മകളാണ്.

2015 ഫെബ്രുവരിയിൽ ചാനൽ പൂട്ടിയതോടെ നിരവധി ജീവനക്കാരാണ് വഴിയാധാരമായത്. ജേർണ്ണലിസ്റ്റുകളിൽ ഏറെക്കുറെ എല്ലാവരുംതന്നെ ഇതര സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ, ജേർണലിസ്റ്റിതര ജീവനക്കാരിൽ പ്രബലവിഭാഗം ഇപ്പോഴും പുറത്തുണ്ട്. ചാനൽ പൂട്ടിയത് മുതൽ ജീവനക്കാരുടെ നാല് മാസത്തെ ശമ്പളം, ബ്യൂറോ എക്‌സ്‌പെൻസ്, ടാക്‌സി വാടക, ഓഫീസ് വാടക എന്നിയൊന്നും നൽകിയിരുന്നില്ല. ഇതൊന്നും ലഭിക്കാത്തതിനാൽ ഒരു വിഭാഗം ജീവനക്കാർ കടത്തിലാണ് താനും.

ഇത് പലപ്രാവശ്യം മുനീറിനെ കണ്ട് ആവശ്യപ്പെട്ടിട്ടും പണം നൽകാൻ മന്ത്രി തയ്യാറായിരുന്നില്ല. കേരളാ പത്രപ്രവർത്തക യൂണിയനും തൊഴിൽവകുപ്പും ഇടപെട്ടിട്ടും പലർക്കും പണം ഇപ്പോഴും ലഭിക്കാത്ത അവസ്ഥയാണ്. ജീവനക്കാരെ കേൾക്കാൻപോലും തയ്യാറാകാത്ത മുനീറിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് സാജൻ മത്സരിക്കുന്നത്. ഇപ്പോഴും പിരിച്ചുവിടപ്പെടാത്ത ജീവനക്കാർ ഒറ്റക്കെട്ടായി മന്ത്രി എം കെ മുനീറിനെതിരെ മത്സരിക്കാൻ ഇന്ത്യാവിഷൻ പ്രതിനിധിയായി സാജനെ രംഗത്തിറക്കിയിരിക്കുന്നത്. കോഴിക്കോടുള്ള മാദ്ധ്യമപ്രവർത്തകരുടെ വലിയൊരു നിരതന്നെ സാജനൊപ്പം അണിനിരക്കും. കൂടാതെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ട്. അടുത്തദിവസം നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതോടെ സാജൻ മണ്ഡലത്തിൽ സജീവമാകും.

അതിനിടെ കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ നമ്മുടെ ചിഹ്നം പരിപാടിയിൽ മന്ത്രിയോട് ഇന്ത്യാവിഷൻ പ്രശ്‌നം ഉന്നയിച്ചപ്പോൽ അതിനെ കുറിച്ചു ഒന്നും മിണ്ടാൻ എം കെ മുനീർ തയ്യാറായില്ല. അതേക്കുറിച്ച് ഒന്നും മിണ്ടരുതെന്നാണ് മന്ത്രി പറഞ്ഞത്. അതൊന്നും ഇവിടെ പറയാൻ സാധിക്കില്ലെന്നുമാണ് മുനീർ പറഞ്ഞത്. നേരത്തെ മുനീർ മത്സരിക്കാൻ ഇറങ്ങുമ്പോൾ തന്നെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആദ്യം വഴിയാധാരമായ ജീവനക്കാർക്ക് കുടിശ്ശികയായ ശമ്പളം നൽകിയ ശേഷം മത്സരിക്കാനാണ് ജീവനക്കാർ പറഞ്ഞത്. പ്രതിഷേധം അറിയിച്ച് തുറന്ന കത്തും അവർ എഴുതുകയുണ്ടായി.

മാദ്ധ്യമപ്രവർത്തകരിൽ നല്ലൊരു വിഭാഗവും മുനീറിനെതിരെ രംഗത്തുണ്ട്. ഇന്ത്യാവിഷനിലെ ജീവനക്കാർ തത്തെ പ്രചരണ രംഗത്തും ഇറങ്ങുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാതൃഭൂമി പത്രത്തിലെ മുൻ ജീവനക്കാരൻ ശ്രീജിത്ത് പത്രം മാനേജിങ് ഡയറക്ടറും യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എം പി വീരേന്ദ്രകുമാറിനെതിരേ മത്സരിച്ചിരുന്നു. യൂണിയൻ പ്രവർത്തനം നടത്തിയതിൽ പ്രതികാര നടപടിയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ജോലി വിട്ടാണ് വീരേന്ദ്രകുമാറിനെതിരേ ശ്രീജിത്ത് മത്സരിച്ചത്. ഇത് സജീവമായ ചർച്ചാവിഷയുമായി മാറുകയും ചെയ്തിരുന്നു. ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എം ബി രാജേഷ് വിജയിക്കുകയും ചെയ്തിരുന്നു.