തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിലെ കേസിൽ സിപിഎം നേതാക്കളുടെ പരാമർശങ്ങൾ തിരിച്ചടിയായേക്കും. മുഖ്യമന്ത്രി വിമാനത്തിൽ നിന്നു പുറത്തിറങ്ങിയശേഷമായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം പറഞ്ഞു. നേരത്തെ ഇതേ അഭിപ്രായം ഇ പി ജയരാജനും പറഞ്ഞിരുന്നു.

ുറമേരിയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുമ്പോൾ കോടിയേരി പറഞ്ഞതിങ്ങനെ: ''വിമാനം നിർത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി ആദ്യം പുറത്തേക്കിറങ്ങി. അപ്പോൾ അവർ (യൂത്ത് കോൺഗ്രസുകാർ) വളരെ ധൃതികൂട്ടി പിന്നിലേക്കു വരാൻ ശ്രമിച്ചപ്പോൾ, അവർക്കു മനസ്സിലായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരാൻ പ്രയാസമാണ്. അപ്പോൾ വിമാനത്തിൽ വച്ച് അവർ മുദ്രാവാക്യം വിളിക്കുകയാണ്. അപ്പോൾ ജയരാജനും ആളുകളും അവരെ തടഞ്ഞു.''

ഇ.പി.ജയരാജന്റെയും ആദ്യപ്രതികരണം ഇതുതന്നെ ആയിരുന്നു. യൂത്ത് കോൺഗ്രസുകാരുടേത് വധശ്രമമാണെന്ന വാദം ദുർബലമാക്കുന്നതാണ് രണ്ടു പ്രതികരണങ്ങളും. വധശ്രമമെന്ന് പറഞ്ഞുള്ള പൊലീസിന്റെ നടപടികൾക്ക് തിരിച്ചടിയാണ് ഈ പ്രസ്താവനകൾ. ഈ പ്രസ്താവനകളുയർത്തി കേസിനെ പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെ നീക്കം. മുഖ്യമന്ത്രി സീറ്റിലിരിക്കുമ്പോഴായിരുന്നു പ്രതിഷേധമെന്ന പൊലീസിന്റെ കണ്ടെത്തലിനെ തള്ളുന്നതാണ് കോടിയേരിയുടെ പ്രസ്താവന. സീറ്റിൽ പോലുമില്ലാതിരുന്ന ഒരാൾക്കെതിരെ മുദ്രാവാക്യം വിളിച്ചത് എങ്ങനെ വധശ്രമമാകുമെന്നതാണ് കോൺഗ്രസിന്റെ മറുചോദ്യം.

'വിമാനത്തിൽ യാത്ര ചെയ്ത ഒന്നുമുതൽ മൂന്നുവരെ പ്രതികൾ അഞ്ചുമണിയോടെ വിമാനം ലാൻഡ് ചെയ്യവെ, വിമാനത്തിലെ 20 അ നമ്പർ സീറ്റിൽ ഇരുന്ന മുഖ്യമന്ത്രിക്ക് നേരെ നിന്നെ ഞങ്ങൾ വെച്ചേക്കില്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത് മുഖ്യമന്ത്രിയെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചു.' ഇതാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ എഫ്െഎആറിലെ പരാമർശം. ഈ വാദത്തെ പൊളിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നത്.

അതേസമയം കണ്ണൂരിൽനിന്നു തിരുവനന്തപുരത്തേക്കു മുഖ്യമന്ത്രി പിണറായി വിജയൻ യാത്രചെയ്ത ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച സമയത്ത് വിമാനത്തിന്റെ വാതിൽ തുറന്നിരുന്നുവെന്ന് റിപ്പോർട്ട്. വിമാനം പറത്തിയ പൈലറ്റ് ഇൻഡിഗോ അധികൃതർക്കു കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മുഖ്യമന്ത്രി പുറത്തിറങ്ങിയ ശേഷമാകാം പ്രതിഷേധം എന്ന് സൂചിപ്പിക്കുന്നതാണ് ഈ റിപ്പോർട്ടും.

വാതിൽ തുറന്നിരുന്നുവെന്ന് വ്യക്തമായതോടെ, പ്രവർത്തകർ മുദ്രാവാക്യം വിളിച്ച കുറ്റത്തിന്റെ കാഠിന്യം കുറയുമെന്നാണു സൂചന. വാതിൽ തുറന്ന ശേഷം യാത്രക്കാർ അപമര്യാദയായി പെരുമാറിയാൽ വിമാനവുമായി ബന്ധപ്പെട്ട നിയമങ്ങളല്ല, പകരം വിമാനത്താവളത്തിലെ നടപടികളാണു ബാധകമാവുക. വിമാനത്തിന്റെ പിന്നിലെ വാതിലിനു തൊട്ടടുത്താണു മുഖ്യമന്ത്രി ഇരുന്നത്. പ്രവർത്തകരുടെ പ്രതിഷേധം ഏതാനും സെക്കൻഡുകൾ മാത്രമാണുണ്ടായിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

വിമാനം നിലത്തിറക്കിയതിനു പിന്നാലെ സീറ്റ് ബെൽറ്റ് ഊരാൻ അനുവദിച്ചുള്ള സന്ദേശം നൽകി. പിന്നാലെ വാതിൽ തുറക്കാൻ കാബിൻ ക്രൂവിനു നിർദ്ദേശം നൽകി. വാതിൽ തുറന്ന ശേഷമായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം വിളി. ഇവരെ ശാന്തരാക്കാൻ കാബിൻ ക്രൂ ശ്രമിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

പ്രതിഷേധം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നോ എന്ന കാര്യം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതായി സൂചനയില്ലെന്ന് ഇൻഡിഗോ വൃത്തങ്ങൾ പറഞ്ഞു. വലിയ വാർത്താപ്രാധാന്യം നേടിയ വിഷയം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് ഇൻഡിഗോയുടെ പ്രതീക്ഷ.

കേസ് പ്രത്യേക കോടതിയിലേക്ക്, ജയരാജനെതിരെ കേസെടുത്തില്ല

ചട്ടം നോക്കുകയാണെങ്കിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകരേക്കാൾ അവരെ തള്ളി താഴെയിട്ട എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയതെന്ന് ഇൻഡിഗോ വൃത്തങ്ങൾ പറഞ്ഞു. അതേസമയം വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന കേസ് മജിസ്‌ട്രേട്ട് കോടതി, പ്രിൻസിപ്പൽ സെഷൻസ് കോടതിക്കു കൈമാറി. മജിസ്‌ട്രേട്ട് കോടതിക്ക് എയർക്രാഫ്റ്റ് നിയമങ്ങൾ കൈകാര്യം ചെയ്യാൻ അധികാരമില്ലെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണു നടപടി. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകും.

പ്രിൻസിപ്പൽ സെഷൻസ് കോടതി ഇനി ഹൈക്കോടതിയുമായി ആലോചിച്ച് പ്രത്യേക കോടതി രൂപീകരിച്ച് ഈ കേസ് അങ്ങോട്ടു മാറ്റും. നിലവിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ചെന്നൈയിൽ പ്രത്യേക കോടതിയുണ്ട്. അവിടേക്കു മാറ്റുമോയെന്നു വ്യക്തമല്ല. കോടതി ഏതെന്നു തീരുമാനിച്ചിട്ടേ പ്രതികളുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പരിഗണിക്കാവൂ എന്നു പ്രതിഭാഗം വാദിച്ചു. വിമാനത്തിനു കേടു പറ്റിയെന്ന പരാതി നൽകേണ്ടതു വിമാനക്കമ്പനിയാണെന്നും പൊലീസല്ലെന്നും പറഞ്ഞു.

ഇത്തരം കേസ് പരിഗണിക്കാൻ മജിസ്‌ട്രേട്ട് കോടതിക്ക് അധികാരമില്ലാത്ത സാഹചര്യത്തിൽ എങ്ങനെ ജാമ്യം മാത്രം പരിഗണിക്കുമെന്നു സർക്കാർ അഭിഭാഷകൻ ചോദിച്ചു. ഒന്നാം പ്രതിക്കെതിരെ നിലവിൽ 13 കേസുണ്ടെന്നും പറഞ്ഞു. എന്നാൽ, രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്തതിന്റെ കേസുകളാണ് ഇതെന്നു പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. 27 വരെയാണ് ഇവരെ റിമാൻഡ് ചെയ്തത്. മൂന്നാം പ്രതി സുനിത് നാരായണൻ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. വധശ്രമം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ പ്രകാരമാണു കേസ്. മുഖ്യമന്ത്രിയുടെ ഗൺമാൻ എസ്.അനിൽ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസാണു കേസ് രജിസ്റ്റർ ചെയ്തത്.

വിമാനത്തിൽ യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രണ്ടാം ദിവസവും കേസെടുത്തില്ല. മർദനത്തിന് ഇരയായാവർ പരാതി നൽകിയില്ലെന്നാണു പൊലീസ് ഭാഷ്യം. യൂത്ത് കോൺഗ്രസുകാർക്കെതിരെ വധശ്രമത്തിനു കേസെടുത്തപ്പോൾ ഇ.പി.ജയരാജനെതിരെയും നടപടി ആവശ്യപ്പെട്ടു കോൺഗ്രസ് രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസിന്റേതായ പത്തിലേറെ പരാതികൾ ഡിജിപിക്കു ലഭിക്കുകയും ചെയ്തു. ഡിജിപി അതെല്ലാം ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കു കൈമാറിയെങ്കിലും അദ്ദേഹം അതു താഴോട്ടു കൊടുത്തിട്ടില്ല. ആരെങ്കിലും പരാതി നൽകിയിട്ടു കാര്യമില്ല, മർദനമേറ്റെങ്കിൽ ഫർസീൻ മജീദും നവീൻ കുമാറുമാണു പരാതിപ്പെടേണ്ടതെന്നും അപ്പോൾ പരിശോധിക്കാമെന്നുമാണ് പൊലീസ് നിലപാട്.

ഇതേസമയം, മുഖ്യമന്ത്രിക്കെതിരെ നടന്നതു വധശ്രമമാണെന്ന് ഉറപ്പിക്കാനുള്ള തെളിവു ശേഖരിക്കുന്ന ശ്രമത്തിലാണു പ്രത്യേക അന്വേഷണ സംഘം. വിമാനത്തിലുണ്ടായിരുന്ന വനിത വികസന കോർപറേഷൻ എം.ഡി വി സി.ബിന്ദു ഉൾപ്പെടെ 3 യാത്രക്കാരുടെ മൊഴിയെടുത്തു. വിമാനക്കമ്പനിയായ ഇൻഡിഗോയുടെ റിപ്പോർട്ടും ശേഖരിച്ചു.