- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലപ്പെട്ട ദിവസം രാവിലെ രാഹുലിനോട് പറഞ്ഞത് 'അമ്മൂമ്മ മരിച്ചു പോയാലും നീ കരയരുത്' എന്ന്; രണ്ടുദിവസംമുമ്പ് പറഞ്ഞത് 'ഞാൻ മരണപ്പെട്ടാലും എന്റെ ഓരോ തുള്ളി ചോരയും ഇന്ത്യയുടെ മണ്ണിനെ ശക്തമാക്കുമെന്ന്'; ഇന്ദിരാഗാന്ധി തന്റെ മരണം നേരത്തെ മനസ്സിലാക്കിയിരുന്നോ? ഇന്ത്യയുടെ ഉരുക്കുവനിതയുടെ ഒരു രക്തസാക്ഷിദിനം കൂടി കടന്നുപോവുമ്പോൾ
ന്യൂഡൽഹി: ഖലിസ്ഥാൻ പ്രക്ഷോഭത്തെയും ബ്ലൂസ്റ്റാർ ഓപ്പറേഷനെയയും തുടർന്ന് സിഖ് സമൂഹത്തിൽ നിന്ന് ഇന്ദിരാഗാന്ധിക്ക് ഭീഷണി നിലനിൽക്കുന്നെന്ന് ശക്തമായ ഇന്റലിജൻസ് റിപ്പോർട്ട് നിലനിൽക്കുന്ന സമയം. അന്ന് റോ കൊടുത്ത റിപ്പോർട്ടിൽ പറയുന്നത് പ്രധാനമന്ത്രിയുടെ പേഴ്സണൽ സെക്യൂരിറ്റി സ്റ്റാഫിൽ നിന്ന് സിഖുകാരെ ഒഴിവാക്കണം എന്നായിരുന്നു. ഇത് ഇന്ദിരാഗാന്ധി തന്നെ തള്ളിയത് 'ആർ വി സെക്യുലർ' എന്ന് ഫയലിൽ എഴുതിക്കൊണ്ടാണ്. സത്യത്തിൽ ഇന്ദിരാഗായുടെ അചഞ്ചലമായ മതേതര ബോധത്തിന് അവർ കൊടുത്ത വിലയായിരുന്നു സ്വന്തം ജീവൻ. 1984 ഒക്ടോബർ 31ന് സത്വന്ത്സിങ്്, ബിയാന്ത്സിങ്് എന്നീ രണ്ട് സിഖുകാർ ഇന്ത്യയുടെ ഉരുക്കവനിതയുടെ ജീവൻ എടുത്തു. സ്വന്തം പേഴ്സണൽ സെക്യൂരിറ്റി സ്റ്റാഫിനെ അതിരറ്റ് വിശ്വസിച്ചത് ഫലത്തിൽ അവർക്ക് തിരിച്ചടിയായി.
ഇപ്പോൾ ഒരു രക്തസാക്ഷിദിനം കൂടി കടന്നുപോവുമ്പോൾ നവമാധ്യമങ്ങളിൽ വൈറലായ ഒരു വിഷയം മരണം ഇന്ദിര നേരത്തെ അറിഞ്ഞിരുന്നോ എന്നതാണ്. തന്റെ മരണം ആസന്നമാണെന്ന ഒരു ഉൾവിളി, 1984 ഒക്ടോബർ 31 ലെ ആ തണുത്ത പ്രഭാതത്തിൽ, ഇന്ദിരാ ഗാന്ധിക്കും ഉണ്ടായിരുന്നുവോ? അങ്ങനെ കരുതാൻ കാരണമുണ്ട്. അന്ന് തന്റെ പേരക്കുട്ടി പ്രിയങ്കയെ പതിവിൽ കവിഞ്ഞ് ലാളിച്ചു ഇന്ദിര. അവളെ ചേർത്തുപിടിച്ച് അഞ്ചു മിനിറ്റ് കൂടുതലിരുന്നു ആ അമ്മൂമ്മ. എന്നിട്ട് പേരമകൻ രാഹുലിനോട്, ഇങ്ങനെ പറഞ്ഞു, 'അമ്മൂമ്മ മരിച്ചു പോയാലും നീ കരയരുത് കേട്ടോ മോനെ...'
അതുമാത്രമല്ല. രണ്ടു ദിവസം മുമ്പ്, 1984 ഒക്ടോബർ 29 ന്, ഭുവനേശ്വറിൽ വെച്ച് നടന്ന തന്റെ ആയുസ്സിലെ അവസാനത്തെ റാലിയിൽ ഇന്ദിര പറഞ്ഞതും പതിവില്ലാത്ത കാര്യങ്ങളായിരുന്നു. അന്ന് ഇന്ദിരയെ അനുഗമിച്ച ഐഎഎസ് ഓഫീസർ വജാഹത്ത് ഹബീബുള്ള, തന്റെ ഓർമ്മക്കുറിപ്പുകളിൽ (My Years With Rajiv Gandhi -Triumph and Tragedy - Westland Publications), അതേപ്പറ്റി എഴുതിയിട്ടുണ്ട്. ഒന്നരമിനിട്ടു നേരം നീണ്ടു നിന്ന ആ പ്രസംഗത്തിൽ ഇന്ദിര ഇങ്ങനെ പറഞ്ഞു, 'ഇന്ന് ഞാൻ നിങ്ങൾക്ക് മുന്നിൽ വന്നു സംസാരിക്കുന്നു. നാളെ ഞാൻ ഉയിരോടുണ്ടാവണം എന്നുതന്നെയില്ല. ഈ രാജ്യത്തെ പരിരക്ഷിക്കേണ്ട ചുമതല നമ്മൾ ഓരോരുത്തരുടെയും തോളിലാണ്. ഞാൻ ഇതേപ്പറ്റി മുമ്പും നിങ്ങളോട് പറഞ്ഞിട്ടുണ്ട്.
എന്നെ വധിക്കാൻ അവർ എത്രവട്ടം തോക്കുചൂണ്ടിയിട്ടുണ്ട്, വെടിയുതിർത്തിട്ടുണ്ട് എന്ന് നിശ്ചയമില്ല. എനിക്കുനേരെ ലാത്തിവീശിയിട്ടുമുണ്ട് മുമ്പ്. ഈ ഭുവനേശ്വറിൽ വച്ചാണ് ഒരിക്കൽ എന്റെ നേർക്ക് ഒരു ചുടുകട്ട കൊണ്ട് ആക്രമണം ഉണ്ടായത്. എന്നെ, സാധ്യമായ മാർഗ്ഗങ്ങൾ എല്ലാമുപയോഗിച്ച് അവർ ആക്രമിച്ചിട്ടുണ്ട്. ആവശ്യത്തിലധികം കാലം ഞാൻ ജീവിച്ചുകഴിഞ്ഞു. എന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ഞാൻ ചെലവിട്ടത് ഇന്നാട്ടിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പിക്കാനാണ്. എനിക്ക് ഈ ഒരു കാര്യത്തിൽ മാത്രമാണ് അഭിമാനം തോന്നുന്നത്. ഇനിയങ്ങോട്ട് എന്റെ മരണം വരെയുള്ള ഓരോ നിമിഷവും ഞാൻ എന്റെ നാട്ടിലെ പൗരന്മാരെ സേവിക്കാൻ വിനിയോഗിക്കും. നാളെ, ഞാൻ മരണപ്പെട്ടാലും, എന്റെ ദേഹത്തുനിന്നുതിരുന്ന ഓരോ തുള്ളി ചോരയും ഇന്ത്യയുടെ മണ്ണിനെ ശക്തമാക്കുക തന്നെ ചെയ്യും...'.
ഇത് പറഞ്ഞ് രണ്ടാം ദിനം അവർ വെടിയേറ്റ് മരിക്കുകയും ചെയ്തു.
തുടർന്ന രാജ്യവ്യാപകമായി ഉണ്ടായ സിഖ് വിരുദ്ധ കലാപവും മറ്റും ചരിത്രമാണ്. പക്ഷേ ഇന്ദിരാഗാന്ധി പ്രവചിച്ചപോലെ ഭീകരവാദികൾക്ക് ഇന്ത്യയെ തകർക്കാൻ കഴിഞ്ഞില്ല. ഇന്ന് ഖലിസ്ഥാൻ തീവ്രാവാദം പഞ്ചാബിൽനിന്ന് വേരറ്റു കഴിഞ്ഞു.
എല്ലാവർഷവും കോൺഗ്രസ് വിപുലമായ പരിപാടികളോടെയാണ് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിക്കാറുള്ളത്. എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഓൺലൈനിലായിരുന്ന യോഗങ്ങൾ നടന്നത്.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ