ന്യൂഡൽഹി: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തിൽ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷിന്റെ വിവാദ വെളിപ്പെടുത്തൽ. സഹോദരിക്ക് വിവിധ നക്സൽ ഗ്രൂപ്പുകളിൽ നിന്ന് ഭീഷണിയുണ്ടായിരുന്നു. നക്സലുകളായ പലരെയും മുഖ്യധാരയിലേക്കു കൊണ്ടുവന്ന ഗൗരി ലങ്കേഷിനോട് നക്സലുകൾക്ക് വിദ്വേഷമുണ്ടായിരുന്നെന്നും അതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമായിരുന്നു ഇന്ദ്രേജിത്തിന്റെ വാദം.

ഗൗരിക്ക് നക്സലുകളുടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായായാണ് ഇന്ദ്രജിത്ത് ലങ്കേഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഭീഷണിയുടെ സ്വരത്തിലുള്ള നിരവധി മെയിലുകളും കത്തുകളും ഗൗരിക്ക് ലഭിച്ചിരുന്നു. പൊലീസ് പ്രധാനമായും അന്വേഷിക്കേണ്ട മേഖലയിതാണെന്നാണ് ഇന്ദ്രജിത്ത് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ഗൗരി വെടിയേറ്റ് മരിച്ചത്. ഇവരുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്ന് വെടിവെച്ചയാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇയാൾ ഹെൽമറ്റും ജാക്കറ്റും ധരിച്ചിട്ടുള്ളതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

ഗൗരിക്കെതിരെ നിരവധിപേർ നിലപാടെടുത്തിരുന്നു. ഇതിനു പുറമെ അനേകം ഭീഷണികളും ഇവർക്കെതിരെ ഉയർന്നിരുന്നു. എന്നാൽ, ഇതൊന്നും തനിക്കോ, അമ്മയ്ക്കോ അറിയില്ലായിരുന്നു എന്നും ഇന്ദ്രജിത്ത് അറിയിച്ചു.

എന്നാൽ ഇന്ദ്രജിത്തിന്റെ വാദങ്ങളെ തള്ളി ഗൗരിയുടെ സഹോദരി കവിത രംഗത്തുവന്നിരുന്നു. ഇന്ദ്രജിത്ത് എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഗൗരി തങ്ങൾക്കൊപ്പമായിരുന്നെന്നും ഇന്ദ്രജിത്തിന് അവളുടെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ലായെന്നും ഗൗരി പറയുന്നു. കുറച്ചുവർഷം മുമ്പ് ഇന്ദ്രജിത് ഗൗരി ലങ്കേഷിനെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്. ഗൗരിയുടെ മരണത്തിനു പിന്നിൽ സംഘപരിവാർ സംഘടനയാണെന്ന ആരോപണം ശക്തമാണ്.