കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഔദ്യോഗിക ഭാഷാവിഭാഗം ഏർപ്പെടുത്തിയിട്ടുള്ള 2013-14-ലെ ഇന്ദിരാഗാന്ധി രാജഭാഷാപുരസ്‌കാരങ്ങളിൽ ഒന്നാം സ്ഥാനം  റബ്ബർബോർഡിന് ലഭിച്ചു. ന്യൂഡൽഹിയിലെ വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ വച്ച്  രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് റബ്ബർബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പുരസ്‌കാരം ഏറ്റുവാങ്ങി.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരൺ റിജിജു, ഔദ്യോഗികഭാഷാവിഭാഗം സെക്രട്ടറി നീത ചൗധരി, ഔദ്യോഗികഭാഷാവിഭാഗം ജോയിന്റ് സെക്രട്ടറി പൂനം ജുനേജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റബ്ബർബോർഡിലെ ഔദ്യോഗികഭാഷാവിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജി. സുനിൽകുമാർ, എക്‌സൈസ് ഡ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ സജൽ സൂത്രധാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യയുടെ സാംസ്‌കാരികവും സാമൂഹികവുമായ ഐക്യത്തിന്റെ പ്രതീകമാണ് ഹിന്ദിയെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. പൗരാണികയുഗത്തിൽ വിദ്യാഭ്യാസരംഗത്ത് നളന്ദ, തക്ഷശില എന്നീ സ്ഥാപനങ്ങളിലൂടെ ഭാരതത്തിനുണ്ടായിരുന്ന സ്ഥാനം വീണ്ടെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ഒരു ഭാഷ മാത്രമല്ല, ഒരു സംസ്‌കാരം കൂടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ഭാഷ ഇംഗ്‌ളീഷ് ആയിരുന്നെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകം ഭരിക്കുന്നത് ഹിന്ദിയും മറ്റ് ഏഷ്യൻ ഭാഷകളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലെ കേന്ദ്രസർക്കാർ ബോർഡുകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവിടങ്ങളിൽ പ്രശംസാവഹമായ രീതിയിൽ ഔദ്യോഗികഭാഷയായ ഹിന്ദി പ്രചരിപ്പിക്കുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണ് പുരസ്‌കാരം.  
റബ്ബർബോർഡിന് ഇതേ വിഭാഗത്തിൽ 2012-13 വർഷത്തിൽ രണ്ടാംസ്ഥാനം ലഭിച്ചിരുന്നു. കൂടാതെ വാണിജ്യമന്ത്രാലയത്തിന്റെ കീഴീൽ ഹിന്ദിയിതരസംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ ഔദ്യോഗികഭാഷ പ്രചരിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനവും റബ്ബർബോർഡിനു ലഭിച്ചിരുന്നു. റബ്ബർബോർഡിന്റെ വിവിധ ഓഫീസുകളിൽ ഹിന്ദിയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനായി ഒട്ടേറെ കർമ്മപരിപാടികൾ നടപ്പാക്കിവരുന്നുണ്ട്.  കൂടാതെ റബ്ബർബോർഡ് വെബ്‌സൈറ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും ലഭ്യമാണ്.