കണ്ണൂർ: കണ്ണൂരിലേക്കുള്ള സർവ്വീസുകൾ നിർത്തുന്നത് ഇൻഡിഗോയുടെ പരിഗണനയിൽ എന്ന് സൂചന. ഇപി ജയരാജനെതിരെ മൂന്നാഴ്ച വിലക്ക് ഏർപ്പെടുത്തിയതിലെ സർക്കാർ പ്രതികാരം കണക്കിലെടുത്താണ് ഇത്. അങ്ങനെ വന്നാൽ കണ്ണൂർ വുമാനത്താവളം പ്രതിസന്ധിയിലാകും. വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കാത്ത കേരളത്തിലെ ഏക വിമാനത്താവളവും കണ്ണൂരാണ്. എയർഇന്ത്യ, എയർഇന്ത്യ എക്സ്‌പ്രസ്, ഗോ ഫസ്റ്റ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ മാത്രമാണ് കണ്ണൂരിൽ നിന്നു സർവീസ് നടത്തുന്നത്. ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം കുറവായതിനാൽതന്നെ ടിക്കറ്റ് നിരക്കുകളും മറ്റു വിമാനത്താവളങ്ങളേക്കാൾ കൂടുതലാണ് കണ്ണൂരിൽ.

അതിനിടെ സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂർ-ബെംഗളൂരു സർവീസ് റദ്ദാക്കി. ഇന്നലെ വൈകിട്ട് 3.20ന് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലെത്തി തിരിച്ച് 3.50ന് ബെംഗളൂരുവിലേക്ക് പോകേണ്ട ഇൻഡിഗോയുടെ സർവീസ് ആണ് റദ്ദാക്കിയത്. യാത്രക്കാർക്ക് രാത്രിയുള്ള ഫ്‌ളൈറ്റിൽ ടിക്കറ്റ് നൽകിയെന്ന് എയർലൈൻ പ്രതിനിധി പറഞ്ഞു. ഇതെല്ലാം കണ്ണൂർ വിടുന്നതിനെ കുറിച്ചുള്ള ഇൻഡിഗോയുടെ സൂചനകളായി വിലയിരുത്തുന്നുണ്ട്. ഇൻഡിഗോയുടെ ബസും മറ്റും പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഇത്.

ഇൻഡിഗോ തെറ്റു തിരുത്താൻ തയാറായാൽ അവരുടെ വിമാനത്തിൽ യാത്ര തുടരുന്നത് ആലോചിക്കുമെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ നിലപാട് മാറ്റത്തിനു പിന്നിൽ മറ്റൊരു കാരണം കൂടി: ഇൻഡിഗോയെ ബഹിഷ്‌കരിച്ചാൽ തൽക്കാലം ഇ.പി.ജയരാജനു കണ്ണൂരിൽ നിന്നു സംസ്ഥാനത്തിനുള്ളിൽ വിമാന യാത്ര ചെയ്യണമെങ്കിൽ എയർഇന്ത്യയിൽ കയറി തൊട്ടടുത്തുള്ള കോഴിക്കോട് വരെ മാത്രമേ എത്താനാകൂ.

കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്സ്‌പ്രസിന് ആഭ്യന്തര സർവീസുകൾ ഇല്ലാത്തതിനാൽ ആഭ്യന്തര സർവീസിനും മറ്റു മൂന്നു കാരിയർമാരെ ആശ്രയിക്കണം. കണ്ണൂരിൽ നിന്നും കോഴിക്കോടിനും കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമേ രാജ്യത്തെ മറ്റ് അഞ്ചു നഗരങ്ങളിലേക്കു മാത്രമാണ് ആഭ്യന്തര സർവീസുകളുള്ളത്. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, ചെന്നൈ, കൊച്ചി, തിരുവനന്തപുരം സർവീസുകൾ ഇൻഡിഗോയുടെ കുത്തകയാണ്. ഡൽഹിയിലേക്ക് എയർ ഇന്ത്യ മാത്രം. ഈ വിമാനം കോഴിക്കോട് വഴിയാണ്. മുംബെയിലേക്കു ഗോ ഫസ്റ്റും. 38 എയർക്രാഫ്റ്റ് മൂവ്‌മെന്റുകൾ നടക്കുന്ന ചൊവ്വാഴ്ചകളിൽ മാത്രമാണ് കണ്ണൂർ വിമാനത്താവളത്തിൽ അൽപമെങ്കിലും ആളനക്കം കാണുന്നത്.

കോവിഡിന് മുൻപ് ഇത് പ്രതിദിനം 50 എയർക്രാഫ്റ്റ് മൂവ്‌മെന്റ് വരെ എത്തിയിരുന്നു. രാജ്യാന്തര സർവീസുകളുടെ കാര്യത്തിലും കണ്ണൂരിന്റെ സ്ഥിതി ദയനീയമാണ്. കുവൈത്ത്, ഷാർജ, അബുദാബി, ദോഹ, മസ്‌കത്ത്, സലാല, ദമാം, റിയാദ്, ദുബായ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കാണ് നേരിട്ടു പറക്കാൻ കഴിയുക. അബുദാബി, മസ്‌കത്ത്, ദോഹ എന്നിവിടങ്ങളിലേക്കു മാത്രമാണ് രണ്ടു സർവീസുകൾ വീതമുള്ളത്.

കണ്ണൂർ-മുംബൈ സെക്ടറിൽ ഇൻഡിഗോ പ്രതിദിന സർവീസ് ആയി ഉയർത്തി. നിലവിൽ ഞായർ, ബുധൻ ഒഴികെ നടത്തുന്ന സർവീസ് 25 മുതലാണ് പ്രതിദിനമായി ഉയർത്തുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 4.15ന് മുംബൈയിൽ എത്തുന്ന തരത്തിലാണ് സമയ ക്രമീകരണം. മുംബൈയിൽ നിന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെട്ട് 2ന് കണ്ണൂരിലെത്തും. ഇതോടെ കണ്ണൂരിനും മുംബൈയ്ക്കും ഇടയിൽ പ്രതിദിനം 2 സർവീസ് ഉണ്ടാകും. ഇൻഡിഗോയ്ക്ക് പുറമേ ഗോ ഫസ്റ്റും കണ്ണൂർ-മുംബൈ സെക്ടറിൽ സർവീസ് നടത്തുന്നുണ്ട്.

വടക്കൻ മലബാറിൽ നിന്നുള്ള രാഷ്ട്രീയക്കാർക്കും തിരുവനന്തപുരത്തെയും കൊച്ചിയിലെയും ആശുപത്രികളിലേക്കുൾപ്പെടെ അടിയന്തരമായി പോകേണ്ടവർക്കും ഏക ആശ്രയമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ സർവീസ്. സംസ്ഥാനത്തിനുള്ളിൽ ഏറ്റവും കൂടുതൽ ദൂരം സർവീസ് നടത്തുന്ന വിമാനം കണ്ണൂർ തിരുവനന്തപുരം ഇൻഡിഗോ ആണ്.

ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ വിമാന സർവീസുകളിലൊന്നും കണ്ണൂരിൽ നിന്നാണ്. കണ്ണൂർ കോഴിക്കോട് ഡൽഹി എയർഇന്ത്യ സർവീസ് 10 മിനിറ്റു കൊണ്ട് കണ്ണൂരിൽ നിന്നു കോഴിക്കോട് എത്തും. കണ്ണൂരിൽ നിന്നൊഴികെ കേരളത്തിലെ ഒരു വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് ടിക്കറ്റെടുത്തു നേരിട്ടു പറക്കാനാകില്ല.