കൊച്ചി: ഇന്ത്യാവിഷൻ ചാനലിലെ പ്രതിസന്ധിക്ക് ഇനിയും ശമനമായില്ല. ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് തുടർച്ചയായ നാലാം ദിവസവും ചാനലിന്റെ സംപ്രേഷണം മുടങ്ങി. ശമ്പള കുടിശ്ശിക തീർത്തു നൽകിയാൽ മാത്രം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്ന നിലപാടിലാണ് സമരക്കാർ. കൂടാതെ പത്രപ്രവർത്തക യൂണിയനുമായി സംസാരിച്ച് കൂടുതൽ പ്രേക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനും ചാനൽ ജീവനക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾക്ക് ഏകീകൃത രൂപം നൽകാനായി കോ-ഓർഡിനേഷൻ കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്.

ശമ്പളം കിട്ടാത്ത അവസ്ഥയിൽ ജോലി ചെയ്യാൻ സാധിക്കാതെ ക്ഷമകെട്ടാണ് സമരത്തിന് ഇറങ്ങിയതെന്നാണ് ജീവനക്കാരുടെ പക്ഷം. അതുകൊണ്ട് തന്നെ രണ്ടിൽ ഒന്നറിഞ്ഞ ശേഷം ജോലിക്ക് കയറാൽ മതിയെന്നാണ് എറണാകുളത്ത് ചേർന്ന ജീവനക്കാരുടെ യോഗത്തിൽ തീരുമാനിച്ചത്. ശമ്പളം നൽകാതെ പലതവണ പറ്റിക്കുന്നത് ആവർത്തിച്ചപ്പോവാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത് മന്ത്രി മുനീറിന്റെ വീട്ടിലേക്ക് മാർച്ച നടത്താനും ജീവനക്കാർ തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ മാനേജ്‌മെന്റിനോട് അനുകൂല നിലപാടുണ്ടായിരുന്ന ജീവനക്കാർ പോലും നാല് മാസത്തോളമായി ശമ്പളം കിട്ടാത്ത സാഹചര്യം ഉണ്ടായപ്പോൾ പ്രത്യക്ഷ സമരത്തിന് ഇറങ്ങാൻ ഇവരും തയ്യാറാകുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ വിവിധ ബ്യൂറോകളിൽ നിന്നുള്ള ജീവനക്കാർ യോഗത്തിൽ പങ്കെടുത്തിരുന്നു. മുഴുവൻ പേർക്കും ഒരു മാസത്തെയെങ്കിലും ശമ്പളം ലഭിച്ചാൽ വാർത്ത തുടങ്ങാമെന്ന് മാനേജ്‌മെൻര് അനുകൂല നിലപാടുള്ള ചിലർ പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാൻ മറ്റുള്ളവർ തയ്യാറായില്ല.

പിന്നീട് ജേണലിസ്റ്റ് യൂണിയൻ ഭാരവാഹികളുടെ ഇടപെടലിനേത്തുടർന്ന് മുടങ്ങിയ ശമ്പളം പൂർണമായി ലഭിച്ചാലേ ചാനലിന്റെ പ്രവർത്തനം ആരംഭിക്കാനാകൂ എന്ന് മാനേജ്‌മെന്റിനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു. ധാരണയുടെ അടിസ്ഥാനത്തിന് 25,000 രൂപയിൽ താഴെ പ്രതിമാസ ശമ്പളമുള്ള ജീവനക്കാർക്ക് ഒരുമാസത്തെ ശമ്പളം ലഭിച്ചിട്ടുണ്ട്.

ബാക്കിയുള്ളവർക്കു കൂടി ശമ്പളം നൽകിയാൽ വാർത്തകൾ പുനരാരംഭിച്ച് സ്ഥാപനത്തെ പിടിച്ച് നിർത്താനാണ് ഒരു വിഭാഗം ജീവനക്കാർ ശ്രമിക്കുന്നത്. ജേണലിസ്റ്റുകൾ, ക്യാമറാമാന്മാർ, വീഡിയോ എഡിറ്റർമാർ, മാർക്കറ്റിങ് മാനേജർമാർ, ഡ്രൈവർമാർ, അക്കൗണ്ടന്റുമാർ, ഡി.ടി.പി. ഓപ്പറേറ്റർമാർ, ഓഫീസ് അസിസ്റ്റന്റുമാർ തുടങ്ങി 250ഓളം ജീവനക്കാരാണ് ഇന്ത്യാവിഷനിൽ ജോലി ചെയ്യുന്നത്. വി ആർ കൃഷ്ണയ്യരെ പോലൊരു പ്രമുഖൻ അന്തരിച്ച വേളയിൽ ചാനലിൽ വാർത്ത പോലും ഉണ്ടായിരുന്നില്ല. നേരത്തെ ചിത്രീകരിച്ച പരിപാടികൾ മാത്രം ആവർത്തിച്ച് കാണിച്ചാണ് ചാനൽ ഇപ്പോൾ പ്രവർത്തിക്കുന്നത്.

കോർഡിനേഷൻ കമ്മറ്റിയുടെ കൺവീനറായി വീഡിയോ എഡിറ്റർ ജോഷിയെയും ജോയിന്റ് കൺവീനറായി ആർ.ശ്രീജിത്തിനെയും കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തു. അതിടിനെ, ഇന്ത്യാവിഷൻ പ്രവർത്തിക്കുന്ന എറണാകുളം പാടിവട്ടത്തെ ടുട്ടൂസ് ടവർ ഉടമകൾ ഇന്ത്യാവിഷൻ മാനേജ്‌മെന്റിനെതിരെ കെട്ടിടം ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് നൽകിയ കേസ് അവസാന ഘട്ടത്തിലാണെന്ന് സൂചനകളുണ്ട്. ഇതോടെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് ചാനൽ പോകുന്നത്. വാടക ഇനത്തിൽ തന്നെ കോടികലാണ് ചാനൽ കെട്ടിട ഉടമയ്ക്ക് നൽകാനുള്ളത്. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിലേക്കും കോടികൾ ചാനൽ അടയ്ക്കാനുണ്ട്. ഇതിന്റെ പേരിൽ ചാനലിനെതിരെ കേസ് നടക്കുന്നുണ്ട്.