- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോൺഗ്രസുകാരെ ജയരാജൻ ശാരീരികമായി ആക്രമിച്ചുവെന്ന് വ്യക്തമാക്കി ഇൻഡിഗോ നടപടി; പ്രതിഷേധക്കാർ നടത്തിയത് അച്ചടക്കമില്ലാത്ത പെരുമാറ്റം മാത്രം; എല്ലാം നടന്നത് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി നിർത്തി സീറ്റ് ബെൽറ്റ് സിഗ്‌നൽ ഓഫ് ആകുകയും വാതിൽ തുറക്കുകയും ചെയ്ത ശേഷം; പൊളിയുന്നത് സിപിഎം വാദം; ഇപിയും കേസിൽ പ്രതിയായേക്കും
തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിൽ സിപിഎം പ്രതിക്കൂട്ടിലോ? സിപിഎമ്മും സർക്കാരും പറഞ്ഞതെല്ലാം ഇൻഡിഗോ കമ്പനി തള്ളുകയാണ്. ജൂൺ 13ന് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി നിർത്തി സീറ്റ് ബെൽറ്റ് സിഗ്‌നൽ ഓഫ് ആകുകയും വാതിൽ തുറക്കുകയും ചെയ്ത ശേഷമാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചതെന്ന് ഇൻഡിഗോയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. അതിനിടെ ഇൻഡിഗോയോട് ഇടതു കൺവീനർ ഇപി ജയരാജൻ മാപ്പു പറഞ്ഞുവെന്നതാണ് വസ്തുത.
ഇൻഡിഗോ ചുമതലപ്പെടുത്തിയ ആഭ്യന്തര സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും വിലക്ക് ഏർപ്പെടുത്തിയത്. ആർ.എസ്.ബസ്വാന അധ്യക്ഷനും സോണിയ ഭരദ്വാജ്, ഉപാസന ബാഗ്ല എന്നിവർ അംഗങ്ങളുമായ സമിതിയുടെ ഉത്തരവ് പുറത്തിറങ്ങിയ ഈ മാസം 16 മുതലാണു വിലക്ക്. പൈലറ്റ് ഇൻ കമാൻഡ് ക്യാപ്റ്റൻ രോഹിത് രാജീവ് അറോറയുടെ പരാതിയുടെയും കാബിൻ ക്രൂ പ്രിയങ്കയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ഇൻഡിഗോ ചുമതലപ്പെടുത്തിയ ആഭ്യന്തര സമിതി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും ഇ.പി.ജയരാജന്റെയും വിശദീകരണം തേടിയിരുന്നു. ജയരാജനു വേണ്ടി അഭിഭാഷക പാതിരപ്പള്ളി എസ്.കൃഷ്ണകുമാരിയാണ് ഓൺലൈനിൽ സമിതിക്കു മുന്നിൽ ഹാജരായത്. ഇതിന് ശേഷമാണ് തീരുമാനം എടുത്തത്.
വിമാനത്തിലെ അച്ചടക്കമില്ലായ്മ 3 തരമാണ്. ലവൽ 1: അച്ചടക്കമില്ലാത്ത പെരുമാറ്റം (ആംഗ്യങ്ങളും മറ്റും, വാക്കാലുള്ള ശല്യപ്പെടുത്തൽ, അനിയന്ത്രിത മദ്യപാനം തുടങ്ങിയവ). ലവൽ 2: ശാരീരികമായി ആക്രമിക്കുന്ന പെരുമാറ്റം (തള്ളൽ, ചവിട്ടൽ, അടിക്കൽ, പിടിച്ചെടുക്കൽ, അനുചിതമായ സ്പർശനം, ലൈംഗിക പീഡനം തുടങ്ങിയവ), ലവൽ 3: ജീവാപായ ഭീഷണി -എന്നിവയാണ് അവ. ഇതിൽ യൂത്ത് കോൺഗ്രസുകാർ ലെവൽ 1ലെ കുറ്റം ചെയ്തു. ജയരാജൻ രണ്ടിലെ കുറ്റവുമെന്നാണ് വിമാനക്കമ്പനിയുടെ നിലപാട്.
ഈ മാസം 5 ന് ഓൺലൈൻ ആയി സിറ്റിങ്ങിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ.കെ.നവീൻകുമാർ, പി.പി.ഫർസീൻ മജീദ് എന്നിവർ വിശദമായ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടു. അടുത്ത ദിവസം ഇമെയിലിൽ നൽകിയ വിശദീകരണത്തിൽ നിരുപാധികമായ ക്ഷമാപണം നടത്തിയ ഇരുവരും പ്രായവും ഇൻഡിഗോയിലെ സ്ഥിരം യാത്രക്കാരാണെന്ന പരിഗണനയും വച്ചു നിയമ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു. വിമാനത്തിനുള്ളിൽ തങ്ങളെ കയ്യേറ്റം െചയ്ത ഇ.പി.ജയരാജനെതിരെ നടപടിയും ആവശ്യപ്പെട്ടു. ഇതും അംഗീകരിക്കപ്പെട്ടു.
ജയരാജൻ മർദിച്ചെന്ന് ആരോപിച്ച് ഇവർ നൽകിയ പരാതിയിൽ പൊലീസ് അനങ്ങിയിട്ടില്ല. പ്രതിഷേധത്തിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ സാധ്യമായ വകുപ്പുകളെല്ലാം ചുമത്തി കേസെടുത്തു. അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ ഇരുവരും 10 ദിവസത്തിനു ശേഷമാണ് മോചിതരായത്. എന്നാൽ ഇവരേക്കാൾ വിലയ കുറ്റം ചെയ്തത് വിമാനക്കമ്പനിയുടെ കണ്ണിൽ ജയരാജനാണ്. അതുകൊണ്ട് തന്നെ ജയരാജനെതിരെ കേസെടുക്കേണ്ടി വന്നേക്കും. പൊലീസ് ഇതിന് തയ്യാറായില്ലെങ്കിൽ യൂത്ത് കോൺഗ്രസ് കോടതിയെ സമീപിക്കും.
വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്റെ മൊഴിയെടുക്കും. ഇന്നു 10 ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ശബരീനാഥനു പൊലീസ് നോട്ടിസ് നൽകി. ശബരിനാഥിനെ അറസ്റ്റു ചെയ്യണമെന്ന വാദവുമായി ഡിവൈഎഫ് ഐയും രംഗത്തു വന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നതുൾപ്പെടെ കുറ്റങ്ങൾ ചുമത്തിയിട്ടുള്ള കേസിൽ നിലവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പി.പി.ഫർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ, സുനിത് നാരായണൻ എന്നിവരാണു പ്രതികൾ.
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ കരിങ്കൊടി കാണിക്കണമെന്നു ശബരീനാഥൻ വാട്‌സാപ് ഗ്രൂപ്പിൽ നിർദ്ദേശം നൽകിയെന്ന തരത്തിൽ സ്‌ക്രീൻ ഷോട്ടുകൾ പുറത്തു വന്നിരുന്നു. തുടർന്നാണ് ശബരീനാഥന്റെ മൊഴിയെടുക്കതുന്നത്. കേസിൽ ഗൂഢാലോചന കൂടി ഉൾപ്പെടുത്താനാണു പൊലീസിന്റെ നീക്കമെന്നു സൂചനയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ