ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആദ്യ ദേശീയ കൺവൻഷൻ  ഒക്ടോബർ 9 മുതൽ 12 വരെ ന്യൂയോർക്കിൽ നടത്തും. പ്രസ്‌ക്ലബ് പ്രസിഡന്റ് അജയ്‌ഘോഷ്, ജനറൽ സെക്രട്ടറി വിനീത നായർ, ബോർഡ്  ഓഫ്  ഡയറക്ടർസ്   ചെയർമാൻ ജിൻസ്‌മോൻ സക്കറിയ തുടങ്ങിയ പ്രമുഖ  മാദ്ധ്യമപ്രവർത്തകർ നേതൃത്വം നൽകുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി കൺവൻഷന്റെ വിജയത്തിനായി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
ഇന്ത്യൻ വംശജരായ മാദ്ധ്യമ പ്രവർത്തകരുടെ ശബ്ദമായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് കഴിഞ്ഞവർഷമാണ്  രൂപീകരിച്ചത്. ഇന്ത്യൻ വംശജരായ മാദ്ധ്യമപ്രവർത്തകർക്ക് തങ്ങളുടെ കഴിവുകളും ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്നതിനുള്ള വേദി  എന്ന നിലയിലാണ് കൺവൻഷൻ നടത്തുന്നതെന്നു  പ്രസിഡന്റ് അജയ് ഘോഷ് പറഞ്ഞു. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന പത്രപ്രവർത്തകർക്കിടയിൽ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനും അതിലൂടെ തൊഴിൽ സാഹചര്യവും നിലവാരവും ഉയർത്തുകയുമാണ് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് കൂട്ടായ്മയുടെ ലക്ഷ്യമെന്നു ബോർഡ് ഓഫ് ഡയറക്ടർസ്  ചെയർമാൻ ജിൻസ്‌മോൻ സക്കറിയ പറഞ്ഞു.
നോർത്ത് അമേരിക്കയിലെ മാദ്ധ്യമപ്രവർത്തകർക്കും  അച്ചടി ദൃശ്യ ഓൺലൈൻ മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കും പ്രയോജനകരമായ പരിപാടികളായിരിക്കും കൺവൻഷനിൽ ഉൾപ്പെടുത്തുന്നതെന്ന്  ജനറൽ സെക്രട്ടറി വിനീത നായർ പറഞ്ഞു.  ഇന്ത്യൻ സമൂഹത്തെ അമേരിക്കൻ മുഖ്യധാരാമാദ്ധ്യമങ്ങൾക്കിടയിലെ ഉറച്ച ശബ്ദമാകാൻ കഴിയത്തക്ക നിലയിലേക്കുയർത്തുന്നതിനാണ് ഐഎപിസിയുടെ പ്രവർത്തനങ്ങൾ വരും കാലങ്ങളിൽ വഴിതെളിയിക്കുകയെന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോൺസൻ പുഞ്ചകോണം കൂട്ടിചേർത്തു.  

ജനാധിപത്യത്തിന്റെ നാലാമത്തെ തൂണ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രസ് ഒരു ഏകീകൃത സംവിധാനത്തിന്റെ ശക്തിയിലും ഊർജ്ജസ്വലതയിലും പരിപോഷിപ്പിച്ചെടുക്കുന്നത് സാമൂഹ്യനന്മയ്ക്കും സാമൂഹ്യപ്രതിബദ്ധതയ്ക്കും ഉതകുമെന്നതാണ്  ഐഎപിസി എന്ന മാദ്ധ്യമകൂട്ടായ്മയുടെ  പ്രസക്തി. Informed Action Promotes Change എന്ന മുദ്രാവാക്യം പ്രവർത്തന രേഖയായ ഐഎപിസി  മാറുന്ന ലോകത്തിന്റെ പതാക വാഹകരാണ്.  'മാറ്റുവിൻ ചട്ടങ്ങളെ' എന്ന വാചകം അന്വർഥമാക്കുമാറ് പുത്തൻ ആശയങ്ങളുടെയും പ്രവർത്തന ശൈലിയുടെയും ഒരു പ്രഫഷണൽ ആവിഷ്‌ക്കാരമാണ്  ഐഎപിസി കൊണ്ട് ലക്ഷ്യമിടുന്നത് . ചിന്തയും വിചാരവീഥിയും പുനരുദ്ധരിക്കുന്നതിലൂടെ സമൂഹപുനർസൃഷ്ടി സാധ്യമാക്കാം എന്ന് മാദ്ധ്യമ ലോകം കാലാകാലങ്ങളിൽ തെളിയിച്ചിട്ടുണ്ട്. തികച്ചും പ്രാദേശികവും മതപരവും ഇന്ത്യൻ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളതുമായ വാർത്തകളാണ് ഇന്ത്യൻ, ഏഷ്യൻ മാദ്ധ്യമങ്ങളിൽ  സാധാരണ നിറയാറുള്ളത്. എന്നാൽ, ഇത്തരം സാധാരണ മേഖലകളിൽ നിന്ന് ഉയർന്നു നിന്നുകൊണ്ട് പത്ര, ഇലക്ടോണിക് മാദ്ധ്യമങ്ങളുടെ സാധ്യതകൾ അതിബഹുലമായ രംഗങ്ങളിൽ പരീക്ഷിച്ചു വിജയിക്കുന്നതിലാണ് ഐഎപിസി അംഗങ്ങൾ പ്രതിജ്ഞാബദ്ധരായിട്ടുള്ളത്. അമേരിക്കയിൽ ഇന്ത്യൻ വംശജർ  കടന്നു ചെല്ലാത്ത കർമ്മ മേഖലയില്ല, നൽകാത്ത സംഭാവനകളും. വിവിധ  മാദ്ധ്യമങ്ങളിലൂടെ ഇവയൊക്കെ അവതരിപ്പിച്ചു കാണാനും  ജനാഭിമുഖ്യമുള്ള ആശയങ്ങൾ   പ്രചാരം നേടാനും  ഐഎപിസി വഴിയൊരുക്കും.

നോർത്ത് അമേരിക്കയെ വിവിധ സോണുകളായി തിരിച്ച് ഐഎപിസിയുടെ പ്രാദേശിക ചാപ്റ്ററുകളും ഇതിനകം പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. കൂടുതൽവിവരങ്ങൾക്ക്: http://indoamericanpressclub.com/