ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ വംശജരായ പത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോഅമേരിക്കൻ പ്രസ് ക്ലബിന്റെ (ഐഎപിസി) ഉദ്ഘാടനത്തിനും ഏകദിനസെമിനാറിനുമുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമസമൂഹത്തിന് പുത്തൻ ഉണർവേകുന്ന ഉദ്ഘാടനച്ചടങ്ങ് വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രസ്‌ക്ലബ് ഭാരവാഹികൾ.

15 നു  ന്യൂജേഴ്‌സിയിലെ ഹിൽട്ടൺ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഫോട്ടോഗ്രാഫിയെക്കുറിച്ച് രണ്ടുവിശദമായ ക്ലാസുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നിരവധി ഫോട്ടോഗ്രാഫി ബുക്കുകളുടെ രചയിതാവായ ഡാരിൽ ഹാക്കിന്റെ നേതൃത്വത്തിൽ ദി ആർട്ട് ഓഫ് ഫോട്ടോ ഡോക്യുമെന്ററി എന്ന വിഷയത്തിലും പ്രശസ്ത ഇന്ത്യൻ വിദേശ ഫോട്ടോഗ്രഫർ പരേഷ് ഗാന്ധിയുടെ നേതൃത്വത്തിൽ ദി ആർട്ട് ഓഫ് ഫോട്ടോഗ്രാഫി എന്ന വിഷയത്തിലും സെമിനാർ നടക്കും. ലീഗൽ ആസ്‌പെക്ട്‌സ് ആൻഡ് റിലേറ്റഡ് ഇഷ്യൂസ് സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകർക്കായി ആനന്ദ് അഹൂജയുടെ നേതൃത്വത്തിൽ ബോധവകരണ ക്ലാസും നടത്തും.

റിസ്‌ക് മാനേജ്‌മെന്റ് ഓഫ് ജേർണലിസ്റ്റ് എന്ന വിഷയത്തിൽ പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ ഈശോ ജേക്കബിന്റെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. മാസങ്ങൾക്കു മുമ്പ് ന്യൂയോർക്കിൽ നടന്ന ചരിത്രപരമായ യോഗത്തിലാണ് പ്രസ്‌ക്ലബ് രൂപീകൃതമായത്. മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്തതരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇതിനോടകം തന്നെ പ്രസ്‌ക്ലബ് കാഴ്ചവച്ചിട്ടുള്ളതെന്ന് സംഘാടകർ അവകാശപ്പെടുന്നു.