ഇഞ്ചിയോൺ : 2018ലെ ഏഷ്യൻ ഗെയിംസിന് ഇന്ത്യോനേഷ്യ വേദിയാകും. ഒളിംമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ എക്‌സിക്യുട്ടീവ് സമിതിയുടേതാണ് തീരുമാനം. ഇന്ത്യോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേകും 2018ലെ ഏഷ്യൻ കായിക മാമാങ്കം നടക്കുക.

നാളെ ചേരുന്ന കൗൺസിലിന്റെ ജനറൽ അംബ്ലി തീരുമാനം അംഗീകരിക്കും. വേദി നിശ്ചയിക്കാനുള്ള അധികാരം പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് അൽ-ഫഹദ് അൽ-സബയ്ക്ക് പ്രത്യേക ജനറൽ കൗൺസിൽ യോഗം നൽകിയിരുന്നു. അതുകൊണ്ട് തന്നെ എക്‌സിക്യുട്ടീവ് സമിതിയുടെ തീരുമാനത്തിന് മാറ്റം ഉണ്ടാവില്ല.

വിയറ്റ്‌നാമിനാണ് നേരത്തെ 2018ലെ ഏഷ്യാഡ് അനുവദിച്ചത്. എന്നാൽ കായിക മേളയ്ക്ക് വേണ്ടി വരുന്ന വൻ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് വിയറ്റ്‌നാം പിന്മാറി. ഈ സാഹചര്യത്തിലാണ് ജക്കാർത്തയ്ക്ക് 2018ലെ ഏഷ്യൻ ഗെയിംസിനുള്ള നറുക്ക് വീണത്.