തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയ യൂത്ത്‌കോൺഗ്രസ്സ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് നേരിട്ട ഇ പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിക്കെതിരെ സൈബർ സഖാക്കൾക്കിടയിൽ ട്രോളുകളും പരിഹാസങ്ങളും നിറയുകയാണ്.ഇൻഡിഗോ എയർലൈൻസുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ട്രോളുകളും ബഹിഷ്‌കരണ ആഹ്വാനവും നിറയുകയാണ്.എന്നാൽ ട്രോളുകളും പരിഹാസങ്ങളും അതിര് വിടുമ്പോൾ ഒറ്റ ചിത്രത്തിലൂടെ എല്ലാത്തിനും മറുപടി നൽകിയിരിക്കുകയാണ് ഇൻഡിഗോ വിമാനക്കമ്പനി

തങ്ങളുടെ ഫേസ്‌ബുക്ക് പേജിലാണ് കമ്പനി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.റെയിൽ വേ ട്രാക്കിന് മുകളിൽ പറക്കുന്ന ഇൻഡിഗോ വിമാനത്തിന്റെ ചിത്രമാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ലോകത്തിന് മുകളിലങ്ങനെ പറക്കുക എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്.ലെറ്റ്സ് ഇൻഡിഗോ, ബി അറ്റ് ദി വ്യൂ, പ്ലെയ്ൻ സ്പോട്ടിങ് എന്നിങ്ങനെ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പമുണ്ട്.

 

ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ട് ആഴ്ചത്തേക്ക് കമ്പനി യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇവരെ പ്രതിരോധിച്ച എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ മൂന്ന് ആഴ്ചത്തേക്കാണ് വിലക്കിയിരിക്കുന്നത്.ഇതിന് പിന്നാലെ, താൻ ഇനി യാത്രകൾക്ക് ഇൻഡിഗോ വിമാനങ്ങൾ ഉപയോഗിക്കില്ലെന്ന് ഇ പി ജയരാജൻ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ടിക്കറ്റ് ഉണ്ടായിരുന്നിട്ടും അത് ക്യാൻസൽ ചെയ്ത് തീവണ്ടിയിലായിരുന്നു ഇ പി ജയരാജൻ കുടുംബത്തിനൊപ്പം യാത്ര ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ കയറവെ, കെ റെയിൽ വന്നാൽ ഇൻഡിഗോയുടെ 'ഓഫീസ് പൂട്ടുമെന്ന്' ഇ പി ജയരാജൻ അഭിപ്രായപ്പെട്ടിരുന്നു.

ഇതുമായി ബന്ധപ്പെടുത്തി ചിത്രത്തിനെതിരെ ട്രോളുകളുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് സൈബർ ഹാൻഡിലുകൾ. ഇ പി ജയരാജനുമായി ബന്ധപ്പെടുത്തിയും കെ റെയിലുമായി ബന്ധപ്പെടുത്തിയും പരിഹാസ കമന്റുകളുമായാണ് ഇവർ എത്തിയിരിക്കുന്നത്.