മുംബൈ: ബൈക്കുള ജയിലിൽ മരിച്ചനിലയിൽ കണ്ടെത്തിയ തടവുകാരിയെ ജയിൽ ജീവനക്കാർ വലിച്ചിഴയ്ക്കുന്നതു കണ്ടെന്ന് ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖർജി കോടതിയിൽ മൊഴി നൽകി. ഇതോടെ കേസിൽ പുതിയ വഴിത്തിരിവായിരിക്കുകയാണ്. മുംബൈയിലെ ബൈക്കുല വനിത ജയിൽ മഞ്ജുള എന്ന തടവുകാരി കൊല്ലപ്പെട്ടത് വനിതാ പൊലീസുകാരുടെ കൊടിയ പീഡനങ്ങൾക്കൊടുവിൽ ആണെന്ന് നേരത്തെ വ്യക്്തമായിരുന്നു. ഇതിനെ സാധൂകരിക്കുന്ന മൊഴിയാണ് ഇന്ദ്രാണി നൽകിയിരിക്കുന്നത്.

പതിവ് റേഷനിലെ രണ്ട് മുട്ടയും അഞ്ച് കഷ്ണം ബ്രഡും കുറഞ്ഞത് ചോദ്യം ചെയ്തതാണ് വനിതാ പൊലീസുകാരെ ചൊടിപ്പിച്ചത്. ഇതേത്തുടർന്ന് പീഡിപ്പിച്ച് തടവുകാരിയെ കൊല്ലുകയായിരുന്നു ജയിൽ ജീവനക്കാർ. ജനനേന്ദ്രിയത്തിൽ ലാത്തി കയറ്റിയെന്നും നഗ്‌നയാക്കി മർദ്ദിച്ചെന്നും സ്ഥിരീകരിക്കുന്ന പ്രഥമ വിവര റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ചിരുന്നു. വലിച്ചിഴച്ചുകൊണ്ടുപോയ തടവുകാരി മഞ്ജുള മണിക്കൂറുകൾ മരിച്ചു.

മഞ്ജുളയെ സാരി കഴുത്തിൽ ചുറ്റി വലിച്ചിഴച്ചാണു കൊണ്ടുപോയതെന്നും ഇന്ദ്രാണി മുംബൈ കോടതിയിൽ അറിയിച്ചു. തന്നെ പാർപ്പിച്ചിരിക്കുന്ന തടവറയിൽനിന്നാണ് അതു കണ്ടതെന്നും ഇന്ദ്രാണി വ്യക്തമാക്കി. താനുൾപ്പെടുന്ന വനിതാ തടവുകാരെ പുരുഷ ഓഫിസർമാർ മർദിച്ചെന്നും ഇന്ദ്രാണി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്ദ്രാണിയെ പരിശോധനയ്ക്കു വിധേയമാക്കാൻ കോടതി ഉത്തരവിട്ടു. മകളായ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടുവർഷമായി ഇന്ദ്രാണി മുഖർജി തടവ് അനുഭവിക്കുന്നത്.

മഞ്ജുളയുടെ മരണത്തെത്തുടർന്ന് പ്രതിഷേധിക്കാനായി ഇന്ദ്രാണി ഉൾപ്പെടെ 200 വനിതാ തടവുകാർ ജയിലിന്റെ മേൽക്കൂരയിൽ കയറിയിരുന്നു. സംഭവത്തെത്തുടർന്ന് ആറ് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇതിൽ ഒരാളുടെമേൽ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. തടവുകാർക്കുള്ള ഭക്ഷണം സംബന്ധിച്ച പരാതിയാണ് മഞ്ജുളയ്ക്കുനേരെ ജയിൽ അധികൃതർ തിരിയാൻ കാരണം.

ജൂൺ 23ന് രാവിലെ ഒമ്പതു മണിയോടെ ആണ് സംഭവങ്ങളുടെ തുടക്കം. നല്ല പെരുമാറ്റം മൂലം 38കാരിയായ മഞ്ജുളയ്ക്ക് ബാരക്കിന്റെ വാർഡനായി ചുമതല നൽകിയിരുന്നു. റേഷൻ കുറഞ്ഞതിനേക്കുറിച്ച് പരാതി നൽകിയതിന് ശേഷം മഞ്ജുളയെ ജയിൽ ഓഫീസർ മനീഷ പൊഖാർകർ തന്റെ സ്വകാര്യ മുറിയിലേക്ക് വിളിപ്പിച്ചതായി സാക്ഷിമൊഴികൾ വ്യക്തമാക്കുന്നു. മുറിയിൽ നിന്ന് മഞ്ജുളയുടെ കരച്ചിൽ കേട്ടെന്നും സാക്ഷിമൊഴിയിൽ പറയുന്നുണ്ട്.

തിരിച്ച് ബാരക്കിലെത്തിയ മഞ്ജുള വേദനകൊണ്ട് പുളയുകയായിരുന്നു. കുറച്ച് കഴിഞ്ഞ് സെല്ലിലേക്ക് പൊലീസുകാരെത്തി. മഞ്ജുളയെ നഗ്‌നയാക്കി വീണ്ടും മർദ്ദനം ആരംഭിച്ചു. മഞ്ജുളയുടെ ജനനേന്ദ്രിയത്തിൽ ലാത്തി കയറ്റി. ബിന്ദു നായ്കഡെ, വസീമ ഷെയ്ഖ്, ശീതൾ ഷെഗോൺകർ, സുരേഖ ഗുൽവെ, ആരതി ഷിങ്‌നെ എന്നിവരാണ് കൃത്യം നടത്തിയതെന്നാണ് സാക്ഷിമൊഴികൾ. ചോരയിൽ കുളിച്ച് ബോധമറ്റു കിടന്ന മഞ്ജുളയെ ആദ്യം അധികൃതർ തിരിഞ്ഞുനോക്കിയില്ല.

പിന്നീട് ജയിൽ ഡോക്ടർ എത്തി ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുക ആയിരുന്നു. പിന്നീട് ജെജെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മഞ്ജുള ചികിത്സയിലിരിക്കെ മരിച്ചു. മഞ്ജുളയുടെ ശരീരത്തിൽ 13-ഓളം ഇടങ്ങളിൽ പരുക്കേറ്റിരുന്നെന്നും ശ്വാസകോശത്തിന് തകരാർ സംഭവിച്ചെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കൊലപാതകത്തെ തുടർന്ന് ജയിലിൽ കലാപമുണ്ടായിരുന്നു. ഷീനാ ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖർജിയുൾപെടെ 200 പേർക്കെതിരെ കലാപം നടത്തിയതിന് കേസും എടുത്തിട്ടുണ്ട്.