- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പ്യൂട്ടർ സയൻസിൽ ബിരുദം; ഐടിയിൽ കേരളത്തിന് പുറത്ത് ഉന്നത വിദ്യാഭ്യാസം; കോൺഗ്രസുകാരുടെ 'വാസു അണ്ണന്റെ' മകൾ എല്ലാ അറിവും ഉപയോഗിച്ചത് തട്ടിപ്പിനും; ആദ്യ കേസിന് ശേഷം ഷാരോണിനെ ജീവിത പങ്കാളിയാക്കി; തട്ടിപ്പിൽ കവലൂരിലെ കൊലക്കേസ് പ്രതിക്കും പങ്ക്; ഇന്ദുവിന്റെ പണം തട്ടൽ ഞെട്ടിക്കുന്നത്
ചേർത്തല: ജോലി വാഗ്ദാനംചെയ്ത് ഒരുകോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി ഇന്ദുവിന്റെ ഭർത്താവ് ഷാരോണും പ്രതി. ഇന്ദുവിനെ ചോദ്യംചെയ്ത് പണമിടപാടുകൾ പരിശോധിച്ചശേഷമാണ് കലവൂർ സ്വദേശിയായ ഷാരോണിനും തട്ടിപ്പിൽ പങ്കുണ്ടെന്നു കണ്ടെത്തിയതെന്നാണു സൂചന. ഇതോടെ തട്ടിപ്പുനടത്തിയവരുടെ എണ്ണം മൂന്നാകും.
കംപ്യൂട്ടർ സയൻസിൽ ബിരുദംനേടിയ ഇന്ദു, കേരളത്തിനു പുറത്തും ഐ.ടി.യിൽ പഠനം നടത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ കത്തുകൾ ഉൾപ്പെടെയുള്ളവ വ്യാജമായി കംപ്യൂട്ടറിൽ തയ്യാറാക്കിയിരുന്നു. ഇതിനായി ഉപയോഗിച്ച കംപ്യൂട്ടർ ഇതുവരെ കണ്ടെത്താനായില്ല. കോൺഗ്രസ് കുടുംബമായിരുന്നു ഇന്ദുവിന്റേത്. ഇന്ദുവിന്റെ അച്ഛൻ വാസുദേവൻ നായർ മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വിശ്വസ്തനാണ്. അടുത്ത ബന്ധുവും. ശിവകുമാറിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വന്നതും വാസുവണ്ണൻ എന്ന് കോൺഗ്രസുകാർ വിളിക്കുന്ന വാസുദേവനാണ്. മന്ത്രിയായിരുന്നപ്പോൾ ശിവകുമാറിന്റെ പിഎ ആയിരുന്നു. മകളുമായി വാസുദേവൻ അകൽച്ചയിലാണ്.
മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ ആദ്യ തട്ടിപ്പ് പിടിച്ചതോടെ തന്നെ കുടുംബം ഇന്ദുവിനെ കൈവിട്ടിരുന്നു. ഏറെ കാലം ഒളിവിലും കഴിഞ്ഞു. ഈ കേസിൽ ഒത്തുതീർപ്പ് നേടിയാണ് വീണ്ടും പുറത്തേക്ക് എത്തിയത്. അതിന് ശേഷമാണ് ഷാരോണിനെ വിവാഹം ചെയ്തതെന്നാണ് സൂചന. പിന്നീടും തട്ടിപ്പ് തന്നെ ഇന്ദു തുടർന്നു. ഇന്ദു നായരും ഇന്ദു മേനോനും എന്നൊക്കെ അറിയപ്പെട്ടിരുന്നവർ ഇന്ദു ഷാരോണും സാറയുമായി. പിന്നീട് ആലപ്പുഴ കേന്ദ്രീകരിച്ച് തട്ടിപ്പും നടത്തി. ഇതാണ് ഇപ്പോൾ കേസാകുന്നത്.
കോൺഗ്രസ് കുടുംബത്തിലെ അംഗമായ ഇന്ദു പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇടതുപക്ഷത്തേക്ക് ചാഞ്ഞിരുന്നു. ബിജെപി നേതാക്കളുമായും അടുപ്പമുണ്ടായിരുന്നു. ഫെയ്‌സ് ബുക്കിലും മറ്റും ഇടത് പ്രചരണവുമായി നിറയുമ്പോഴായിരുന്നു ആദ്യ കേസും വിവാദവും ഉണ്ടാകുന്നത്. അന്ന് രാഷ്ട്രീയ സൗഹൃദങ്ങൾ കാരണം അറസ്റ്റിലേക്ക് പോകാതെ നോക്കാൻ ഇന്ദുവിനായിരുന്നു. എന്നാൽ ആലപ്പുഴയിലെ തട്ടിപ്പിൽ അതിനുള്ള അവസരം പൊലീസ് നൽകിയില്ല.
കസ്റ്റഡിയിൽ വാങ്ങിയ ഒന്നാംപ്രതി ഇന്ദുവുമായി ചൊവ്വാഴ്ച തിരുവനന്തപുരത്ത് പൊലീസ് തെളിവെടുത്തു. ആലപ്പുഴ കലവൂർ സ്വദേശി ഷാരോണിനെയാണ് കേസിൽ പുതുതായി പ്രതിയാക്കിയത്. യുവതിയെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെയും പണമിടപാട് രേഖകളുടെയും അടിസ്ഥാനത്തിലാണ് നടപടി. തട്ടിപ്പിൽ ഇയാളുടെ പങ്കിന് വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചു. ഇന്ദുവിന്റെയും ഷാരോണിന്റെയും പേരിലെ സംയുക്ത അക്കൗണ്ടിലേക്കാണ് ഇരകളിൽ പലരും ലക്ഷങ്ങൾ കൈമാറിയത്. ഇന്ദുവിനെ തള്ളിപ്പറഞ്ഞ ഷാരോൺ തട്ടിപ്പിൽ ബന്ധമില്ലെന്നാണ് നേരത്തെ നൽകിയ മൊഴി.
ഒന്നാംപ്രതി ഇന്ദു(സാറ-35), ഇടനിലക്കാരനായ ചേർത്തല സ്വദേശി ശ്രീകുമാർ (53) എന്നിവരെ ചേർത്തല പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇന്ദുവിനെ തിങ്കളാഴ്ചയാണ് കോടതി കസ്റ്റഡിയിൽവിട്ടത്. കലവൂരിലെ കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണ് ഇന്ദുവിന്റെ ഭർത്താവ് ഷാരോൺ. ഇന്ദുവിനെ ബുധനാഴ്ച ആലപ്പുഴയിൽ വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുത്തേക്കും. പൊതുമേഖല സ്ഥാപനങ്ങളിലും സർക്കാർ എയ്ഡഡ് സ്‌കൂളുകളിലും ജോലി വാഗ്ദാനംചെയ്താണ് ഇവർ സംസ്ഥാനവ്യാപക തട്ടിപ്പ് നടത്തിയത്. 38 പേരിൽനിന്ന് മൂന്ന് മുതൽ 8.5 ലക്ഷംവരെ തട്ടിയതായാണ് മൊഴി.
ഇന്ദുവിനെ ചൊവ്വാഴ്ച തിരുവനന്തപുരം മ്യൂസിയം, നെയ്യാറ്റിൻകര സ്റ്റേഷനുകളിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ബുധനാഴ്ച ആലപ്പുഴയിൽ തെളിവെടുക്കും. കലവൂരിൽ ആർ.എസ്.എസ്. പ്രാദേശികനേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഷാരോൺ. 38 പേരിൽനിന്നായി മൂന്നുമുതൽ 8.5 ലക്ഷം രൂപവരെ വാങ്ങിയതായാണ് മൊഴി. ഇടനിലക്കാരനായിരുന്ന ശ്രീകുമാർ ഇന്ദുവിനെതിരേ നൽകിയ പരാതിയെത്തുടർന്നാണ് ഇവർ പിടിയിലായത്.
മറുനാടന് മലയാളി ബ്യൂറോ