കണ്ണൂർ: ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് ഇടതു മുന്നണി കൺവീനർ ഇപി ജയരാജൻ. ഏവിയേഷൻ നിയമത്തിന് വിരുദ്ധമായാണ് തനിക്കെതിരെ ഇൻഡിഗോ മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതെന്നും ജയരാജൻ ആരോപിച്ചു. ഒരു നിലവാരവും ഇല്ലാത്ത കമ്പനിയാണ് ഇൻഡിഗോ. ഇനി നടന്നു പോയാലും അതിൽ കയറില്ല. മാന്യമായ വിമാന കമ്പനി വേറെയുണ്ടെന്നും ഇപി പറഞ്ഞു. ക്രിമിനലുകളെ തടയാൻ വിമാന കമ്പനി ഒന്നും ചെയ്തില്ലെന്നും ഇപി കുറ്റപ്പെടുത്തി.

ഇൻഡിഗോ വിമാനത്തിൽ മൂന്നാഴ്ച വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത ശരിയാണെന്ന് ഇ പി ജയരാജൻ സ്വീരീകരിച്ചു. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇൻഡിഗോ കമ്പനിയിൽ നിന്ന് ഓൺലൈൻ ഡിസ്‌കഷന് വിളിച്ചിരുന്നു. 12 ന് വിശദീകരണം നേരിട്ട് നൽകാൻ ബുദ്ധിമുട്ട് ഉണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും കമ്പനിയെ അറിയിച്ചിരുന്നു. അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയതെന്ന് ഇ പി പറഞ്ഞു. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. അവർക്ക് ടിക്കറ്റ് നിഷേധിക്കണമായിരുന്നു. ഇത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇത്ര നിലവാരമില്ലാത്ത ഇൻഡിഗോയിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയായി ഇനി ഒരു ബന്ധവും ഇല്ല. മാന്യന്മാരായ വിമാനക്കമ്പനി വേറെയും ഉണ്ട്. ഇൻഡിഗോ ഓഫീസിലേക്ക് നോട്ടീസ് വന്നതായി മാത്രമാണ് വിവരം, അല്ലാതെ നേരിട്ട് അറിയിച്ചിട്ടില്ല. നടന്ന് പോയാലും ഇനി ഇൻഡിഗോയിൽ കയറില്ലെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. കൂട്ട് കച്ചവടവും ഗൂഢാലോചനയുമാണ് സംഭവത്തിന് പിന്നിൽ ഉണ്ടായത്. അത് ഓരോന്നായി പുറത്ത് വരികയാണ്, കെ എസ് ശബരിനാഥനെക്കെതിരായ നടപടി അതിന്റെ ഭാഗമാണെന്നും ജയരാജൻ പറഞ്ഞു. 

വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്കാണ് ശിക്ഷ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസും എടുത്തു. ഈ സാഹചര്യത്തിലാണ് ഇപി ജയരാജനെതിരായ നടപടി ചർച്ചയായത്.

അതിനിടെ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ സത്യം തെളിയുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർസീൻ മജീദ് നേരത്തെ പ്രതികരിച്ചിരുന്നു. ഭരണകൂടവും പൊലീസും ചുമത്തിയ കുറ്റം എന്താണെന്ന് പൊതു മന:സാക്ഷിക്ക് വ്യക്തമാക്കുന്ന നീക്കമാണ് ഇപ്പോഴുണ്ടായത്.ഇ പി ജയരാജൻ മർദ്ദിച്ചുവെന്ന് പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിട്ടില്ല. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കാണ് ചുമത്തിയത്. ഇനിയെങ്കിലും പൊലീസ് ഇ പി ക്കെതിരെ കേസെടുക്കണം.ഇ പി മർദ്ദിച്ചു എന്ന് ഞങ്ങൾ അന്നു മുതൽ പറഞ്ഞു കൊണ്ടിരിക്കുന്ന സത്യമാണ് ഇന്ന് പുറത്ത് വന്നതെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

വിമാനത്തിലെ പ്രതിഷേധം ചർച്ചയായിരുന്നു. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ടത് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ യൂത്ത് കോൺഗ്രസ്സുകാരെ തള്ളിവീഴ്‌ത്തുന്നതാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.

വിമാനത്തിനുള്ളിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം തടഞ്ഞ ഗൺമാനും പിഎക്കുമെതിരെ കേസെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു പ്രത്യേക പ്രത്യേക സംഘം. ഗൺമാൻ അനിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുകയാണ് ചെയ്തത്. പ്രതികളെ തടഞ്ഞത് അനിലിന്റെ കൃത്യ നിർവ്വഹണത്തിന്റെ ഭാഗമെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. പ്രതികളെ തടയാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പി എ സുനീഷിന് മർദ്ദനമേറ്റതാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഗൺമാൻ അനിൽ, പി എ സുനീഷ് എന്നിവർക്കെതിരെ കേസിൽ പ്രതിയാക്കപ്പെട്ട യൂത്ത് കോൺഗ്രസുകാർ പരാതി നൽകിയിരുന്നു.

അതിനിടെ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥന് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. വധശ്രമത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ. നാളെ 11 മണിക്ക് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അന്വേഷണവുമായി ശബരിനാഥും സഹകരിക്കും.

യൂത്ത് കോൺഗ്രസിന്റെ ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥന് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിർദ്ദേശിക്കുന്നതിന്റെ സ്‌ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.