- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിയേരിയും ഇ. പിയും പറഞ്ഞത് പ്രതിഷേധം മുഖ്യമന്ത്രി വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷമെന്ന്; കണ്ണൂരുകാരനായ ഇൻഡിഗോ മാനേജർ വിജിത്ത് നൽകിയ റിപ്പോർട്ടിൽ ഇ പിയെ കുറിച്ച് മിണ്ടാട്ടമില്ല; എയർലൈൻ റിപ്പോർട്ട് പൊലീസ് എഫ്.ഐ.ആറിനെ സാധൂരികരിക്കും വിധത്തിൽ; വ്യാജ റിപ്പോർട്ടെന്ന് ആരോപിച്ചു ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവിക്ക് പരാതി നൽകി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ പൂർണമായും സംരക്ഷിക്കുന്ന വിധത്തിലും വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരാകും വിധത്തിലാണ് ഇൻഡിഗോ എയർലൈൻസ് പൊലീസിന് നൽകിയ റിപ്പോർട്ടിലുള്ളത്. മുഖ്യമന്ത്രി വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷമാണ് പ്രതിഷേധമുണ്ടെന്ന് ആദ്യം പറഞ്ഞത് ഇ പി ജയരാജനാണ്. പിന്നീട് വിഷയം മുതലെടുക്കുന്നതിന്റെ ഭാഗമായി ഇത് മാറ്റിപറയുകയായിരുന്നു ഇ പി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് മുഖ്യമന്ത്രി വിമാനത്തിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് പ്രതിഷേധം ഉണ്ടായത് എന്നാണ്.
സോഷ്യൽ മീഡിയയിൽ അടക്കം വൈറലായത് ഇ പി ജയരാജൻ പ്രതിഷേധക്കാരെ തള്ളിയിടുന്നതുമാണ്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്തിലുള്ളപ്പോഴാണ് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചതെന്ന് വിമാനക്കമ്പനിയായ ഇൻഡിഗോ പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
വിമാനം നിലത്തിറക്കിയതിനു പിന്നാലെ സീറ്റ് ബെൽറ്റ് ഊരാൻ അനുവദിച്ചുള്ള സന്ദേശം നൽകി. ഇതിനു പിന്നാലെ മുദ്രാവാക്യങ്ങളുമായി മൂന്നു പേർ സീറ്റിൽനിന്ന് എഴുന്നേറ്റ് മുഖ്യമന്ത്രിക്കു സമീപത്തേക്കു പാഞ്ഞടുത്തു. ഈ സമയം മുഖ്യമന്ത്രിക്കൊപ്പമുള്ളയാൾ തടഞ്ഞെന്നാണ് ഇൻഡിഗോ റിപ്പോർട്ട്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയോ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെയോ പേര് റിപ്പോർട്ടിൽ പറയുന്നില്ല.
ഇതോടെ ഈ റിപ്പോർട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഇൻഡിഗോയുടെ തിരുവനന്തപുരം എയർപോർട്ട് മാനേജർ വിജിത്ത് നൽകിയത് വ്യാജ റിപ്പോർട്ടാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കണ്ണൂർ സ്വദേശിയായ വിജിത്തിനെ സ്വാധീനിച്ചാണ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയതെന്നുമാണ് സതീശന്റെ ആരോപണം.
പ്രതിപക്ഷ നേതാവ് ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവിയെ ഫോണിൽ വിളിച്ച് ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. കൂടാതെ പരാതിയും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എയർപോർട്ട് മാനേജരുടെ റിപ്പോർട്ടിൽ വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവി വരുൺ ദേവേദിക്ക് പ്രതിപക്ഷ നേതാവ് രേഖാമൂലം പരാതി നൽകി.
കണ്ണൂർ സ്വദേശിയായ വിജിത്ത് ഇ പി ജയരാജന്റെ പേര് പോലും റിപ്പോർട്ടിൽ പറയാത്തതിൽ നിന്നും എല്ലാ വ്യക്തമാണെന്നാണ് ആരോപണം. ശംഖുമുഖം പൊലീസ് ഇട്ട എഫ്‌ഐആറിന് അനുസരിച്ചാണ് ഇൻഡിഗോ റിപ്പോർട്ട് നൽകിയിരിക്കുന്നത് എന്നുമാണ് ആരോപണം. ആദ്യ റിപ്പോർട്ടിലും രണ്ടാമത്തെ റിപ്പോർട്ടിലും ഇ പി ജയരാജൻ തള്ളിയിട്ട കാര്യം വിജിത്ത് നൽകിയ റിപ്പോർട്ടിൽ പറയുന്നില്ല. കൂടാതെ മൂന്ന് പേർ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തതായും ആരോപിക്കുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധമുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിക്ക് നേരെ പ്രവർത്തകർ മുദ്രാവാക്യങ്ങളും മോശം ഭാഷയും ഉപയോഗിച്ച് പാഞ്ഞടുത്തുവെന്ന് കത്തിൽ വിശദീകരിക്കുന്നു. മുഖ്യമന്ത്രി വിമാനത്തിനുള്ളിൽ ഉള്ളപ്പോൾ തന്നെയാണ് യൂത്ത് കോൺഗ്രസുകാരായ പ്രതികൾ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവുമായി പാഞ്ഞടുത്തത്. വിമാനത്തിലെ 20 എ , 20 ബി , 20 സി എന്നീ സീറ്റുകളിലാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫും ഇരുന്നത്.ആ സീറ്റുകൾ വിമാനത്തിന്റെ വാതിലിന് അടുത്തായിരുന്നു.
വിമാനത്തിന്റെ 8 എ, 8 സി , 7 ഡി എന്നീ സീറ്റുകളിലാണ് പ്രതികൾ ആയ യൂത്ത് കോൺഗ്രസുകാർ ഇരുന്നിരുന്നത്. വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെ പ്രതികൾ സീറ്റ് ബൈൽറ്റ് ഊരി കളഞ്ഞ ശേഷം പ്രതിഷേധ മുദ്രവാക്യങ്ങൾ മുഴക്കി മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു എന്നും റിപ്പോർട്ടിൽ പറയുന്നു. ഇ പി ജയരാജൻ തള്ളിയിട്ടെന്ന് പറയുന്നതിന് പകരം മുഖ്യമന്ത്രിക്ക് ഒപ്പം യാത്ര ചെയ്യുകയായിരുന്നവർ പ്രതിഷേധക്കാരെ തടഞ്ഞു എന്നും റിപ്പോർട്ടിൽ എടുത്ത് പറയുന്നത്.
അതേസമയം, വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അക്രമശ്രമത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഢാലോചന ഉൾപെടെ പുറത്തുകൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മുഖ്യമന്ത്രിയെ വിമാനത്തിൽവച്ച് വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും വിവരങ്ങൾ ഇതിനകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ ഗൂഢാലോചന ഉൾപ്പടെ പുറത്തുകൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ