മുംബൈ: ഷീന ബോറ കൊലക്കേസ് വിചാരണ ഡിസംബർ ആദ്യ വാരം തുടങ്ങും. തന്റെയും ഭർത്താവിന്റെയും ആജീവനാന്ത സമ്പാദ്യം മുഴുവൻ മുൻ ഭർത്താവിലുള്ള മകൾ ഷീന ബോറയ്ക്ക് ലഭിക്കുമോ എന്ന ഭയമാണ് ഷീനയെ കൊല്ലാൻ ഇന്ദ്രാണിയെ പ്രേരിപ്പിച്ചതെന്ന് സിബിഐ കുറ്റപത്രം. മുൻ ഭർത്താവ് സജ്ഞീവ് ഖന്നയിലുണ്ടായ മറ്റൊരു മകൾ വിധിയോട് ഷീനയ്ക്കുണ്ടായിരുന്ന അമിത വാത്സല്യവും ഭയത്തിന് കാരണമായെന്നാണ് കുറ്റപത്രം വിശദീകരിക്കുന്നത്.

ഭർത്താവ് പീറ്റർ മുഖർജിയുടെ മകൻ രാഹുലുമായുള്ള ഷീനയുടെ പ്രണയം വിവാഹത്തിലെത്തിയാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് ഇവർ കരുതിയിരുന്നു. ഇക്കാരണത്താൽ ഖന്നയെയും അവരുടെ ഡ്രൈവർ ശ്യാംവർ റായിയെയും കൂട്ടുപിടിച്ച് ഗൂഢാലോചന നടത്തുകയായിരുന്നെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. കൊലപാതകത്തിന്റെ ആസൂത്രണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പീറ്റർ മുഖർജിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതെന്ന് സിബിഐ മെട്രോപൊളിറ്റൻ കോടതിയിൽ അറിയിച്ചു. കേസിൽ പീറ്റർ മുകർജിക്ക് എതിരെ അനുബന്ധ കുറ്റപത്രം സിബിഐ സമർപ്പിക്കും. ഷീനയെ കൊന്നിട്ടില്ലെന്നും അവൾ അമേരിക്കയിലുണ്ടെന്നുമുള്ള വാദമാണ് ഇന്ദ്രാണി ആദ്യം മുംബൈ പൊലീസിനോടും പിന്നീട് സിബിഐയോടും ആവർത്തിച്ചത്. എന്നാൽ, ഗാഗൊഡെ ഖുർദിൽനിന്ന് കണ്ടത്തെിയ മൃതദേഹാവശിഷ്ടങ്ങൾ ഷീനയുടേതുതന്നെയാണെന്ന് മൂന്നിടങ്ങളിൽ നടത്തിയ ഫോറൻസിക് പരിശോധനകളിലും തെളിഞ്ഞു. ആദ്യ ഭർത്താവ് സിദ്ധാർഥ് ദാസിൽ ഇന്ദ്രാണിക്കു പിറന്ന മകളാണ് ഷീന. ഷീനക്കു പിന്നാലെ ഷീനയുടെ സഹോദരൻ മിഖായലിനെയും കൊല്ലാൻ ശ്രമിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ഷീന കൊല്ലപ്പെട്ട കാര്യം മകനും ഷീനയുടെ കാമുകനുമായ രാഹുലിൽ നിന്ന് ഇയാൾ മറച്ചുവച്ചു. കൊലപാതകത്തിന് മുമ്പും സമയത്തും ശേഷവും പീറ്ററും ഇന്ദ്രാണിയും തമ്മിൽ നിരന്തരം ഫോൺ സംഭാഷണം നടന്നതായും അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിയിൽ പറഞ്ഞു. സ്വത്ത് വിഭജനം സംബന്ധിച്ച് ഇന്ദ്രാണിയും ഷീനയും തമ്മിൽ പീറ്ററിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തർക്കമുണ്ടായിരുന്നു. അമേരിക്കയിൽ നിന്ന് പീറ്ററും ഇന്ദ്രാണിയും പ്രത്യേകം തിരികെയെത്തിയതിന് ശേഷവും ഇരുവരും തമ്മിൽ സാധാരണയിലും കൂടുതൽ സംഭാഷണം നടന്നിരുന്നു. പീറ്റർ വിദേശത്തായിരുന്നപ്പോഴും ഇവർ തമ്മിൽ തുടർച്ചയായി 25 മിനിട്ട് വരെ നീളുന്ന ഫോൺ സംഭാഷണം നടന്നിരുന്നു സിങ് കോടതിയിൽ അറിയിച്ചു. ഷീനയുടെ മൊബൈൽഫോണും എ.ടി.എം കാർഡുകളും നഷ്ടപ്പെട്ടിരുന്നെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇന്ദ്രാണിയുടെ ആദ്യഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ രവി എന്നിവർ ചേർന്നാണ് 24കാരിയായ ഷീനയെ കൊലപ്പെടുത്തിയതായി സിബിഐ കണ്ടത്തെിയത്. 1000 പേജുള്ള കുറ്റപത്രത്തിൽ 150 സാക്ഷികളെയാണ് പരാമർശിച്ചിരിക്കുന്നത്. 200 രേഖകളും സിബിഐ സമർപ്പിച്ചു. കേസിൽ ഇന്ദ്രാണി മുഖർജി ഓഗസ്റ്റ് മുതൽ ജയിലിലാണ്.

കേസിൽ അറസ്റ്റിലായ ഇന്ദ്രാണി മുഖർജി, മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കെതിരെ ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് ഐ.പി.സി, ആയുധ, വിവരസാങ്കേതിക നിയമങ്ങൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇന്ദ്രാണി, സഞ്ജീവ് ഖന്ന, ശ്യാംവർ റായ് എന്നിവരുടെ കസ്റ്റഡി അടുത്ത മൂന്നുവരെ നീട്ടിയ മജിസ്‌ട്രേറ്റ് കോടതി ഇനി മൂവരെയും സെഷൻസ് കോടതിയിൽ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. പ്രത്യേക കോടതിയിൽ മൂവർക്കുമെതിരെ വിചാരണ തുടങ്ങുമ്പോഴേക്കും വ്യാഴാഴ്ച അറസ്റ്റിലായ പീറ്റർ മുഖർജിക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് സിബിഐ നീക്കം.

ഷീനയെ താൻ കൊന്നിട്ടില്ലെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നുമാണ് കഴിഞ്ഞ ദിവസം ഇന്ദ്രാണി മുഖർജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ദക്ഷിണ മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം ജയിലിലേക്ക് മടങ്ങുമ്പോഴായിരുന്നു മാദ്ധ്യമങ്ങളോട് ഇന്ദ്രാണി ഇത് പറഞ്ഞത്. പീറ്റർ മുഖർജിയെയും കേസിൽ കുടുക്കിയതാണോ എന്ന ചോദ്യത്തോട് ഇന്ദ്രാണി പ്രതികരിച്ചില്ല. കേസിൽ പീറ്റർ മുഖർജിക്കെതിരെ കൊലക്കുറ്റം ചുമത്തി. ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങളാണ് സിബിഐ ചുമത്തിയത്. പീറ്റർ മുഖർജി ഉൾപ്പെടെ മുഴുവൻ പ്രതികളെയും നവംബർ 23 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. പീറ്ററുടെ സഹോദരൻ ഗൗതം മുഖർജി, ഇയാളുടെ മകൻ രാഹുൽ മുഖർജി എന്നിവരും കോടതിയിലത്തെിയിരുന്നു. സിബിഐ അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുമെന്ന് ഷീനയുടെ സഹോദരൻ മിഖായേൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ സഹോദരിക്ക് നീതി കിട്ടണമെന്ന് മിഖയേൽ ആവർത്തിച്ചു.

ഷീനയെ കൊന്നതിനെ പറ്റി പീറ്ററിന് അറിയാമായിരുന്നു എന്ന് സിബിഐക്ക് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. പീറ്ററിനേയും മകൻ രാഹുലിനെയും ചോദ്യം ചെയ്യുന്നതിനായി ഉച്ചക്കു സിബിഐ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഷീനയുടെ കാമുകനായിരുന്നു രാഹുൽ. സ്റ്റാർ ടി.വി.യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മാദ്ധ്യമരംഗത്ത് തലയെടുപ്പോടെ നിന്നിരുന്ന പീറ്റർ മുംബൈയിലെ നിശാവിരുന്നിലാണ് ഇന്ദ്രാണിയെ ആദ്യം കാണുന്നത്. അത് പ്രണയമായി വളർന്നു. 2002ൽ ഇരുവരും വിവാഹിതരായി. സ്റ്റാർ ടി.വി.യുമായി അകന്ന പീറ്റർ ഇന്ദ്രാണിയുമായി ചേർന്ന് ഐ.എൻ.എക്‌സ്.മീഡിയ എന്ന സ്ഥാപനം ആരംഭിച്ചു. ഇന്ദ്രാണിയുടെ ആശയമായിരുന്നു ഇത്. സ്ഥാപനത്തിന്റെ തലപ്പത്തേക്ക് അവർ എത്തുകയും ചെയ്തു. എന്നാൽ, വൈകാതെ സ്ഥാപനം പൂട്ടേണ്ടി വന്നു. പീറ്റർ മുഖർജിയുടെ ആദ്യ വിവാഹം 1975ലായിരുന്നു. ശബ്‌നം സിങ്ങായിരുന്നു ആദ്യഭാര്യ. 1994ൽ ബന്ധം വേർപെടുത്തി. അതിൽ റാബിൻ, രാഹുൽ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. രാഹുൽ ഇന്ദ്രാണിയുടെ മകൾ ഷീനയുമായി പ്രണയത്തിലായി. ഇവർ തമ്മിലുള്ള പ്രണയം ഇന്ദ്രാണി ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊലപാതകത്തിന്റെ കാരണങ്ങളിലൊന്നാണെന്ന് കേസ് അന്വേഷിച്ച മുംബൈ പൊലീസും ഇപ്പോൾ സിബിഐ.യും പറയുന്നു. ഏകദേശം 800 കോടിയുടെ സ്വത്ത് പീറ്റർക്കും ഇന്ദ്രാണിക്കും ഉണ്ടെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളും കാരണമാണത്രെ.

പീറ്റർ മുഖർജിയെ അറസ്റ്റ് ചെയ്തത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു, തെറ്റായ വിവരങ്ങൾ നൽകി കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയെന്ന് സിബിഐ. അറിയിച്ചു. ഇന്ദ്രാണിയുടെ മൊഴിയിൽ നിന്നും ഷീനയുടെ കൊലപാതകം സംബന്ധിച്ച് പീറ്ററിനും അറിവുണ്ടായിരുന്നതിനായി സിബിഐ കണ്ടെത്തി. ഇതിനെ തുടർന്നാണ് പീറ്ററിനെ സിബിഐ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഷീന തന്റെ സഹോദരിയാണെന്നാണ് ഇന്ദ്രാണി തന്നോട് പറഞ്ഞതെന്നാണ് പീറ്റർ ആദ്യം ഉദ്യോഗസ്ഥർക്ക് നൽകിയിരുന്ന മൊഴി. ഷീനയെ കാണാതായതിനെ തുടർന്ന് മുംബൈയിലെ നാലു പൊലീസ് സ്‌റ്റേഷനുകളിൽ രാഹുൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ ഷീന അമേരിക്കയിലാണെന്ന് ഇന്ദ്രാണിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസിൽ തുടരന്വേഷണം നടത്തിയില്ലെന്നും രാഹുൽ സിബിഐയോടു പറഞ്ഞു. പീറ്റർ മുഖർജിയോട് സംസാരിച്ചിരുന്നുവെന്നും ഷീനയുടെ പാസ്‌പോർട്ട് തന്റെ കൈയിലാണെന്ന് പീറ്ററിനെ അറിയിച്ചതായും രാഹുൽ സിബിഐയെ അറിയിച്ചു.