ന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയിലെ ഒരു ജീവനക്കാരൻ വീൽചെയറിലുള്ള ഒരു യാത്രക്കാരിയെ ലക്നോ എയർപോർട്ടിൽ വച്ച് അശ്രദ്ധമായി കൈകാര്യം ചെയ്തതിനെ തുടർന്ന് അവർ വീണിരുന്നു. ഇതിനെതിരെ ബാഡ്മിന്റൻ താരം പി.വി സിന്ധു ഇൻഡിഗോയ്ക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും എയർലൈനിനെ ബഹിഷ്‌കരിക്കാൻ ഓൺലൈൻ കാംപയിൻ നടത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പുറമെ ഇൻഡിഗോയുടെ സർവീസിന് പേര് ദോഷമുണ്ടാക്കുന്ന മറ്റ് ചില സംഭവങ്ങൾ കൂടി അടുത്തിടെ അരങ്ങേറിയിരുന്നു.

തൽഫലമായി എയർലൈനിന് നെഗറ്റീവ് പ്രതിച്ഛായ ഉണ്ടായി.തൽഫലമായി നവംബർ മൂന്നിന് 1255 രൂപ ഓഹരി വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇൻഡിഗോയുടെ ഓഹരി വില വീക്കെൻഡിൽ 1166 രൂപയായി ഇടിഞ്ഞ് താഴുകയും ചെയ്തിരുന്നു. ഇത്തരത്തിൽ എയർലൈനിലെ ഒരു ജീവനക്കാരന്റെ കൈപ്പിഴ മൂലം ഇൻഡിഗോയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് കോടികളാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈൻ ഇത്തരത്തിൽ കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിൽ അതിനെ രക്ഷിക്കാൻ ആർക്ക് കഴിയുമെന്ന ചോദ്യം ശക്തമാവുകയാണ്.

ഇൻഡിഗോ ജീവനക്കാരന്റെ അശ്രദ്ധ മൂലം വീൽചെയറിൽ നിന്നും യാത്രക്കാരി വീണതിനെ തുടർന്ന് പി.വി സിന്ധു ഇൻഡിഗോയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ട്വിറ്റരിൽ #boycottIndiGo എന്ന ഹാഷ് ടാഗിടുകയും ഇത് വൈറലാവുകയും ചെയ്തത് വിമാനക്കമ്പനിക്ക് കടുത്ത തിരിച്ചടിയാണേകിയിരിക്കുന്നത്. വിശാഖപട്ടണത്ത് നിന്നും പറന്നുയരാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തിന് മുന്നിൽ കാട്ടുപന്നി പെട്ടതിനെ തുടർന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകിയിരുന്നു. ദോഹയിലേക്ക് പോകുന്ന ഒരു വിമാനത്തിന്റെ എൻജിന് പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം എമർജൻസി ലാൻഡിങ് നിർവഹിക്കാൻ നിർബന്ധിതമായിരുന്നു.

അതിവേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന ഇൻഡിഗോ പോലുള്ള ഒരു എയർലൈനിനെ സംബന്ധിച്ചിടത്തോളം ഈ മാസം ഉണ്ടായത് പോലുള്ള പ്രശ്നങ്ങൾ അതിന്റെ വളർച്ചയെ ഗുരുതരമായി ബാധിക്കാൻ സാധ്യത വളരെ കുറവായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇൻഡിഗോയുടെ കാര്യത്തിൽ അത് സംഭവിച്ചിരിക്കുന്നു. 2005ൽ മാത്രം പ്രവർത്തനമാരംഭിച്ച ഇൻഡിഗോ കണ്ണടച്ച് തുറക്കുന്നതിന് മുമ്പാണ് വളർന്ന് കൊണ്ടിരുന്നത്. തുടക്കത്തിൽ ന്യൂഡൽഹിയിൽ നിന്നും ഇംഫാൽ വഴി ഗുഹാവതിയിലേക്കായിരുന്നു ആദ്യ വിമാം. തുടർന്ന് 2006 അവസാനമാകുമ്പോഴേക്കും ഇതിന് ആറ് വിമാന സർവിസുകളുണ്ടായി.

2007 അവസാനമാകുമ്പോഴേക്കും വിമാനങ്ങളുടെ എണ്ണം 15 ആയി. എന്നാൽ ഇക്കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 143 വിമാനങ്ങളുള്ള വലിയ എയർലൈനായി ഇൻഡിഗോ മാറിയിരിക്കുന്നു. നിലവിൽ 45.3 മില്യൺ യാത്രക്കാരാണ് ഈ സർവീസിൽ സഞ്ചരിക്കുന്നത്. ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായി മാറിയതിന് പുറമെ യൂറോപ്പിനും വടക്കെ അമേരിക്കക്കും പുറത്തുള്ള ഏറ്റവും ചെലവ് കുറഞ്ഞ എയർലൈനാകാനും ഇതിന് സാധിച്ചിരുന്നു. കഴിഞ്ഞ വർഷം ഇൻഡിഗോ 310 മില്യൺ ഡോളറായിരുന്നു ലാഭമുണ്ടാക്കിയത്. മൊത്തം വരുമാനം 2.6 ബില്യൺ ഡോളറാണ്. 12,000 ജീവനക്കാരാണ് എയർലൈനിലുള്ളത്.