ന്യൂഡൽഹി: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും അഞ്ച് മിനുറ്റ് വ്യത്യാസത്തിൽ പറന്നുയർന്നതിനു പിന്നാലെ, രണ്ട് ഇൻഡിഗോ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായതു തലനാരിഴയ്ക്ക്.അപകടസാധ്യത മുന്നിൽ കണ്ട് റഡാർ കൺട്രോളർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് അപകടം ഒഴിവായത്.

ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 9നു ടേക്ക് ഓഫിനു പിന്നാലെയാണു സംഭവമെന്നും ഇക്കാര്യം രേഖകളിൽ പെടുത്തിയിട്ടില്ലെന്നും എയർപോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കു മുൻപാകെ ബോധിപ്പിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

അതേ സമയം, വിഷയം പരിശോധിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഡിജിസിഎ മേധാവി അരുൺ കുമാർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ഇതേക്കുറിച്ചുള്ള പ്രതികരണത്തിന് ഇൻഡിഗോ അധികൃതർ തയാറായിട്ടില്ല.

ബെംഗളൂരു കൊൽക്കത്ത 6ഇ455 വിമാനവും, ബെംഗളൂരു ഭുവനേശ്വർ 6ഇ246 വിമാനവുമാണു 'ബ്രീച്ച് ഓഫ് സെപ്പറേഷൻ' മറികടന്നതെന്നു ഡിജിസിഎ അധികൃതർ അറിയിച്ചു. എയർസ്‌പേസിൽവച്ച് തമ്മിൽ പാലിക്കേണ്ട നിശ്ചിത അകലം വിമാനങ്ങൾ മറികടക്കുമ്പോഴാണു ബ്രീച്ച് ഓഫ് സെപ്പറേഷൻ ഉണ്ടാകുന്നത്.

ഒരു വിമാനം കൊൽക്കത്തയിലേക്കും രണ്ടാമത്തെ വിമാനം ഭുവനേശ്വറിലേക്കുമാണ് പുറപ്പെട്ടത്. ആകാശത്ത് തിരശ്ചീനമായും ലംബമായും പാലിക്കേണ്ട കുറഞ്ഞ ദൂരപരിധി ഇരുവിമാനങ്ങളും ലംഘിച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു.

ആകാശത്ത് വിമാനങ്ങൾ പരസ്പരം നേർക്കുനേർ വന്ന സാഹചര്യം റഡാറിൽ പതിയുകയായിരുന്നു. തുടർന്ന് റഡാർ കൺട്രോളറിന്റെ നിർദേശപ്രകാരം പ്രവർത്തിച്ചതിനാൽ വൻദുരന്തം ഒഴിവായതായാണ് റിപ്പോർട്ടുകൾ.

ജനുവരി 9ന്, 5 മിനിറ്റിന്റെ വ്യത്യാസത്തിനിടെയാണ് ഇരു വിമാനങ്ങളും ബെംഗളൂരുവിൽനിന്നു പറന്നുയർന്നത്. 'ടേക്ക് ഓഫിനു ശേഷം ഇരു വിമാനങ്ങളും ഒരേ ദിശയിലാണു സഞ്ചരിച്ചത്. ഗതി മാറി സഞ്ചരിക്കാനുള്ള നിർദ്ദേശം അപ്രോച്ച് റഡാർ നൽകിയതോടെയാണു കൂട്ടിയിടി ഒഴിവായത്' അധികൃതരിൽ ഒരാൾ നിരീക്ഷിച്ചു.