കോഴിക്കോട്: ഇൻഡിഗോ വിമാന സർവീസിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സഭയിൽ ഇൻഡിഗോക്കെതിരെ രംഗത്തുവന്നിരുന്നു. ഇതോടെ വിമാന കമ്പനിക്ക് പണി കൊടുക്കാൻ സർക്കാർ വകുപ്പുകളും രംഗത്തുവന്നു. നികുതി അടയ്ക്കാതെ സർവീസ് നടത്തിയതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വർക്ക്ഷോപ്പിൽ നിന്നാണ് പിടിച്ചെടുത്തത്. ആറ് മാസത്തെ നികുതി കുടിശ്ശികയാണ് അടയ്ക്കാനുള്ളത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

പിഴയും നികുതിയും ഉൾപ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇൻഡിഗോ അടക്കേണ്ടത്. ആർടിഒയുടെ നിർദ്ദേശ പ്രകാരം ഫറൂക്ക് ജോയിന്റ് ആർടിഒ ഉൾപ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. പണം അടച്ചാൽ ബസ്സ് വിട്ടുകൊടുക്കുമെന്ന് കമ്പനിയെ അറിയിച്ചതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ലെന്നും എയർപോർട്ടിലായതിനാൽ ഇതുവരെ ബസ് കസ്റ്റഡയിൽ എടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഇന്ന് പുറത്തിറക്കിയപ്പോൾ പിടിച്ചെടുക്കുകയായിരുന്നെന്നുമാണ് മോട്ടോർ വാഹനവകുപ്പിന്റെ വിശദീകരണം.

അതേസമയം വിഷയം പരിശോധിച്ച റിട്ടയേർഡ് ജഡ്ജി അടക്കമുള്ള മൂന്നംഗ സമിതിക്ക് തെറ്റുപറ്റിയിട്ടുണ്ട് തന്നെ വിലക്കുന്നതിന് പകരം പുരസ്‌കാരം നൽകുകയാണ് ഇൻഡിഗോ ചെയ്യേണ്ടിയിരുന്നതെന്നും ഇപി ജയരാജൻ അഭ്യർത്ഥിച്ചു. 'എന്റെ ഭാഗത്ത് പിശകില്ല. അതിനകത്ത് (വിമാനത്തിൽ) യൂത്ത് കോൺഗ്രസുകാര് 7, 8 സീറ്റുകളിലായിരുന്നു. മറ്റൊരാൾ മൗനം ദീക്ഷിച്ചായിരുന്നു.

ഞാൻ ഇരുന്നത് 18 ലും മുഖ്യമന്ത്രി 20ലുമായിരുന്നു. ലാന്റ് ചെയ്ത ഉടൻ ഇവർ ചാടിയെഴുന്നേറ്റു. ഞാൻ രണ്ട് സീറ്റ് പിടിച്ച് നിന്നതുകൊണ്ട് മുഖ്യമന്ത്രിക്കടുത്തേക്ക് അവർക്ക് എത്താനായില്ല. അവരുടെ വിമാനത്തിൽ അക്രമം ചെയ്യാൻ വന്നവരെ അതിന് സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചതിനെ എനിക്ക് പുരസ്‌കാരം നൽകുകയായിരുന്നു വേണ്ട തെന്നുമാണ് ജയരാജൻ വ്യക്തമാക്കിയത്.