ന്യൂയോർക്ക്: ടെലിവിഷൻ ചാനലുകൾ സമൂഹത്തിൽ ക്രിയാത്മക ഇടപെടലുകളാണു നടത്തുന്നതെന്നു ജയ്ഹിന്ദ് ടിവി എക്‌സിക്യൂട്ടീവ് എഡിറ്റർ ജെ.എസ്. ഇന്ദുകുമാർ പറഞ്ഞു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനത്തോടനുബന്ധിച്ചു നടന്ന സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അച്ചടിമാദ്ധ്യമങ്ങളേക്കാൾ ദൃശ്യമാദ്ധ്യമങ്ങൾക്ക് ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നുണ്ട്. ഇന്നത്തെ കാലത്ത് ആർക്കുവേണമെങ്കിലും ദൃശ്യമാദ്ധ്യമപ്രവർത്തകരാകാവുന്ന അവസ്ഥയാണ്. കൈയിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ പോലും വാർത്താ പ്രധാന്യം ഉള്ളതാണെങ്കിൽ ചാനലുകൾ സംപ്രേഷണം ചെയ്യും.

പ്രവാസി മാദ്ധ്യമപ്രവർത്തകർക്ക് ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ദൃശ്യമേന്മയുള്ള മൊബൈൽ കാമറകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്നവ വാട്ട്‌സ് ആപ്പ് പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങൾ വഴി വേഗത്തിൽ ചാനലിന്റെ ന്യൂസ് റൂമിൽ എത്തിക്കാം.

പണ്ടുകാലത്തെപ്പോലെ ദൃശ്യങ്ങൾ ഒരു വലിയ കാമറയിൽ എടുക്കുക, അത് അയച്ചുതരിക തുടങ്ങി സമയം കളയുന്ന പലഘടകങ്ങളും ഇന്ന് എളുപ്പമായി മാറിയിരിക്കുകയാണ്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവാസി മാദ്ധ്യമപ്രവർത്തകരും ദൃശ്യമാദ്ധ്യമ രംഗത്ത് തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദീപക് കൈതക്കപുഴ മോഡറേറ്റരായിരുന്ന സെമിനാറിൽ ഇൻഡോഅമേരിക്കൻ പ്രസ്ബ് ചെയർമാൻ ജിൻസ്‌മോൻ സകറിയ, ജനറൽ സെക്രട്ടറി വിനീത നായർ എന്നിവരും പങ്കെടുത്തു.